ഹേമ കമ്മിറ്റി കേസ് പരിഗണിക്കുന്ന ജഡ്ജിമാരുമായി ചേംബറില്‍ ചര്‍ച്ച; ഗുരുതര ആരോപണവുമായി മുകുള്‍ രോഹ്തഗി;
ന്യൂഡല്‍ഹി : ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികള്‍ പരിഗണിക്കുന്ന കേരള ഹൈക്കോടതിയിലെ ജഡ്ജിമാരുമായി അഡ്വക്കേറ്റ് ജനറലും പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും ചേമ്ബറില്‍ ചർച്ച നടത്തുന്നുവെന്ന് സീനിയർ അഭിഭാഷകൻ മുകുള്‍ രോഹ്തഗി.
ഹർജികള്‍ ഹൈക്കോടതി പരിഗണിക്കുന്ന ദിവസങ്ങളില്‍ രാവിലെ അര മണിക്കൂറോളം ഈ കൂടിക്കാഴ്ചകള്‍ നീളുന്നതായും മുകുള്‍ രോഹ്തഗി സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം സുപ്രീം കോടതിയില്‍ വ്യക്തമാക്കി.
ഹൈക്കോടതി ജഡ്ജിയുടെ ചേംബറില്‍ നടക്കുന്ന ചർച്ചയുടെ വിശദാംശം എന്താണെന്ന് ആർക്കും അറിയില്ല. പക്ഷെ ഈ ചർച്ചകള്‍ക്ക് ശേഷമാണ് കേസില്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും മുകുള്‍ രോഹ്തഗി കോടതിയില്‍ ചൂണ്ടിക്കാട്ടി. ഹേമ കമ്മിറ്റിക്ക് മുമ്ബാകെ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതി ഉത്തരവിന് എതിരായ ഹർജി സുപ്രീം കോടതി പരിഗണിക്കുന്ന വേളയിലാണ് മുകുള്‍ രോഹ്തഗി ഗുരുതര ആരോപണം ഉന്നയിച്ചത്. സുപ്രീം കോടതിയില്‍ ഹർജി ഫയല്‍ ചെയ്ത നിർമാതാവ് സജിമോൻ പാറയലിന് വേണ്ടിയാണ് മുകുള്‍ രോഹ്തഗി സുപ്രീം കോടതിയില്‍ ഹാജരായത്. മുകുള്‍ രോഹ്തഗിക്ക് പുറമെ സീനിയർ അഭിഭാഷകൻ കെ പരമേശ്വർ, അഭിഭാഷകൻ എ കാർത്തിക്, സൈബി ജോസ് കിടങ്ങൂർ എന്നിവരും സജിമോൻ പാറയലിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായി.ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ ഉള്ള മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ജസ്റ്റിസുമാരായ ജയശങ്കർ നമ്ബ്യാർ, സി എസ് സുധ എന്നിവർ അടങ്ങിയ ഹൈക്കോടതി ബെഞ്ച് ആണ് ഉത്തരവിട്ടിരുന്നത്. എന്നാല്‍ അന്വേഷണം നടത്തുന്ന വേളയില്‍ പരാതിക്കാരുടെ പേരുകള്‍ പരസ്യപ്പെടുത്തരുത് എന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. ആരോപണ വിധേയർക്ക് കേസിന്റെ അന്തിമ റിപ്പോർട്ട് ഫയല്‍ ചെയ്യുന്നത് വരെ FIS ഉള്‍പ്പടെയുള്ള രേഖകള്‍ കൈമാറരുതെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ നിർദേശം സുപ്രീം കോടതി വിധിയുടെ ലംഘനം ആണ്. എഫ്‌ഐആർ കോപ്പി നല്‍കരുത് എന്ന നിർദേശം കേട്ടുകേള്‍വി ഇല്ലാത്തതാണെന്നും മുകുള്‍ രോഹ്തഗി വാദിച്ചു.തുടർന്നാണ് സജിമോൻ പാറയലിന്റെ ഹർജിയില്‍ സുപ്രീം കോടതി സംസ്ഥാന സർക്കാർ ഉള്‍പ്പടെയുള്ള എതിർ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തില്‍ 40 കേസുകള്‍ പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്യാൻ തയ്യാറെടുക്കുകയാണ്. അതിനാല്‍ ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണം എന്നും മുകുള്‍ രോഹ്തഗി ആവശ്യപ്പെട്ടു. എന്നാല്‍ സ്റ്റേ ആവശ്യം അടുത്ത തവണ കേസ് പരിഗണിക്കുമ്ബോള്‍ തീരുമാനിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സ്റ്റേ ആവശ്യത്തിലും ജസ്റ്റിസ്മാരായ വിക്രം നാഥ്, പി ബി വരാലെ എന്നിവർ അടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചു. ഹർജി മൂന്ന് ആഴ്ചക്ക് ശേഷം സുപ്രീം കോടതി പരിഗണിക്കും.