ദിവ്യയുടേത് ഭീഷണി സ്വരം; ആത്മഹത്യ പ്രേരണാകുറ്റം നിലനില്‍ക്കുമെന്ന് പ്രോസിക്യൂഷൻ

തലശേരി: എഡിഎം കെ. നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പി.പി.ദിവ്യയ്ക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റം നിലനില്‍ക്കുമെന്ന് പ്രോസിക്യൂഷൻ. തലശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ ദിവ്യ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് പ്രോസിക്യുഷന്‍റെ വാദം.എഡിഎമ്മിന്‍റെ മരണകാരണം ദിവ്യയുടെ വ്യക്തിഹത്യയാണ്. പത്ത് വർഷം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ദിവ്യ ചെയ്തത്. ദിവ്യയുടെ പ്രസംഗത്തില്‍ ഭീഷണിയുടെ സ്വരം ഉണ്ടായിരുന്നു. രണ്ട് ദിവസത്തില്‍ വ്യക്തമാകുമെന്ന് പറഞ്ഞത് ഇതിന് ഉദാഹരണമായിരുന്നു. മാധ്യമങ്ങളെ വിളിച്ചുവരുത്തിയത് ഇതേ ഉദ്ദേശത്തിലായിരുന്നുവെന്നും പ്രോസിക്യുഷൻ വാദിച്ചു.പ്രസംഗം റെക്കോർഡ് ചെയ്തതും ആസൂത്രിതമാണ്. ചിത്രീകരിച്ച ദൃശ്യങ്ങള്‍ ദിവ്യ ചോദിച്ചുവാങ്ങിയിരുന്നു. ദിവ്യയെ ക്ഷണിച്ചില്ലെന്ന് കളക്ടർ പറഞ്ഞിരുന്നു. കളക്ടറോട് എഡിഎമ്മിനെക്കുറിച്ച്‌ ദിവ്യ പരാതി പറഞ്ഞിരുന്നു. എന്നാല്‍ അഴിമതി ആരോപണം യാത്രയയ്പ്പ് ചടങ്ങില്‍ ഉന്നയിക്കരുതെന്ന് ആവശ്യപ്പെട്ടതായി കളക്ടറുടെ മൊഴി ഉണ്ട്. യോഗം ആരോപണത്തിനുള്ള സ്ഥലമല്ലെന്ന് കളക്ടർ പറഞ്ഞു.പരിപാടി സംഘടിപ്പിച്ചത് സ്റ്റാഫ് കൗണ്‍സിലാണ്. ദിവ്യ പങ്കെടുക്കേണ്ട കാര്യമില്ല. ദിവ്യയ്ക്കു പരാതിയുണ്ടെങ്കില്‍ ഉത്തരവാദിത്തപ്പെട്ടവർക്ക് നല്‍കാമായിരുന്നു വെന്നും പ്രോസിക്യൂഷൻ വാദിച്ചു.ദിവ്യ അന്വേഷണവുമായി സഹകരിക്കുന്നില്ല. അതിനാല്‍ ദിവ്യയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണം. എല്ലാവരും ഉദ്യോഗസ്ഥരെ ക്രൂശിച്ചാല്‍ സമൂഹത്തിന്‍റെ അവസ്ഥ എന്താകുമെന്നും വിജിലൻസ്, പോലീസ് സംവിധാനങ്ങള്‍ എന്തിനാണെന്നും പ്രോസിക്യൂഷൻ ചോദിച്ചു.അതേസമയം ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയില്‍ വാദം തുടരും.

Sharing

Leave your comment

Your email address will not be published. Required fields are marked *