90,000 ഇന്ത്യന്‍ ജോലിക്കാരെ ജര്‍മനിക്ക് ഉടനടി വേണം; ഭാഷ മുതല്‍ വീസ വരെയുള്ള കാര്യത്തില്‍ പ്രത്യേക പരിഗണന

വിദഗ്ധ ജോലിക്കാരുടെ അഭാവത്താല്‍ ബുദ്ധിമുട്ടുന്ന ജര്‍മനി ഇന്ത്യയില്‍ നിന്ന് 90,000ത്തോളം പേരെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങുന്നു.ഒക്ടോബര്‍ 16ന് ജര്‍മന്‍ ചാന്‍സിലര്‍ ഓലഫ് ഷോള്‍സിന്റെ മന്ത്രിസഭ ഇന്ത്യന്‍ കുടിയേറ്റം കൈകാര്യം ചെയ്യുന്നതിനും വീസ വേഗത്തിലാക്കാനും തീരുമാനമെടുത്തിരുന്നു.ഐ.ടി, ആരോഗ്യം, എന്‍ജിനിയറിംഗ് മേഖലകളിലാണ് ജര്‍മനിക്ക് ജീവനക്കാരെ അടിയന്തിരമായി ആവശ്യമുള്ളത്. വിദഗ്ധരായ ഇന്ത്യന്‍ തൊഴിലാളികളുടെ കുടിയേറ്റം വേഗത്തിലാക്കാന്‍ ഈ വര്‍ഷം അവസാനത്തോടെ വീസ അപേക്ഷകള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ ജര്‍മനി തീരുമാനിച്ചിട്ടുണ്ട്. ജര്‍മനിയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗുണം ചെയ്യുന്നതാണ് തീരുമാനം.ജര്‍മനിയിലേക്ക് തൊഴില്‍ തേടുന്നവരെ സംബന്ധിച്ച്‌ ഏറ്റവും വലിയ പ്രതിസന്ധി ഭാഷയാണ്. ഈ കടമ്ബ മറികടക്കാന്‍ ജര്‍മന്‍ ഭാഷ ക്ലാസുകള്‍ സര്‍ക്കാര്‍ തന്നെ നടത്താനും ജര്‍മനിക്ക് ആലോചനയുണ്ട്. ജര്‍മനിയില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കുമെന്ന് ജര്‍മന്‍ ലേബര്‍ ഓഫീസ് അറിയിച്ചിട്ടുണ്ട്. ജര്‍മനിയിലെ പഠനശേഷം വിദ്യാര്‍ത്ഥികള്‍ മറ്റു രാജ്യങ്ങളിലേക്ക് പോകാതിരിക്കാന്‍ വേണ്ടിയാണിത്.ദീര്‍ഘകാല തൊഴില്‍ വീസ അനുവദിക്കുന്നതിന് എടുത്തിരുന്ന കാലതാമസം അടുത്തിടെ ജര്‍മനി കുറച്ചിരുന്നു. ഇന്ത്യക്കാര്‍ക്ക് മുമ്ബ് 9 മാസം വരെയെടുത്തിരുന്ന വീസ പ്രക്രിയയാണ് കേവലം രണ്ടാഴ്ചയാക്കി കുറച്ചത്. ഇവിടെ നിന്നുള്ള വിദഗ്ധ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ജര്‍മന്‍ ചാന്‍സിലര്‍ അടക്കമുള്ള പ്രതിനിധി സംഘം വരുന്ന ദിവസങ്ങളില്‍ ഇന്ത്യയിലെത്തും. 2024 ഫെബ്രുവരിയിലെ കണക്കനുസരിച്ച്‌ 1.37 ലക്ഷം വിദഗ്ധ തൊഴിലാളികള്‍ ജര്‍മനിയില്‍ ജോലി ചെയ്യുന്നുണ്ട്. 2015ല്‍ ഇത് വെറും 23,000 മാത്രമായിരുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *