ബിൻ ലാദന്റെ പഴയ വീടിന് മുകളില്‍ ‘ഭീകര ഫാക്ടറി’; സുരക്ഷയൊരുക്കി പാക് സൈന്യം; ആയുധ പരിശീലനത്തിന് ആര്‍മി ഓഫീസര്‍

ന്യൂഡല്‍ഹി: പാക് ആർമി ബേസില്‍ നിരോധിത ഭീകര സംഘടനകളുടെ പരിശീലന ക്യാമ്ബ് പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. ലഷ്‌കർ-ഇ-തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീൻ , ജെയ്‌ഷെ മുഹമ്മദ് എന്നിവർ സംയുക്തമായാണ് അബോട്ടാബാദിലെ സൈനിക ക്യാമ്ബില്‍ പരിശീലനം നടത്തുന്നത്.
സൈനികരുടെ സുരക്ഷ വലയത്തിനുള്ളില്‍ ആയതിനാല്‍ ക്യാമ്ബ് പൂർണ്ണമായും സുരക്ഷിതമാണെന്ന് വൃത്തങ്ങള്‍ പറഞ്ഞു. പാക് ചാരസംഘടനയായ ഐഎസ്‌ഐ പൂർണ്ണ പിന്തുണയുമായി കൂടെയുണ്ട്. ഐഎസ്‌ഐയിലെ ജനറല്‍ റാങ്കിലുള്ള ഓഫീസർക്കാണ് ക്യാമ്ബിന്റെ ചുമതല. യുവാക്കളും യുവതികളും ഇവിടെ ആയുധ പരിശീലനം നടത്തുന്നുണ്ടെന്നാണ് വിവരം.അബോട്ടാബാദിലെ ഒസാമ ബിൻ ലാദന്റെ വസതി സ്ഥിതി ചെയ്തിരുന്ന അതേ സ്ഥലത്താണ് ക്യാമ്ബ്. 2011 മെയ്യില്‍ അമേരിക്കൻ സൈന്യം ലാദനെ വധിച്ചത് ഇവിടെ വച്ചാണ്. തുടർന്ന് 2012ല്‍ പാകിസ്താൻ ഈ കെട്ടിടം തകർത്തിരുന്നു. ഇതിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് പുതിയ ഭീകര ഫാക്ടറി കെട്ടിപ്പൊക്കിയിരിക്കുന്നത്.ലഷ്‌കർ തലവൻ ഹാഫിസ് സയീദ്, ഹിസ്ബുള്‍ തലവൻ സയ്യിദ് സലാഹുദ്ദീൻ, ജെയ്‌ഷെ തലവൻ മസൂദ് അസ്ഹർ എന്നിവരുടെ നേതൃത്വത്തിലാണ് “ഭീകര ഫാക്ടറിയുടെ” പ്രവർത്തനം. മൂവരും എൻഐഎയുടെ ‘മോസ്റ്റ് വാണ്ടഡ് ‘പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്.ജമ്മുകശ്മീരില്‍ തുടര്‍ച്ചയായുണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നാലെയാണ് തീവ്രവാദ പരിശീലനകേന്ദ്രത്തെക്കുറിച്ചുള്ള സൂചനകള്‍ പുറത്ത് വന്നത്. ഞായറാഴ്ച ഗന്ദേര്‍ബാലില്‍ ഏഴുപേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരർ ഉപയോഗിച്ചത് അമേരിക്കൻ നിർമിത തോക്കുകളായിരുന്നു. ആയുധങ്ങള്‍ ഉപയോഗിക്കാൻ ഇവർക്ക് കൃത്യമായ പരിശീലനം ലഭിച്ചുവെന്നാണ് എൻഐഎയുടെ കണ്ടെത്തല്‍. പിന്നാലെയാണ് സൈനിക ക്യാമ്പിൽ നടക്കുന്ന ഭീകര പരിശീലനത്തെകുറിച്ച്‌ അത്യന്തം ഗൗരവകരമായ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.

Sharing

Leave your comment

Your email address will not be published. Required fields are marked *