റേഷൻ കാര്‍ഡ് ഉടമകളുടെ ശ്രദ്ധയ്ക്ക്; ഈ പേരുകള്‍ നീക്കം ചെയ്‌തില്ലെങ്കില്‍ വൻ പിഴ;
കോഴിക്കോട്: സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകള്‍ക്ക് കർശന നിർദ്ദേശവുമായി ഭക്ഷ്യവകുപ്പ്. മസ്‌റ്ററിംഗ് നടപടികള്‍ പൂർത്തിയാക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെ മരണപ്പെട്ടവരെയും വിദേശത്ത് ഉള്ളവരെയും കുറിച്ചുള്ള വിവരങ്ങള്‍ എത്രയും പെട്ടെന്ന് അറിയിക്കണമെന്നാണ് നിർദ്ദേശം.മസ്‌റ്ററിംഗ് അവസാനിക്കുന്ന തീയതിയായ ഒക്ടോബർ 25നുള്ളില്‍ തന്നെ ഇവ അറിയിക്കാനാണ് ജില്ലാ സിവില്‍ സപ്ലൈസ് വകുപ്പുകള്‍ നല്‍കിയിരിക്കുന്ന നിർദ്ദേശം.നേരത്തെ ഒക്ടോബർ എട്ട് വരെയായിരുന്നു മസ്‌റ്ററിംഗ് നടപടികള്‍ക്ക് അനുവദിച്ചിരുന്ന സമയപരിധി. ഇത് പിന്നീട് നീട്ടുകയായിരുന്നു. എന്നാല്‍ ഇതിന് ശേഷവും വിവിധ ജില്ലകളില്‍ പതിനഞ്ച് ശതമാനത്തില്‍ അധികം ഉപഭോക്താക്കള്‍ മസ്‌റ്ററിംഗ് പൂർത്തിയാക്കാത്ത സാഹചര്യത്തിലാണ് കർശന നിർദ്ദേശവുമായി ഭക്ഷ്യവകുപ്പ് രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ എത്ര പേർ ഇനിയും മസ്‌റ്ററിംഗ് പൂർത്തിക്കാൻ ഉണ്ടെന്ന കാര്യത്തില്‍ കൃത്യമായ ധാരണ കിട്ടാതായ സാഹചര്യത്തിലാണ് നടപടി കടുപ്പിക്കുന്നത്.ഇക്കാര്യം അറിയിക്കുന്നതില്‍ പരാജയപ്പെടുന്ന ആളുകള്‍ക്ക് വലിയ പിഴ തന്നെ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. മഞ്ഞ, നീല, പിങ്ക് കാർഡുകളില്‍ മരണപ്പെട്ടവരുടെ പേര് ഇപ്പോഴും തുടരുന്നുണ്ടെങ്കില്‍ അത് നീക്കം ചെയ്യാനാണ് നിർദ്ദേശം. ഇതില്‍ പരാജയപ്പെട്ടാല്‍ ഇത്രയും കാലം അനധികൃതമായി റേഷൻ കൈപ്പറ്റിയതിന്റെ പിഴയൊടുക്കേണ്ടി വരുമെന്നും അറിയിച്ചിട്ടുണ്ട്. കേരളത്തിന് പുറത്തുള്ളവരുടെ പേര് വിവരങ്ങളും അറിയിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.മസ്‌റ്ററിംഗ് പൂർത്തിയാക്കിയവർക്ക് മാത്രമാണ് ഇനി മുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാവുക. നീല കാർഡ് ഉടമകള്‍ക്ക് മസ്‌റ്ററിംഗ് ആവശ്യമില്ലെങ്കിലും മരിച്ചവരുടെ പേരുണ്ടെങ്കില്‍ അത് എത്രയും പെട്ടെന്ന് നീക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പിങ്ക്, നീല കാർഡുകളില്‍ ആളെണ്ണത്തിന് അനുസരിച്ചാണ് വിഹിതം നല്‍കുന്നത്. അതുകൊണ്ടാണ് നിർബന്ധമായും ഇക്കാര്യം അറിയിക്കാൻ ഉത്തരവിട്ടത്.
കേരളത്തിന് പുറത്ത് കഴിയുന്നവരുടെ പേരുകള്‍ എൻആർകെ പട്ടികയില്‍ ഉള്‍പ്പെടുത്താമെന്നും അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാവാനിടയില്ല. സാധാരണഗതിയില്‍ റേഷൻ കാർഡിലെ അംഗം മരണപ്പെട്ടാല്‍ ആ പേരുകള്‍ പെട്ടെന്ന് തന്നെ നീക്കം ചെയ്യണമെന്ന് നിർദ്ദേശമുണ്ട്. എന്നാല്‍ ആരും പാലിക്കുന്നില്ല എന്നതാണ് യാഥാർഥ്യം.നിലവില്‍ മരണപ്പെട്ടവരുടെ പേരുകള്‍ നീക്കം ചെയ്യുക എന്നത് ലളിതമായ കാര്യമാണ്. ഇതിനായി മരണപ്പെട്ട ആളുടെ ഡെത്ത് സർട്ടിഫിക്കറ്റ് സഹിതം അക്ഷയ കേന്ദ്രത്തില്‍ അപേക്ഷ നല്‍കിയാല്‍ മാത്രം മതി. ശേഷം അവിടെ നിന്നും താലൂക്ക് ഓഫീസിലേക്ക് അയക്കും. എൻആർകെ പട്ടികയിലേക്ക് മാറ്റാൻ താലൂക്ക് ഓഫീസിലാണ് ചെല്ലേണ്ടത്. അവിടെ നിന്നും കേരളത്തിന് പുറത്ത് താമസിക്കുന്ന ആളുകളുടെ പട്ടികയിലേക്ക് പേര് മാറ്റാവുന്നതാണ്.