ലബനാനില്‍ അഞ്ച് ഇസ്രായേല്‍ സൈനികരെ കൂടി വധിച്ചു; 19 പേര്‍ക്ക് പരിക്ക്, നാലുപേര്‍ക്ക് ഗുരുതരം;
ബൈറൂത്ത്: ലബനാനില്‍ മനുഷ്യക്കുരുതിക്ക് ഇറങ്ങിയ അഞ്ച് ഇസ്രായേല്‍ അധിനിവേശ സേനാംഗങ്ങളെ കൂടി ഹിസ്ബുല്ല വധിച്ചു.ഇന്നലെ രാത്രി തെക്കൻ ലബനാനില്‍ നടന്ന ഏറ്റുമുട്ടലിലാണ് അഞ്ച് റിസർവ് സൈനികർ കൊല്ലപ്പെട്ടത്. 19 സൈനികർക്ക് പരിക്കേറ്റതായും ഐ.ഡി.എഫ് (ഇസ്രായേല്‍ ഡിഫൻസ് ഫോഴ്സ്) അറിയിച്ചു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബറ്റാലിയൻ ഡെപ്യൂട്ടി കമാൻഡർ മേജർ ഡാൻ മവോരി, ക്യാപ്റ്റൻ അലോണ്‍ സഫ്രായ്, വാറൻറ് ഓഫിസർ ഒമ്രി ലോട്ടൻ, വാറൻറ് ഓഫിസർ ഗയ് ഇഡാൻ, മാസ്റ്റർ സാർജൻറ് ടോം സെഗല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. എട്ടാമത് ആംഡ് ബ്രിഗേഡിന്റെ 89ാം ബറ്റാലിയൻ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച തെക്കൻ ലബനാനില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ നാലു പേർ 22 മുതല്‍ 42 വയസ്സ് വരെ പ്രായമുള്ള റിസർവിസ്റ്റുകളാണ്. ഇന്ന് രാവിലെയും തെക്കൻ ലെബനനില്‍ നടന്ന ഏറ്റുമുട്ടലിനിടെ രണ്ട് റിസർവിസ്റ്റ് സൈനികർക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഗുരുതര പരിക്കേറ്റ ആറ് സൈനികരെ ഇസ്രായേലിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ഐഡിഎഫ് അറിയിച്ചു.ലബനാനില്‍ കരയുദ്ധം ആരംഭിച്ചതുമുതല്‍ കടുത്ത തിരിച്ചടിയാണ് ഇസ്രായേല്‍ സേന നേരിടുന്നത്. തങ്ങളുടെ പോരാളികള്‍ 70-ലധികം ഇസ്രായേല്‍ സൈനികരെ വധിച്ചതായി ബുധനാഴ്ച ഹിസ്ബുല്ല അറിയിച്ചിരുന്നു. വടക്കൻ ഇസ്രായേലില്‍ ഹിസ്ബുല്ല ആക്രമണത്തില്‍ 30 ഓളം സൈനികരും കരയുദ്ധം ആരംഭിച്ച ശേഷം ലബനാനില്‍ 20 ഓളം സൈനികരും കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം ഇസ്രായേല്‍ സ്ഥിരീകരിച്ചിരുന്നു. ഒക്‌ടോബർ 7 ന് ശേഷം മൊത്തം 757 ഇസ്രായേല്‍ സൈനികർ കൊല്ലപ്പെട്ടതായാണ് ഐ.ഡി.എഫ് പറയുന്നത്.കഴിഞ്ഞ ദിവസം മുതിർന്ന ഇസ്രായേല്‍ സൈനിക കമാൻഡർ കേണല്‍ ഇഹ്സാൻ ദക്സ ഗസ്സയില്‍ കൊല്ലപ്പെട്ടിരുന്നു. 401ാം ബ്രിഗേഡ് കമാൻഡറായ അഹ്സൻ ദക്സ ജബാലിയയിലെ അഭയാർഥി ക്യാമ്ബിന് സമീപം ടാങ്കില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ സ്ഫോടനത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ഗസ്സയില്‍ ഇതുവരെ കൊല്ലപ്പെട്ടതില്‍ ഏറ്റവും മുതിർന്ന സൈനികോദ്യോഗസ്ഥനാണ് ഇഹ്സാൻ ദക്സ. ഈ വർഷം ജൂണിലാണ് ദക്സ 401ാം ബ്രിഗേഡ് കമാൻഡറായത്. 2006ലെ രണ്ടാം ലബനാൻ യുദ്ധത്തിലും പങ്കെടുത്തിരുന്നു. ഗസ്സയില്‍ ഏറ്റവും ക്രൂരമായ ഓപറേഷനുകള്‍ക്ക് നേതൃത്വം നല്‍കിയത് ദക്സയുടെ നേതൃത്വത്തില്‍ 401ാം ബ്രിഗേഡാണ്. ദക്സയുടെ മരണം ഇസ്രായേലിന് തീരാനഷ്ടമാണെന്ന് ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെർസോഗ് പറഞ്ഞു.