കാശ്മീരില്‍ സൈനിക വാഹനത്തിനു നേരെ ഭീകരാക്രമണം; ഒരു ഭീകരനെ വധിച്ച് സൈന്യം, ഭീകരര്‍ വെടിയുതിര്‍ത്തത് 15 തവണ;
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും സൈനികര്‍ക്കു നേരെ ഭീകരാക്രമണം. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അഖ്‌നൂര്‍ മേഖലയില്‍ സൈനിക വാഹനത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്.15 തവണയാണ് ഭീകരർ സൈനികവാഹനത്തിന് നേരെ വെടിയുതിർത്തത്. വെടിവയ്പില്‍ ആംബുലന്‍സിന്റെ ചില്ലുകള്‍ തകര്‍ന്നു. മൂന്ന് ഭീകരരാണ് വെടിയുതിര്‍ത്തത്.വെടിവയ്പിനുശേഷം വനമേഖലയിലേക്ക് കടന്ന ഭീകരരില്‍ ഒരാളെ സൈന്യം വധിച്ചു. മറ്റ് രണ്ട് ഭീകരര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ സൈനികര്‍ക്കു നേരെയുണ്ടാകുന്ന അഞ്ചാമത്തെ ആക്രമണമാണ് ഇത്. ആക്രമണത്തിന് പിന്നാലെ സൈന്യം പ്രദേശത്ത് പരിശോധന നടത്തുകയാണ്. മേഖല വളഞ്ഞ സൈന്യം ഭീകരരെ പിടികൂടിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.ഈ കഴിഞ്ഞ ഒക്ടോബർ 24നും ജമ്മുകശ്മീരിലെ ഗുല്‍മാർഗില്‍ സൈനിക വാഹനത്തിനുനേരെ ആക്രമണമുണ്ടായിരുന്നു. സംഭവത്തില്‍ രണ്ട് സൈനികർക്ക് വീരമൃത്യുവരിക്കുകയും രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.