ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി തെറിച്ചതിന് പിന്നാലെ പിപി ദിവ്യക്ക് കുരുക്കായി കളക്ടറുടെ റിപ്പോര്‍ട്ട്;
കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി തെറിച്ചതിന് പിന്നാലെ പിപി ദിവ്യക്ക് കുരുക്കായി കളക്ടറുടെ റിപ്പോർട്ട്.ചെങ്ങളായിലെ പെട്രോള്‍ പമ്പിന് എൻഒസി നല്‍കുന്നതില്‍ എഡിഎം നവീൻ ബാബു വലിയകാലതാമസം വരുത്തിയെന്നായിരുന്നു പിപി ദിവ്യയുടെ ആരോപണം. എന്നാല്‍ ഈ പെട്രോള്‍ പമ്പ് സംബന്ധിച്ച ഫയല്‍നീക്കത്തില്‍ നവീൻ ബാബു കാലതാമസം വരുത്തിയില്ലെന്നാണ് ജില്ലാ കളക്ടറുടെ റിപ്പോർട്ട്. ഒരാഴ്ച്ച കൊണ്ട് ഫയല്‍ തീർപ്പാക്കിയെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.നവീൻ ബാബുവിന്റെ യാത്രയയപ്പ് സമ്മേളനത്തില്‍ വിളിക്കാതെ എത്തിയ പി പി ദിവ്യ നവീൻ ബാബു അഴിമതിക്കാരനെന്ന് ആരോപിച്ചത് ഈ പെട്രോള്‍ പമ്പിന്റെ എൻഒസി വൈകിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു. ദിവ്യയുടെ ആരോപണത്തിന് പിന്നാലയാണ് നവീൻ ബാബു ജീവനൊടുക്കിയത്. ദിവ്യക്കെതിരെ പ്രതിഷേധം ശക്തമായതോെ ഇന്നലെ ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദിവ്യക്ക് കൂടുതല്‍ കുരുക്കായി ജില്ലാ കളക്ടറുടെ റിപ്പോർട്ടും പുറത്തുവന്നത്.സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവി പെട്രോള്‍ പമ്പിനുള്ള എൻഒസിയെ എതിർത്തിരുന്നു. എന്നാല്‍ ടൗണ്‍ പ്ലാനറുടെ റിപ്പോർട്ട് പരിഗണിച്ച് എഡിഎം നവീൻ ബാബു പെട്രോള്‍ പമ്പിന് എൻഒസി നല്‍കുകയായിരുന്നു. ടൗണ്‍ പ്ലാനർ റിപ്പോർട്ട് നല്‍കി ഒൻപതാം ദിവസം എൻഒസി നല്‍കിയെന്നാണ് കളക്ടറുടെ റിപ്പോർട്ടില്‍ പറയുന്നത്. ടൗണ്‍ പ്ലാനർ റിപ്പോർട്ട് നല്‍കിയത് സെപ്റ്റംബർ 30 നാണ്. ഒക്ടോബർ 9 ന് എഡിഎം എൻഒസി നല്‍കിയെന്ന് കണ്ണൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ടില്‍ പറയുന്നു.ചെങ്ങളായി പഞ്ചായത്തും ഫയർ ഓഫീസറും തളിപ്പറമ്ബ് തഹസില്‍ദാരും ജില്ലാ സപ്ലൈ ഓഫീസറും അനുകൂല റിപ്പോർട്ട് നല്‍കിയെങ്കിലും ജില്ലാ പൊലീസ് മേധാവി എൻഒസി എതിർത്തിരുന്നു. പെട്രോള്‍ പമ്ബ് സ്ഥാപിക്കുന്ന സ്ഥലത്തെ റോഡിലെ വളവ് കാരണമായിരുന്നു പൊലീസ് എതിർപ്പ് അറിയിച്ചത്. ഇതോടെ എഡിഎം ടൗണ്‍ പ്ലാനറുടെ റിപ്പോർട്ട് തേടി. ഭൂമി നിരത്തി, കാട് വെട്ടിയും അനുമതി നല്‍കാമെന്നായിരുന്നു ടൗണ്‍ പ്ലാനറുടെ റിപ്പോർട്ട്. ഇതിന് പിറകെ സ്ഥലം സന്ദർശിച്ച എഡിഎം അനുമതി നല്‍കുകയായിരുന്നു. ഫയല്‍ നീക്കത്തില്‍ നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.