ടൂറിസ്റ്റ് ബസില്‍ വന്നിറങ്ങി നേരെ ജ്വല്ലറികളിലേക്ക്; ഉദ്യോഗസ്ഥരെ വിളിച്ചത് ക്ലാസിനെന്ന് പറഞ്ഞ്; തൃശൂരിലെ ജിഎസ്ടി റെയ്ഡില്‍ പിടിച്ചത് 104 കിലോ സ്വര്‍ണം
തൃശൂർ: ജോലി സംബന്ധമായുള്ള ക്ലാസിന്റെ പേരിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥർ തൃശൂരിലും എറണാകുളത്തുമായി ഒന്നിച്ച് കൂടിയത്.പിന്നാലെ എല്ലാവരും കൂടി ഒരു ചെറിയ യാത്ര. ഒറ്റനോട്ടത്തില്‍ ഉദ്യോഗസ്ഥരെല്ലാവരും കൂടി വലിയൊരു ഉല്ലാസ യാത്രയ്‌ക്ക് പോകുന്നു. ബസിന് മുന്നിലായി വലിയ ബാനർ അടക്കം വലിച്ച് കെട്ടുകയും ചെയ്തു. പക്ഷേ തൃശൂരിലെത്തിയപ്പോഴാണ് യാത്രയിലെ ട്വിസ്റ്റ് സംഭവിച്ചത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡിനുള്ള തുടക്കമായിരുന്നു അത്. ആറ് മാസത്തെ ആസൂത്രണത്തിനൊടുവിലാണ് സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്.തൃശ്ശൂരില്‍ സ്വർണ്ണക്കടകളില്‍ ഉള്‍പ്പെടെ 75ഓളം സ്വർണാഭരണ നിർമാണ കേന്ദ്രങ്ങളില്‍ എത്തിയാണ് ഉദ്യോഗസ്ഥർ ഒരേസമയം പരിശോധന നടത്തിയത്. കണക്കില്‍ പെടാത്ത 104 കിലോ സ്വർണമാണ് ഇവിടങ്ങളില്‍ നിന്നായി പിടിച്ചെടുത്തത്. റെയ്ഡിന്റെ വിവരം ചോരാതിരിക്കാൻ വേണ്ടിയാണ് പരിശീലന ക്ലാസ് നടത്തുകയാണെന്ന് ഉദ്യോഗസ്ഥരോട് പറയുന്നത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥർ ഈ റെയ്ഡിന്റെ ഭാഗമായി.തൃശൂരില്‍ സ്വർണ്ണ കടകളിലും, ആഭരണ നിർമാണ ശാലകളിലുമെല്ലാം, ഹോള്‍സെയില്‍ വ്യാപാര സ്ഥാപനങ്ങളിലും ഒരേസമയം ഉദ്യോഗസ്ഥർ എത്തി പരിശോധന ആരംഭിച്ചു. സ്‌റ്റോക്ക് രജിസ്റ്ററില്‍ ഉള്ളതിനെക്കാള്‍ പണം പലയിടങ്ങളില്‍ നിന്നും പിടിച്ചെടുക്കുകയും ചെയ്തു. ഒരു കിലോ സ്വർണം കണക്കില്‍ പെടാതെ പിടിച്ചാല്‍ മൊത്തം വിലയുടെ അഞ്ച് ശതമാനം പിഴയൊടുക്കണം. നിലവില്‍ 72 ലക്ഷമാണ് ഒരു കിലോ സ്വർണ്ണത്തിന് വില. പിടിച്ചെടുത്ത സ്വർണം ട്രഷറി ലോക്കറിലേക്കാണ് മാറ്റിയിരിക്കുന്നത്.