സംസ്ഥാനത്ത് ഇന്നും മഴ തുടരും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്;
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.സംസ്ഥാനത്ത് മിക്കയിടങ്ങളിലും ഇന്നലെ കനത്ത മഴയായിരുന്നു പെയ്തത്. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. വിതുര ബോണക്കാട് റോഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡ് അടച്ചു. രാവിലെ മണ്ണ് മാറ്റി ഗതാഗതം പുനസ്ഥാപിക്കും. കാട്ടാക്കടയിലും കനത്തമഴ ജനജീവിതം ദുസഹമാക്കി. ശക്തമായ മഴയില്‍ ആറ്റിങ്ങല്‍ വെഞ്ഞാറമൂട് റോഡില്‍ വാകമരം കടപുഴകി റോഡില്‍ വീണു. ഇലക്ട്രിക് ലൈനിലും സമീപത്തെ കടയുടെ മുകളിലേക്കുമാണ് മരം വീണത്. ഇതുവഴി കടന്നുപോയ ഇരുചക്രവാഹന യാത്രികന് പരിക്കേറ്റിരുന്നു. ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.എറണാകുളത്ത് മഴയില്‍ കുസാറ്റ് ഗ്രൗണ്ടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണു. രാത്രി എട്ടരയോടെയാണ് മതില് ഇടിഞ്ഞ് വീണത്. 10 മീറ്ററോളം മതില് ഇടിഞ്ഞു വീണു. ആളപായമില്ല.ഇടുക്കിയില്‍ ശക്തമായി പെയ്ത മഴയില്‍ വണ്ണപ്പുറത്ത് രണ്ട് പേർ ഒഴുക്കില്‍ പെട്ടിരുന്നു. ഇതില്‍ ഒരാള്‍ മരിച്ചു. വണ്ണപ്പുറം സ്വദേശികളായ ദിവാകരൻ, ഭാര്യ ഓമന എന്നിവരാണ് ഒഴുക്കില്‍ പെട്ടത്. ഓമനയാണ് മരിച്ചത്. ദിവാകരനെ നാട്ടുകാർ രക്ഷപെടുത്തി. തോട് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. ശക്തമായ മഴയില്‍ തോട്ടിലെ വെള്ളം ഉയർന്നിരുന്നു.ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകല്‍ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റില്‍ സ്വീകരിക്കേണ്ട മുൻകരുതല്‍ നടപടികള്‍ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കില്‍ നിന്ന് ലഭ്യമാണ്
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാൻ പാടുള്ളതല്ല.ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാൻ പാടുള്ളതല്ല.മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂർണ്ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളില്‍ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികള്‍ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തില്‍ റോഡപകടങ്ങള്‍ വർദ്ധിക്കാൻ സാധ്യത മുന്നില്‍ കാണണം. ജലാശയങ്ങള്‍ കരകവിഞ്ഞു ഒഴുകുന്നയിടങ്ങളില്‍ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.സ്വകാര്യ – പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോർഡുകള്‍, മതിലുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്.