ബുള്‍ഡോസര്‍ ഇറക്കിയെങ്കില്‍ ഇരകള്‍ വരട്ടെ -സുപ്രീംകോടതി

ന്യൂഡല്‍ഹി: വിലക്ക് ലംഘിച്ച്‌ ബുള്‍ഡോസറുകള്‍ ഇറക്കി കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തിയതിനെതിരെ സംഘടനകളല്ല, ഇരകളാണ് കേസുമായി വരേണ്ടതെന്ന് സുപ്രീംകോടതി.ഉത്തർപ്രദേശിലെ കാണ്‍പൂരിലും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും രാജസ്ഥാനിലെ ജയ്പൂരിലും സുപ്രീംകോടതി വിധി ധിക്കരിച്ച്‌ കുറ്റാരോപണത്തിനിരയായവരുടെ കെട്ടിടങ്ങള്‍ ബുള്‍ഡോസറുകള്‍ ഇറക്കി പൊളിച്ചതിനെതിരെ സമർപ്പിച്ച ഹരജിയിലാണ് നിർദേശം. ഹരജിയുമായെത്തിയ ദേശീയ മഹിളാ ഫെഡറേഷനോട് ‘പണ്ടോറയുടെ പെട്ടി’ തുറക്കാൻ തങ്ങളില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
പത്ര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ പരാതിയുമായെത്തിയ മൂന്നാം കക്ഷിയാണ് ദേശീയ മഹിള ഫെഡറേഷനെന്ന യു.പി സർക്കാറിന്റെ വാദം അംഗീകരിച്ചാണ് സുപ്രീംകോടതി ഉത്തരവ്. കേസിലെ നടപടി നേരിട്ടോ അല്ലാതെയോ ഹരജിക്കാരെ ബാധിക്കുന്നതല്ലെന്നും അതിനാല്‍ കേള്‍ക്കാൻ തയാറല്ലെന്നും ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.ഇരകളാക്കപ്പെട്ടവർ ജയിലിലാണെന്നും കോടതിയലക്ഷ്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് ചെയ്തതെന്നും ഫെഡറേഷൻ ബോധിപ്പിച്ചപ്പോള്‍ ഇരകളുടെ കുടുംബം വരട്ടെ എന്നായിരുന്നു ജസ്റ്റിസ് ഗവായിയുടെ മറുപടി. അല്ലെങ്കില്‍ ആ പ്രദേശത്തുനിന്നുള്ള ആരെങ്കിലും വരട്ടെ. ഹരിദ്വാറില്‍നിന്നുള്ള പൊതുതാല്‍പര്യ ഹരജിക്കാരൻ പറയുന്നതില്‍ അല്‍പം വസ്തുതയുണ്ട്. എന്നാല്‍, പത്ര റിപ്പോർട്ടുകള്‍ മാത്രം അടിസ്ഥാനമാക്കിയാല്‍ ‘പണ്ടോറയുടെ പെട്ടി’ തുറക്കുകയാകും ഫലമെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു. വളരെ പ്രയാസപ്പെട്ടാണ് ഇത്തരം വിവരങ്ങള്‍ മാധ്യമപ്രവർത്തകർ പുറത്തെത്തിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ ‘അവർ കോടതിയില്‍ വരട്ടെ തങ്ങള്‍ പരിശോധിക്കാ’മെന്ന് ജസ്റ്റിസ് ഗവായ് പറഞ്ഞു.

Sharing

Leave your comment

Your email address will not be published. Required fields are marked *