നാലായിരത്തി ഇരുനൂറു ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന മഹാകുംഭമേള പ്രദേശം മുഴുവൻ “സീറോ സ്‌ട്രേ അനിമല്‍ സോണ്‍”; മുൻകരുതല്‍ പദ്ധതി പ്രഖ്യാപിച്ച് യു പി സര്‍ക്കാര്‍
പ്രയാഗ് രാജ് : ഇത്തവണത്തെ മഹാകുംഭമേളയില്‍ 4,200 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന മേള പ്രദേശം മുഴുവൻ “സീറോ സ്‌ട്രേ അനിമല്‍ സോണ്‍” പ്രഖ്യാപിച്ചു.ലോകത്തിലെ ഏറ്റവും വലിയ മതപരവും ആത്മീയവുമായ സമ്മേളനമായ മഹാകുംഭമേളയില്‍ എത്തിച്ചേരുന്ന കോടിക്കണക്കിന് ഭക്തർക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടാകാതിരിക്കാനാണ് കുംഭമേള പ്രദേശം മുഴുവനും ഒരു “സീറോ സ്‌ട്രേ അനിമല്‍ സോണ്‍” ആക്കാനുള്ള സമഗ്രമായ പദ്ധതി യു പി സർക്കാർ പ്രഖ്യാപിച്ചത്.കുംഭമേളയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു ഉദ്യമം. ഇതിന്റെ ഭാഗമായി വലുതും ചെറുതുമായ എല്ലാ തെരുവ് മൃഗങ്ങളെയും ഗ്രൗണ്ടില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും നീക്കം ചെയ്യും. ദശലക്ഷക്കണക്കിന് തീർഥാടകർക്ക് സുരക്ഷിതവും തടസ്സമില്ലാത്തതുമായ അനുഭവം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ പ്രയാഗ്‌രാജ് മുനിസിപ്പല്‍ കോർപ്പറേഷൻ ഊർജിതമാക്കി. ഈ കാലയളവില്‍ കറവയുള്ള മൃഗങ്ങളൊന്നും തെരുവില്‍ അവശേഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ കന്നുകാലി ഉടമകള്‍ക്ക് വ്യക്തമായ നിർദ്ദേശം നല്‍കി.നായ്‌ക്കള്‍, പൂച്ചകള്‍ തുടങ്ങിയ മൃഗങ്ങള്‍ക്കായി അഞ്ച് താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ നിർമ്മിച്ചിട്ടുണ്ട്. ഈ സൗകര്യങ്ങളിലൂടെ കുംഭമേളയിലുടനീളം മൃഗങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ലഭ്യമാക്കുമെന്ന് അധികൃതർ പറഞ്ഞു.സഞ്ചാരം സുഗമമാക്കുന്നതിനും സുരക്ഷ നിലനിർത്തുന്നതിനുമായി മഹാകുംഭിലേക്കുള്ള പ്രധാന പാതകള്‍ തെരുവ് മൃഗങ്ങളില്‍ നിന്ന് മുക്തമായിരിക്കും.നദീതീരത്തുള്ള ഡയറി നടത്തിപ്പുകാരോട് അവരുടെ മൃഗങ്ങളെ മാറ്റിപ്പാർപ്പിക്കാനും പ്രയാഗ്‌രാജ് മുനിസിപ്പല്‍ കോർപ്പറേഷൻ നിർദ്ദേശിച്ചിട്ടുണ്ട്. പാലിക്കാത്ത ഡയറികള്‍ അടിയന്തര നടപടി നേരിടും. അഞ്ചെണ്ണം ഇതിനകം നീക്കം ചെയ്തതായും അധികൃതർ അറിയിച്ചു.ഈ കാര്യങ്ങള്‍ ഉറപ്പാക്കാനും വലുതും ചെറുതുമായ മൃഗങ്ങളെ നീക്കം ചെയ്യുന്നതിനും മൊത്തം 12 സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. മഹാകുംഭമേള എല്ലാവർക്കും സുരക്ഷിതമായ അനുഭവമായിരിക്കുമെന്ന് ഉറപ്പാക്കാനായി ഈ പ്രവർത്തനം 2025 ജനുവരി 1 മുതല്‍ മാർച്ച് 31 വരെ പ്രാബല്യത്തില്‍ ഉണ്ടായിരിക്കും.