
ആൻഡമാനില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടും; ‘ദന’ ചുഴലിക്കാറ്റാകും; മഴ തുടരും, യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ സീസണിലെ ആദ്യ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു. ആന്‍ഡമാൻ കടലിന് മുകളില്‍ ഇന്ന് രൂപപ്പെടുന്ന ന്യൂനമര്‍ദമാണ് പിന്നീട് ചുഴലിക്കാറ്റായി മാറുകയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.’ദന’ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഒഡീഷ-ബംഗാള്‍ തീരത്തേക്കായിരിക്കും നീങ്ങുകയെന്നാണ് വിലയിരുത്തല്‍.അതിനാല്‍ ‘ദന’ ചുഴലിക്കാറ്റ് കേരളത്തിന് വലിയ ഭീഷണി ഉയർത്തില്ലെന്നാണ് സൂചന. അതേസമയം സംസ്ഥാനത്ത് തുലാവര്‍ഷത്തിന്റെ ഭാഗമായിട്ടുള്ള മഴ തുടരും. സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നാളെയും യെല്ലോ അലർട്ട് ആയിരിക്കും.കേരള തീരത്ത് കള്ളക്കടല്‍ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തീരദേശ മേഖലകളില്‍, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക