*വന്ദേ ഭാരതില്‍ കിടന്നുറങ്ങിപ്പോകാം;വിമാനത്തോട് കിടപിടിക്കുന്ന അത്യാധുനിക സൗകര്യങ്ങള്‍,ടിക്കറ്റ് തുക വെറും 2000 രൂപ;

സഞ്ചാരികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിന്റെ ചിത്രങ്ങള്‍ പുറത്ത്. വിമാനത്തോട് കിടപിടിക്കുന്ന അത്യാധുനിക സംവിധാനങ്ങളാണ് ട്രെയിനില്‍ ഒരുക്കിയിരിക്കുന്നത്.യൂറോപ്യൻ മാതൃകയിലാണ് പലതും സജ്ജീകരിച്ചിട്ടുള്ളത്.
16 കോച്ചുകളാണ് ട്രെയിനിന് ഉളളത്. ഇതില്‍ 11 എണ്ണം എസി ത്രീ ടയറാണ്. നാല് കോച്ചുകള്‍ എസി 2 ടയറും ഒരു കോച്ച്‌ ഫസ്റ്റ് ക്ലാസ് എസിയുമാണ്. ഓരോ കോച്ചുകളിലേയും സൗകര്യങ്ങള്‍ യാത്രക്കാരെ അത്ഭുതപ്പെടുത്തുമെന്ന കാര്യത്തില്‍ തർക്കമില്ല.കുഷ്യൻ സീറ്റുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഫസ്റ്റ് ക്ലാസ് എസി കോച്ചില്‍ സാധാരണ സ്ലീപ്പർ ട്രെയിനുകളെ പോലെ മുകളിലെ ബെർത്തിലേക്ക് വലിഞ്ഞ് കയറേണ്ട കാര്യമില്ല. ഇതിനായി പ്രത്യേകം പടികള്‍ തന്നെ സജ്ജമാക്കിയിട്ടുണ്ട്. ഇത് കൂടാതെ റീഡിങ് ലൈറ്റ്, മൊബൈല്‍, ലാപ്ടോപ്പ് ചാർജിങ് സംവിധാനങ്ങള്‍, ഭക്ഷണം കഴിക്കുന്നതിനായി പ്രത്യേകം ടേബിള്‍ എന്നിവയും ഉണ്ട്. ഓരോ കോച്ചിലും ഇന്റർകണക്ടിംഗ് വാതിലുകള്‍ ഉണ്ട്. പുറത്തേക്കുള്ളത് ഓട്ടോമാറ്റിക് ഡോറുകളാണ്.എത്ര ഉഗ്രൻ ട്രെയിനാണെന്ന് പറഞ്ഞാലും ഇന്ത്യൻ ട്രെയിനുകളില്‍ ഏറ്റവും കൂടുതല്‍ വിമർശനങ്ങള്‍ ഉയരാറുള്ളത് ടോയ്ലറ്റുകളെ സംബന്ധിച്ചാണ്. എന്നാല്‍ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിലെ ടോയ്ലെറ്റ് ഇതിനൊരു അപവാദമായിരിക്കും. കാരണം വിമാനങ്ങളില്‍ ഉള്ളത് പോലെ മോഡുലാർ ബയോ വാക്വം ടോയ്ലറ്റുകളാണ് ട്രെയിനില്‍ ഒരുക്കിയിട്ടുള്ളത്. ചൂട് വെള്ളം ലഭിക്കാനും പ്രത്യേകം സൗകര്യമുണ്ട്. അംഗപരിമിതർക്കായി പ്രത്യേകം ടോയ്ലറ്റുകള്‍ ഉണ്ട്. കുഞ്ഞുങ്ങളുടെ നാപ്പി മാറ്റാനുള്ള മേശയും ടോയ്ലെറ്റില്‍ ഉണ്ടായിരിക്കും.രാത്രി യാത്രക്ക് സുഖപ്രദമാകുന്ന തരത്തിലുള്ള ലൈറ്റിങ് സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പബ്ലിക് അനൗണ്‍സ്‌മെൻ്റ്, വിഷ്വല്‍ ഇൻഫർമേഷൻ സിസ്റ്റങ്ങള്‍, സിസിടിവി ക്യാമറകള്‍, മോഡുലാർ പാൻട്രികള്‍ എന്നിവയും ട്രെയിനില്‍ ഉണ്ട്.
ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറില്‍ 160 കിമിയാണ്. 180 കിമി വേഗത്തില്‍ വരെ ട്രെയിനിന് സഞ്ചരിക്കാൻ സാധിക്കും. അധികം കുലുക്കമില്ലാത്ത യാത്രയാണ് വന്ദേഭാരത് വാഗ്ദാനം ചെയ്യുന്നത്. മാത്രമല്ല അപകടം ഉണ്ടാകുന്ന സമയത്ത് ഗുരുതരമായ പരിക്കുകള്‍ തടയാൻ ലക്ഷ്യം വെച്ചുള്ള സംവിധാനങ്ങളും ട്രെയിനില്‍ ഏർപ്പെടുത്തിയിട്ടുണ്ട്.വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ ആദ്യ യാത്ര 2025 ലായിരിക്കുമെന്നാണ് നേരത്തേ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചത്. ന്യൂഡല്‍ഹിയില്‍ നിന്നും ശ്രീനഗറിലേക്കായിരിക്കും ആദ്യ സർവ്വീസ്. ഡല്‍ഹിയില്‍ നിന്നും ശ്രീനഗറിലേക്ക് 800 കിമിയാണ് ഉള്ളത്. വെറും 13 മണിക്കൂറിനുള്ളില്‍ എത്തിച്ചേരാൻ സാധിക്കുന്ന തരത്തിലായിരിക്കും ട്രെയിൻ സർവ്വീസ് നടത്തുക.രാത്രി 7 ന് ഡല്‍ഹിയില്‍ നിന്നും പുറപ്പെടും. രാവിലെ 8 മണിയോടെ ശ്രീനഗറില്‍ എത്തിച്ചേരാം. അതായത് നിങ്ങളുടെ വിലപ്പെട്ട പകല്‍ സമയം അധികം നഷ്ടപ്പെടുത്താതെ സമാധാനത്തോടെ കിടന്നുറങ്ങി രാവിലെയാകുമ്ബോള്‍ ശ്രീനഗറില്‍ എത്താമെന്ന് സാരം.കാശ്മീരിലേക്ക് എത്തിപ്പെടാൻ ഏറ്റവും പ്രധാന തടസം ഇവിടേക്ക് കൃത്യമായ യാത്ര സംവിധാനങ്ങളുടെ അപര്യാപ്തതയാണ്. സ്ലീപ്പർ സർവീസ് എത്തുന്നതോടെ കുറഞ്ഞ സമയത്തിനുള്ളില്‍ കാശ്മീരില്‍ എത്താമെന്ന് മാത്രമല്ല അതിനായി പകല്‍ സമയം വെറുതെ നഷ്ടപ്പെടുത്തുകയും ചെയ്യേണ്ടി വരില്ല. അതിനാല്‍ ഡല്‍ഹിയില്‍ എത്തുന്ന സഞ്ചാരികള്‍ ഭൂമിയിലെ സ്വർഗം കാണാൻ ഒരു പോക്ക് പോകാൻ മടിക്കുകയും ഇല്ല.അംബാല കന്റോണ്‍മെന്റ് ജങ്ഷന്‍, ലുധിയാന ജങ്ഷന്‍, കത്വ, ജമ്മു താവി, ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര, സംഗല്‍ദാന്‍, ബനിഹാല്‍ എന്നീ സ്‌റ്റേഷനുകളില്‍ മാത്രമാണ് ട്രെയിനിന് സ്റ്റോപ്പുകള്‍ ഉണ്ടാകുക. ത്രീടയർ എസിക്ക് 2000 രൂപയും 2 ടയർ എസിക്ക് 2500 രൂപയും ഫസ്റ്റ് ക്ലാസ് എസിക്ക് 3000 രൂപയുമാകും ടിക്കറ്റ് തുക.

Sharing

Leave your comment

Your email address will not be published. Required fields are marked *