
അന്യസംസ്ഥാന തൊഴിലാളികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ ടെറസില്‍ ചാക്കുകളില്‍ നട്ടു വളര്‍ത്തിയ കഞ്ചാവ് ചെടികള്‍;
തിരുവനന്തപുരം: പഞ്ചായത്ത് ജീവനക്കാരുടെ പരാതിയില്‍ പരിശോധന നടത്തിയ പോലീസ് കണ്ടെത്തിയത് വീട്ടില്‍ നട്ടുവളർത്തിയ കഞ്ചാവ് ചെടികള്‍.തിരുവനന്തപുരം പോത്തൻകോട് ഇതര സംസ്ഥാന തൊഴിലാളികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ചെടികള്‍ കണ്ടെത്തിയത്.ടെറസില്‍ ചാക്കുകളില്‍ നട്ടു വളർത്തിയ രണ്ടു കഞ്ചാവു ചെടികളാണ് അപ്രതീക്ഷിതമായി ഇവിടെ എത്തിയ പഞ്ചായത്ത് ജീവനക്കാർ കാണാനിടയായത്. തുടർന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.പോത്തൻകോട് ഇടത്താട്ട് പതിപ്പള്ളിക്കോണം സോഫിയാ ഹൗസ് എന്ന വീട്ടിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. ഈ വീട്ടില്‍ കക്കൂസ് മാലിന്യം നിറഞ്ഞൊഴുകിയതിനെ തുടർന്ന് സമീപവാസി പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു.തുടർന്നാണ് വാടക വീട്ടില്‍ പരിശോധിക്കായ് പഞ്ചായത്തില്‍ നിന്നുള്ള രണ്ട് ജീവനക്കാർ എത്തിയത്. ശേഷം, ടെറസില്‍ രണ്ടു ചാക്കുകളിലായി കഞ്ചാവ് ചെടികള്‍ ഇവർ കണ്ടെത്തുകയായിരുന്നു.തുടർന്ന് പഞ്ചായത്ത് ജീവനക്കാർ പോത്തൻകോട് പോലീസില്‍ വിവരമറിയിച്ചു. പോലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി കഞ്ചാവ് ചെടികള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടുമെന്ന് പോത്തൻകോട് പോലീസ് അറിയിച്ചു.