ഇസ്രായേലിനെതിരെ കടുപ്പിച്ച്‌ ഇറ്റലി; സമ്പൂർണ ആയുധ ഉപരോധം പ്രഖ്യാപിച്ചു

റോം: ഗസ്സയിലും ലബനാനിലും ആക്രമണം കടുപ്പിക്കുന്നതിനിടെ ഇസ്രായേലിനെതിരെ നിലപാട് കടുപ്പിച്ച്‌ ഇറ്റലി. ഇസ്രായേലിനെതിരെ സമ്ബൂർണ ആയുധ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ് യൂറോപ്യന്‍ രാജ്യം.പ്രധാനമന്ത്രി ജോർജിയ മെലോണി ഇറ്റാലിയൻ സെനറ്റിലാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേലിലേക്കുള്ള എല്ലാ ആയുധ കയറ്റുമതിയും തടഞ്ഞതായി അവർ വ്യക്തമാക്കി.സെനറ്റില്‍ നടന്ന ചർച്ചയ്ക്കിടെയാണ് ഇസ്രായേലിനെതിരെ ആയുധ ഉപരോധം ഏർപ്പെടുത്തി വിവരം മെലോണി അറിയിച്ചതെന്ന് ഇറ്റാലിയൻ വാർത്താ ഏജൻസിയായ ‘എഎൻഎസ്‌എ’ റിപ്പോർട്ട് ചെയ്തു. ഒക്ടോബറില്‍ ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതു തൊട്ടുതന്നെ ഇസ്രായേലിലേക്കുള്ള പുതിയ കയറ്റുമതി ലൈസൻസുകള്‍ റദ്ദാക്കിയിരുന്നതായി അവർ അറിയിച്ചു. ഒക്ടോബർ ഏഴിനുശേഷം നടന്ന കരാറുകളൊന്നും നടപ്പാക്കിയിട്ടില്ലെന്നും ജോർജിയ മെലോണി അറിയിച്ചു.ആയുധ കയറ്റുമതിക്ക് അംഗീകാരം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിലെ ബന്ധപ്പെട്ട വിഭാഗമാണു കൈകാര്യം ചെയ്യുന്നതെന്നും അവർ സൂചിപ്പിച്ചു. നിലവില്‍ എല്ലാ ആയുധ ഇടപാടും തടഞ്ഞിരിക്കുകയാണ്. ഫ്രാൻസ്, ജർമനി, ബ്രിട്ടൻ അടക്കമുള്ള സഖ്യകക്ഷികള്‍ സ്വീകരിച്ച നിലപാടിലും കടുത്ത സമീപനമാണ് തന്റെ സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും അവർ വ്യക്തമാക്കി. ലബനാനിലെ യുഎൻ ദൗത്യസേനയ്ക്കുനേരെയുള്ള ഇസ്രായേല്‍ ആക്രമണത്തെയു ജോർജിയ മെലോണി കടുത്ത ഭാഷയില്‍ അപലപിച്ചു. ആളപായമോ വലിയ തോതിലുള്ള നാശനഷ്ടങ്ങളോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും യൂനിഫിലിനെതിരായ ഇസ്രായേല്‍ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് അവർ ഇറ്റാലിയൻ സെനറ്റില്‍ വ്യക്തമാക്കി.ദിവസങ്ങള്‍ക്കുമുൻപ് ലബനാനിലെ യൂനിഫില്‍ സേനയുടെ താവളങ്ങളില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. നൂറുകണക്കിന് ഇറ്റാലിയൻ സൈനികർ സേവനം ചെയ്യുന്ന മേഖലയിലായിരുന്നു ആക്രമണം. ഇതിനെതിരെ ഇറ്റലി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. റോമിലുള്ള ഇസ്രായേല്‍ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.ഇറ്റാലിയൻ പ്രതിപക്ഷ നേതാവും ഫൈവ് സ്റ്റാർ മൂവ്‌മെന്റ് നേതാവുമായ ഗ്യൂസെപ്പെ കോണ്ടെയും നേരത്തെ ഇസ്രായേലിനെതിരെ ആയുധ ഉപരോധം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കണമെന്നും സോഷ്യല്‍ മീഡിയ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.ഇസ്രായേലിന് ആയുധം നല്‍കുന്നത് നിർത്തണമെന്ന് നേരത്തെ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. റോമില്‍ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അദ്ദേഹം ആവശ്യമുയർത്തിയത്.

Sharing

Leave your comment

Your email address will not be published. Required fields are marked *