അവരുടെ ‘ബഹിരാകാശ’ സൈന്യം ഞങ്ങളുടെ എല്ലാ രഹസ്യങ്ങളും ചോര്‍ത്തുന്നു; പരാതിയുമായി ചൈന;
ബെയ്ജിങ് : തങ്ങളുടെ രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിയുടെ രഹസ്യങ്ങള്‍ മോഷ്ടിക്കാന്‍ ചില വിദേശ ചാരസംഘടനകള്‍ പരിശ്രമിക്കുകയാണെന്ന ആരോപണവുമായി ചൈന രംഗത്ത്.ഇതു ബഹിരാകാശ രംഗത്ത് രാജ്യങ്ങള്‍ തമ്മിലുള്ള കിടമത്സരം രൂക്ഷമാക്കുമെന്നും പുതിയ പോരാട്ടമുഖം രൂപപ്പെടുമെന്നും ആശങ്കയുണ്ട്. ഈ രംഗത്ത് സുരക്ഷ ഉറപ്പാക്കല്‍ ചൈനയുടെ ഭാവി നിലനില്‍പ്പിനും വികസനത്തിനുമുള്ള സുപ്രധാന തന്ത്രമായി മാറിയിരിക്കുകയാണെന്ന് ആഭ്യന്തര സുരക്ഷാ മന്ത്രാലയം അറിയിച്ചു.’അടുത്ത കാലത്തായി ചില പാശ്ചാത്യ രാജ്യങ്ങള്‍ ‘ബഹിരാകാശസൈന്യം’ രൂപീകരിച്ചു ബഹിരാകാശ ആക്രമണശേഷി വികസിപ്പിച്ചിട്ടുണ്ട്. ബഹിരാകാശ മേഖലയിലെ പ്രധാന എതിരാളിയായി ചൈനയെ ഇവര്‍ കണക്കാക്കുന്നു. വിദേശ ചാരസംഘടനകള്‍ അതീവ കൃത്യതയുള്ള ഉപഗ്രഹങ്ങള്‍ വഴി ചൈനയ്ക്കെതിരെ വിദൂരനിരീക്ഷണം നടത്തുന്നുണ്ട്.ബഹിരാകാശത്തുനിന്നു ഞങ്ങളുടെ രഹസ്യങ്ങള്‍ നിരീക്ഷിക്കാനും മോഷ്ടിക്കാനും അവര്‍ ശ്രമിക്കുന്നു’- ഏതെങ്കിലും രാജ്യങ്ങളുടെ പേര് പരാമര്‍ശിക്കാതെ ചൈന ആരോപിച്ചു.റഷ്യ-യുക്രെയ്ന്‍ യുദ്ധം ഉള്‍പ്പെടെയുള്ളവയില്‍ അതീവ കൃത്യതയുള്ള ഉപഗ്രഹങ്ങളുടെ സഹായമുണ്ടെന്ന റിപ്പോര്‍ട്ടിനിടെയാണു ചൈനയുടെ പരാമര്‍ശം.തത്സമയ ഉപഗ്രഹ ചിത്രങ്ങള്‍ യുദ്ധത്തില്‍ മേല്‍ക്കൈ നേടാന്‍ രാജ്യങ്ങളെ സഹായിക്കുമെന്നു പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. അതേസമയം 2030ഓടെ ചന്ദ്രനില്‍ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയെ ഇറക്കുകയാണു ചൈനയുടെ ലക്ഷ്യം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ 2035ല്‍ ‘ബേസിക് സ്റ്റേഷനും’ 2045ഓടെ ചന്ദ്രനെ ചുറ്റുന്ന ബഹിരാകാശ നിലയവും നിര്‍മിക്കാനും പദ്ധതിയുണ്ട്.