അൻമോല്‍ ബിഷ്ണോയിയെ പിടികൂടുന്നയാള്‍ക്ക് 10 ലക്ഷംരൂപ പാരിതോഷികം പ്രഖ്യാപിച്ച് എൻ.ഐ.എ;
ന്യൂഡല്‍ഹി: കുപ്രസിദ്ധ അധോലോകനേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോല്‍ ബിഷ്ണോയിയുടെ പേരും പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ചേർത്ത് നാഷണല്‍ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ).അൻമോല്‍ ബിഷ്ണോയിയെ പിടികൂടുന്നയാള്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികമായി നല്‍കുമെന്നും എൻ.ഐ.എ. പ്രഖ്യാപിച്ചിട്ടുണ്ട്.ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ബോളിവുഡ് താരം സല്‍മാൻ ഖാന്റെ മുംബൈയിലെ വീടിനുനേരെയുണ്ടായ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ടാണ് അൻമോല്‍ ബിഷ്ണോയിയെ പിടികൂടാൻ എൻ.ഐ.എ. ശ്രമിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് ബിഷ്ണോയ് ഗ്യാങ്ങിലെ അഞ്ചുപേരെ മുംബൈ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.ഈ അറസ്റ്റിന് പിന്നാലെയാണ് ജൂണ്‍ മാസത്തില്‍ നവി മുംബൈയിലെ ഫാം ഹൗസില്‍ വെച്ച് സല്‍മാൻ ഖാനെ അപായപ്പെടുത്താൻ ബിഷ്ണോയ് ഗ്യാങ് പദ്ധതിയിട്ടതായി കണ്ടെത്തിയത്. മഹാരാഷ്ട്ര മുൻമന്ത്രിയും എൻ.സി.പി. നേതാവുമായ ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസിലും അൻമോല്‍ ബിഷ്ണോയിക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.ലോറൻസ് ബിഷ്ണോയിയുടെ സംഘമാണ് ഏപ്രില്‍ മാസത്തില്‍ സല്‍മാൻ ഖാന്റെ വസതിക്ക് നേരേ വെടിവെപ്പ് നടത്തിയത്. ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോല്‍ ബിഷ്ണോയിയായിരുന്നു ഈ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയത്. അൻമോല്‍ ബിഷ്ണോയി ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഇക്കാര്യം സ്ഥിരീകരിച്ചത്.അതേസമയം സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത അൻമോല്‍ ബിഷ്ണോയി നിലവില്‍ കാനഡയില്‍ ഒളിവിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. പഞ്ചാബി ഗായകൻ സിദ്ദു മൂസ്വാവാലയെ കൊലപ്പെടുത്തിയ കേസ് ഉള്‍പ്പെടെ 18-ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. 2021-ല്‍ ജോധ്പുർ ജയിലില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ അൻമോല്‍ കാനഡയിലേക്ക് കടന്നതായാണ് സൂചന.