മലപ്പുറം പോത്തുകല്ല്, ആനക്കല്‍ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് ഉഗ്രശബ്ദം; ആളുകളെ പ്രദേശത്ത് നിന്ന് മാറ്റി

മലപ്പുറം പോത്തുകല്ല് ആനക്കല്‍ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ നിന്നും സ്ഫോടന ശബ്ദം. ഒരു കിലോമീറ്റർ അകലെ വരെ ശബ്ദം ഉണ്ടായതായി നാട്ടുകാർ പറയുന്നു.രാത്രി 9 മണിയോടെയാണ് ആദ്യ ശബ്ദം കേട്ടത്. ഇതോടെ പരിഭ്രാന്തരായ നാട്ടുകാർ വീട്ടില്‍ നിന്നും പുറത്തിറങ്ങി. 9.10ന് ആദ്യ സ്ഫോടന ശബ്ദം ഉണ്ടായതിന് പിന്നാലെ നാട്ടുകാർ മുന്നറിയിപ്പ് നല്‍കുന്നതിനിടയാണ് പത്തേ മുക്കാലിന് രണ്ടാമത്തെ സ്ഫോടന ശബ്ദവും വിറയലും ഉണ്ടായത്.സംഭവത്തില്‍ ചില വീടുകള്‍ക്കും ഭൂമിയിലും വിള്ളലുണ്ടായതായി സൂചന. ഭൂമികുലുക്കം പോലെ അനുഭവപ്പെട്ടു എന്നാണ് നാട്ടുകാർ പറയുന്നത്. കവളപ്പാറ ദുരന്തത്തില്‍പ്പെട്ട ആദിവാസി കുടുംബങ്ങളെ മാറ്റി പാർപ്പിച്ച മേഖലയിലാണ് ഉഗ്രശബ്ദവും വിറയലും അനുഭവപ്പെട്ടത്.പ്രദേശത്തുനിന്ന് ആളുകളെ പഞ്ചായത്ത് അധികൃതർ മാറ്റിപ്പാർപ്പിച്ചു. വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്ന് കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി റിപ്പോർട്ട് ചെയ്യുന്നു.പഞ്ചായത്ത് ഭരണസമിതിയും പോലീസും എത്തിയാണ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത്. നേരത്തെ ഭൂമിക്കടിയില്‍ ഉഗ്രശബ്ദം കേട്ടു എന്ന വിവരത്തെ തുടർന്ന് ജിയോളജി ഉദ്യോഗസ്ഥർ വന്ന് പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന ജിയോളജി ഉദ്യോഗസ്ഥരുടെ അറിയിപ്പിന് ശേഷമാണ് വീണ്ടും സ്ഫോടന ശബ്ദവും വിറയലും ഉണ്ടായത്.

Sharing

Leave your comment

Your email address will not be published. Required fields are marked *