തെല്‍ അവീവ്: ഗസ്സയില്‍നിന്ന് തിരിച്ചുവരുന്ന ഇസ്രായേലി സൈനികർ കടുത്ത മാനസികാഘാതത്തിലാണെന്നും പലരും ആത്മഹത്യ ചെയ്യുന്നതായും സിഎൻഎൻ റിപ്പോർട്ട്.യുദ്ധസമയത്ത് നേരിട്ട മാനസികാഘാതം കാരണം നിരവധി സൈനികർക്കാണ് പരിചരണം നല്‍കുന്നതെന്ന് ഇസ്രായേല്‍ സൈന്യം പറയുന്നു. അതേസമയം, ഇസ്രായേലി സൈന്യം കൃത്യമായി കണക്ക് നല്‍കാത്തതിനാല്‍ എത്രപേർ ആത്മഹത്യ ചെയ്തുവെന്നത് വ്യക്തമല്ല.ലെബനാനുമായുള്ള യുദ്ധത്തിലേക്ക് തങ്ങളെ പറഞ്ഞയക്കുമോ എന്ന ഭയത്തിലാണ് പലരുമുള്ളതെന്ന് ഗസ്സയില്‍ പ്രവർത്തിച്ചിരുന്ന ഇസ്രായേല്‍ പ്രതിരോധ സേനയിലെ ഡോക്ടർ പറയുന്നു. തങ്ങളില്‍ പലരും ഇപ്പോള്‍ സർക്കാരിനെ വിശ്വസിക്കുന്നില്ലെന്നും പേര് വെളിപ്പെടുത്താത്ത ഡോക്ടർ വ്യക്തമാക്കി. പുറംലോകത്തിന് ഒരിക്കലും മനസ്സിലാക്കാൻ സാധിക്കാത്ത ഭീകരതകള്‍ക്കാണ് തങ്ങള്‍ സാക്ഷ്യംവഹിച്ചതെന്ന് ഗസ്സയില്‍ യുദ്ധം ചെയ്ത സൈനികർ പറയുന്നു.ഗസ്സയില്‍നിന്ന് യുദ്ധം ചെയ്ത് മടങ്ങിയെത്തിയശേഷം ആത്മഹത്യ ചെയ്തയാളാണ് റിസർവ് സൈനികനും 40കാരനുമായ എലിറാൻ മിസ്രാഹി. നാല് കുട്ടികളുടെ പിതാവായ ഇദ്ദേഹം 2023 ഒക്ടോബർ ഏഴിന് ശേഷമാണ് ഗസ്സയിലേക്ക് നിയോഗിക്കപ്പെടുന്നത്. എന്നാല്‍, യുദ്ധത്തിനിടെ കാണാനിടയായ കാഴ്ചകള്‍ ഇയാളില്‍ വലിയ മാനസിക ആഘാതമാണ് തീർത്തതെന്ന് കുടുംബം സിഎൻഎന്നിനോട് പറഞ്ഞു. രണ്ടാമതും ഗസ്സയിലേക്ക് മടങ്ങുന്നതിന്റെ രണ്ട് ദിവസം മുമ്ബാണ് ഇയാള്‍ ജീവനൊടുക്കിയത്. ‘അവൻ ഗസ്സയില്‍നിന്ന് പുറത്തിറങ്ങി. പക്ഷെ, ഗസ്സ അവനില്‍നിന്ന് വിട്ടുപോയിരുന്നില്ല. മാനസികാഘാതം കാരണം അവൻ ജീവനൊടുക്കുകയായിരുന്നു’ -എലിറാൻ മിസ്രാഹിയുടെ മാതാവ് ജെന്നി മിസ്രാഹി പറയുന്നു.
2023 ഒക്ടോബർ എട്ടിനാണ് ഇദ്ദേഹം ഗസ്സയിലേക്ക് പോകുന്നത്. വെടിയുണ്ടകളും സ്ഫോടനങ്ങളും ചെറുക്കാൻ ശേഷിയുള്ള ബുള്‍ഡോസറിന്റെ ഡ്രൈവറായിരുന്നു. ഇസ്രായേലി നിർമാണ കമ്ബനിയില്‍ മാനേജറായിരുന്ന ഇദ്ദേഹത്തെ യുദ്ധത്തിലേക്ക് നിയോഗിക്കുകയായിരുന്നു.കാലിന് പരിക്കേല്‍ക്കുന്നത് വരെ 186 ദിവസമാണ് ഇയാള്‍ ഗസ്സയില്‍ ചെലവഴിച്ചത്. കൂടാതെ ഫെബ്രുവരിയില്‍ ഇയാളുടെ വാഹനത്തിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ കേള്‍വിക്കും തകരാറുണ്ടായി. ഇതോടെ ചികിത്സക്കായി ഗസ്സയില്‍നിന്ന് തിരികെയെത്തിച്ചു. ഏപ്രിലില്‍ ഇയാള്‍ക്ക് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡറുണ്ട് കണ്ടെത്തി. പക്ഷെ, ചികിത്സകളൊന്നും മിസ്രാഹിയുടെ രക്ഷക്കെത്തിയില്ല.സൈനികരെ എങ്ങനെയാണ് പരിചരിക്കേണ്ടതെന്ന് സർക്കാറിന് അറിയില്ലെന്ന് മാതാവ് ജെന്നി മിസ്രാഹി പറയുന്നു. യുദ്ധം വളരെ വ്യത്യസ്തമായിരുന്നു. ഇസ്രായേലില്‍ കാണാത്ത പല കാഴ്ചകളും അവർ ഗസ്സയില്‍ കണ്ടു. അവധിക്ക് വന്നപ്പോള്‍ ദേഷ്യം, അമിതമായി വിയർക്കുക, ഉറക്കമില്ലായ്മ, ആളുകളില്‍നിന്ന് മാറിനില്‍ക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ അലട്ടുന്നുണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു. താൻ കടന്നുപോകുന്ന അവസ്ഥ ഗസ്സയില്‍ കൂടെയുണ്ടായിരുന്നവർക്ക് മാത്രമേ മനസ്സിലാകുകയുള്ളൂവെന്ന് മിസ്രാഹി കുടുംബത്തോട് പറയാറുണ്ടായിരുന്നു.തങ്ങള്‍ അനുഭവിച്ച കാര്യങ്ങള്‍ മിസ്രാഹിയുടെ സുഹൃത്തും ബുള്‍ഡോസറിലെ സഹഡ്രൈവറുമായിരുന്ന ഗയ് സാകെനും വിശദീകരിക്കുന്നുണ്ട്. തങ്ങള്‍ വളരെ ബുദ്ധിമുട്ടേറിയ കാര്യങ്ങളാണ് കണ്ടിട്ടുള്ളത്. അതെല്ലാം അംഗീകരിക്കാൻ പ്രയാസമുള്ള കാര്യങ്ങളാണ്. പലപ്പോഴും നൂറുകണക്കിന് മരിച്ചവരുടെയും ജീവനുള്ളവരുടെയും ദേഹത്തിലൂടെ സൈനിക വാഹനങ്ങള്‍ കൊണ്ടുപോയിട്ടുണ്ട്. അപ്പോള്‍ എല്ലാം പുറത്തേക്ക് വരും. ഗസ്സയിലെ തന്റെ ബുള്‍ഡോസറില്‍നിന്ന് കണ്ട ഭയാനകമായ കാഴ്ചകള്‍ കാരണം ഇറച്ചി കഴിക്കാൻ കഴിയാത്ത അവസ്ഥയാണ്. സ്ഫോടനങ്ങളുടെ ശബ്ദം തലയില്‍ മുഴങ്ങുന്നതിനാല്‍ രാത്രി ഉറങ്ങാൻ പാടുപെടുകയാണെന്നും അദ്ദേഹം പറയുന്നു.യുദ്ധത്തിലേർപ്പെട്ട ഇസ്രായേലി സൈന്യത്തിലെ മൂന്നിലൊന്ന് പേർക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് കണ്ടെത്തല്‍. ഈ വർഷാവസാനത്തോടെ പരിക്കേറ്റ് ചികിത്സയില്‍ പ്രവേശിപ്പിക്കുന്ന ഇസ്രായേലി സൈനികരുടെ എണ്ണം 14,000 എത്തുമെന്നാണ് കണക്ക്. ഇതില്‍ 40 ശതമാനത്തോളം പേർക്കും മാനസികമായ പ്രശ്നങ്ങളാണുള്ളതെന്നും ഇസ്രായേലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *