*എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചപ്പോള്‍ കിട്ടിയ നോട്ടുകള്‍ക്ക് പ്രത്യേകത, വിവരമറിഞ്ഞ് തടിച്ച്‌കൂടി ജനം
ലക്‌നൗ: എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചപ്പോള്‍ കിട്ടിയ നോട്ടുകളില്‍ അസ്വാഭാവികത തോന്നിയ യുവാക്കള്‍ പൊലീസിനെ സമീപിച്ചു.കിട്ടിയത് കള്ളനോട്ടാണെന്ന് ആരോപിച്ച് പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് കാര്യമായ അന്വേഷണമുണ്ടായില്ലെന്നും യുവാക്കള്‍ പരാതിയില്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദിലെ എടിഎമ്മില്‍ നിന്നാണ് കള്ളനോട്ടുകള്‍ ലഭിച്ചുവെന്ന് ആരോപണം ഉയരുന്നത്. നൂറ് രൂപയുടെയും 200 രൂപയുടെയും കള്ളനോട്ടുകളാണത്രെ എടിഎം മെഷീനില്‍ നിന്ന് ലഭിച്ചതെല്ലാം.സംഭവം അറിഞ്ഞതോടെ നേരത്തെയും ഇവിടെ നിന്ന് പണമെടുത്തിട്ടുള്ളവര്‍ ഉള്‍പ്പെടെ ആശങ്കയിലായകുകയും ചെയ്തു. ഫറൂഖാബാദ് പൊലീസ് സ്റ്റേഷന് സമീപത്തുള്ള എടിഎമ്മിനെക്കുറിച്ചാണ് നാട്ടുകാരുടെ പരാതി. ഇവിടെ നിന്ന് ആദ്യം 300 രൂപ പിന്‍വലിച്ച ഒരാള്‍ക്ക് കിട്ടിയ 100 രൂപയുടെയും 200 രൂപയുടെയും നോട്ടുകളില്‍ അദ്ദേഹത്തിന് സംശയം തോന്നി. പരിശോധിച്ചപ്പോള്‍ കള്ളനോട്ടാണെന്ന് ബോധ്യപ്പെട്ടുവെന്ന് പരാതിക്കാരന്‍ പറയുന്നു. പിന്നീട് മറ്റൊരാള്‍ 400 രൂപ പിന്‍വലിച്ചപ്പോള്‍ കിട്ടിയതും രണ്ട് കള്ളനോട്ടുകള്‍.തുടര്‍ന്ന് രണ്ട് പേരും തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് നാട്ടുകാര്‍ എടിഎമ്മിന് മുന്നില്‍ തടിച്ചുകൂടി. കള്ളനോട്ട് കിട്ടിയവര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടത്തോടെ എത്തുകയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ബാങ്കോ എടിഎം കമ്ബനിയോ ഇതുവരെ പ്രതികരിച്ചില്ല. കള്ളനോട്ട് കിട്ടിയെന്ന് ഒന്നിലധികം ആളുകള്‍ എടിഎമ്മിനെ കുറിച്ച് പരാതി പറഞ്ഞിട്ടും അധികൃതര്‍ ഗൗരവത്തോടെ കാണുന്നില്ലെന്ന പരാതിയും ആളുകള്‍ ഉന്നയിക്കുന്നുണ്ട്.