പശ്ചിമേഷ്യയില്‍ സംഘര്‍ഷം അതിരൂക്ഷം ; വന്‍ ആക്രമണ പദ്ധതികള്‍ തയ്യാറാക്കി ഹൂതികള്‍
വന്‍ ആക്രമണ പദ്ധതി തയ്യാറാക്കി യെമനിലെ സായുധ ഗ്രൂപ്പ് ഹൂതികള്‍. ഇറാനില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഹൂതികളുടെ ആക്രമണ പദ്ധതിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.പശ്ചിമേഷ്യയില്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നതി നിടെയാണ് മിലിട്ടറി ഡ്രില്‍ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഹൂതികള്‍ പുറത്തുവിട്ടിരിക്കുന്നത്. ഈ ദൃശ്യങ്ങള്‍ ഇസ്രയേലിനും ഇസ്രയേലിനെ പിന്തുണയ്ക്കുന്നവര്‍ക്കുമുള്ള മുന്നറിയിപ്പാണെന്നു വ്യക്തം.യമന്‍ അധിനിവേശത്തിന് സാധ്യതയുണ്ടെന്നും അതാണ് മിലിട്ടറി ഡ്രില്‍ നടത്താന്‍ പ്രേരണയായതെന്നും ഹൂതികള്‍ വിശദീകരിക്കുന്നു. വീഡിയോയില്‍ ഹൂതികള്‍ മിസൈല്‍, സൈനിക ശക്തി ഉയര്‍ത്തിക്കാട്ടുകയും ചെയ്തിട്ടുണ്ട്. ചെങ്കടലിലും അറബിക്കടലിലും ഉള്‍പ്പെടെ കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്തിയ ഹൂതികള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി നിശബ്ദരായിരുന്നു. ഒക്ടോബര്‍ 26 ന് ഇസ്രയേല്‍ ഇറാനെ ആക്രമിച്ചതാണ് ഹൂതികളെ പ്രകോപിപ്പിച്ചത് എന്നു വ്യക്തമാണ്.ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടങ്ങിയ ശേഷം ഹമാസിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ നവംബര്‍ മുതലാണ് ഹൂതികള്‍ ചെങ്കടലില്‍ ചരക്കു കപ്പലുകള്‍ക്കെതിരേ ആക്രമണം തുടങ്ങിയത്.മാര്‍ച്ച് രണ്ടിന് ബ്രിട്ടന്റെ ഉടമസ്ഥതയിലുള്ള റൂബിമാറായിരുന്നു ഹൂതികള്‍ മുക്കിയ ആദ്യ കപ്പല്‍. ഇതിന് പിന്നാലെ എം.വി ട്യൂട്ടറിനെതിരേയും ആക്രമണമുണ്ടായത്.നവംബര്‍ 19 ന് ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള ജപ്പാന്‍ കമ്ബനിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഗാലക്‌സി ലീഡര്‍ കപ്പല്‍ ഹൂതികള്‍ പിടിച്ചടക്കുകയും ജീവനക്കാരെ ബന്ധികളാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് കപ്പലുകള്‍ക്ക് നേരേയും ഹൂതികള്‍ ആക്രമണം തുടങ്ങിയത്. പ്രതിരോധമെന്ന രീതിയില്‍ അന്താരാഷ്ട്ര നാവികസേനകളെ ചെങ്കടലില്‍ നിയോഗിച്ചെങ്കിലും ഹൂതികള്‍ ആക്രമണങ്ങള്‍ തുടര്‍ന്നു.യൂറോപ്പിലേക്കും ഏഷ്യയിലേക്കും വരുന്ന എല്ലാ തരത്തിലുള്ള വ്യാപാരവും മുന്നോട്ടുകൊണ്ടുപോകുന്ന കപ്പലുകള്‍ സൂയസ് കനാലിലൂടെ പ്രവേശിച്ച് ചെങ്കടല്‍ വഴി ബാബല്‍ അല്‍ മാന്‍ഡബിലെത്തി വേണം അറബിക്കടലിലേക്ക് കടക്കാന്‍. അതായത് ലോകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര റൂട്ടിനടുത്താണ് യെമനും യെമന്റെ ഭൂരിഭാഗം പ്രദേശവും നിയന്ത്രണത്തിലാക്കിയിരിക്കുന്ന ഹൂതികളുമുള്ളത്.
നവംബറില്‍ ഹൂതികള്‍ ഗാലക്‌സി കപ്പല്‍ പിടിച്ചടക്കിയതിന് പിന്നാലെ ഇതുവരെ ചെങ്കടല്‍ വഴിയുള്ള 66 ശതമാനം കപ്പലുകളും യാത്ര ഉപേക്ഷിച്ചതായതാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പകരം തെക്കന്‍ ആഫ്രിക്ക വഴിയുള്ള വ്യാപാരപാതയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇത് താരതമ്യേന ചെലവ് കൂടിയതും ഇന്ധനക്ഷമതയില്‍ 40 ശതമാനം വര്‍ധനവുണ്ടാക്കുന്നതുമാണ്. മാത്രമല്ല പത്ത് ദിവസത്തോളം അധികസമയവുമെടുക്കും. 53 ശതമാനത്തോളം നിര്‍മാതാക്കളേയും ചെറുകിട സംരഭകരേയും ചെങ്കടല്‍ പ്രതിസന്ധി ബാധിച്ചിട്ടുണ്ടെന്നാണ് ബ്രിട്ടീഷ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഫെബ്രുവരില്‍ പുറത്തുവിട്ട സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നത്.യെമനിലെ ഷിയ മുസ്ലീം വിഭാഗത്തില്‍ പെടുന്ന ഹൂതികള്‍ക്ക് പ്രാദേശിക സഖ്യത്തില്‍ തുടങ്ങി സായുധസേനയായി മാറി ഒടുവില്‍ രാജ്യം തന്നെ കൈപ്പിടിയില്‍ ഒതുക്കിയ സങ്കീര്‍ണ ചരിത്രം പറയാനുണ്ട്. ഷിയ വിഭാഗത്തില്‍ പെട്ട സൈദി വംശജരാണ് ഇവരുടെ പൂര്‍വികര്‍.അറബ് മേഖലയിലുണ്ടാവുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം അമേരിക്കയും ഇസ്രായേലുമാണെന്നും ഇവര്‍ക്കെതിരേ പ്രവര്‍ത്തിക്കുക എന്നതുമായിരുന്നു ഹൂതികളുടെ പ്രധാന ലക്ഷ്യം. ഇതിനിടെ യെമനിന്റെ അധികാരം പിടിച്ചെടുക്കാനായി ആഭ്യന്തര സംഘര്‍ഷത്തിലേക്കും പോയി.ലെബനീസ് ഷിയ സംഘടനയായ ഹിസ്ബുള്ളയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ദൈവമാണ് ഏറ്റവും ശക്തന്‍, അമേരിക്കയുടെ മരണം, ഇസ്രയേലിന്റെ മരണം, ജൂതന് മേലുള്ള ശാപം, ഇസ്ലാമിന്റെ വിജയം-എന്നത് തങ്ങളുടെ മുദ്രാവാക്യമായി ഹൂതികള്‍ ഔദ്യോഗികമായി സ്വീകരിക്കുകയും ചെയ്തു. അന്നുമുതല്‍ പാശ്ചാത്യ രാജ്യങ്ങളുടെ കണ്ണിലെ കരടാണ് ഹൂതികള്‍.