പ്രതിദിനം 600 ട്രെയിനുകള്‍; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷന്‍
ഏറ്റവും കൂടുതല്‍ ആളുകള്‍ ദിനംപ്രതി ആശ്രയിക്കുന്ന യാത്രമാര്‍ഗമാണല്ലൊ ട്രെയിന്‍. പ്രത്യേകിച്ച് നമ്മുടെ നാട്ടില്‍ ലക്ഷോപലക്ഷം ആളുകളാണ് ഒരുദിവസം ഈ മാര്‍ഗത്തെ ആശ്രയിക്കുന്നത്.ലോക്കലും, മെട്രോയും, എക്‌സപ്രസും എന്നുവേണ്ടീല പലതരം തീവണ്ടികള്‍ നമ്മുടെ നിത്യജീവിതത്തിന്‍റെ ഭാഗമാണ്. വന്‍ നഗരങ്ങളിലെ തിരക്ക് പറയുക കൂടി വേണ്ട.ഇന്ത്യയിലെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷന്‍ ഏതാണെന്നോ ഒരുപക്ഷെ ഏറ്റവും നീളം കൂടിയ റെയില്‍വേ സ്റ്റേഷന്‍ ഏതെന്നോ നമ്മളില്‍ പലരും ചിന്തിച്ചിട്ടുണ്ടാകും.എന്നാല്‍ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷന്‍ ഏതെന്ന് നിങ്ങള്‍ക്കറിയാമോ?മനസിലിപ്പോള്‍ ന്യൂഡല്‍ഹി, മുംബൈ, ചെന്നൈ ഒക്കെയാകും ഓടിയെത്തിയിരിക്കുക. എന്നാല്‍ ഇവയൊന്നുമല്ല ആ ഉത്തരം. പശ്ചിമ ബംഗാളിലെ കോല്‍ക്കത്തയ്ക്ക് സമീപമുള്ള ഹൗറ ജംഗ്ഷനാണിത്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സ്റ്റേഷനുകളില്‍ ഒന്നാണ് ഈ സ്റ്റേഷന്‍.1850-കളില്‍ സ്ഥാപിതമായ ഹൗറ റെയില്‍വേ സ്റ്റേഷന്‍ ഇന്ത്യയുടെ റെയില്‍വേ ചരിത്രത്തിലെ ഒരു പ്രധാന ഭാഗമാണ്. 1854-ല്‍ ഹൗറയില്‍ നിന്ന് ഹൂഗ്ലിയിലേക്കുള്ള കിഴക്കന്‍ ഇന്ത്യയിലെ ആദ്യത്തെ ട്രെയിന്‍ യാത്രയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു.സമകാലികത്തില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനമാണ് ഈ റെയില്‍വേ സ്‌റ്റേഷന്‍ നടത്തുന്നത്. വിവരങ്ങള്‍ക്കായുള്ള തത്സമയ ഇലക്‌ട്രോണിക് ഡിസ്‌പ്ലേകള്‍ മുതല്‍ വാട്ടര്‍ ഡ്രെയിനേജ് സംവിധാനവും എമര്‍ജന്‍സി ലൈറ്റിംഗും വരെ ഇവിടെയുണ്ട്. യാത്രക്കാര്‍ക്കായി ഈ ടാക്‌സി സൗകര്യവും ഉണ്ട്.ഏകദേശം 600 ട്രെയിനുകള്‍ പ്രതിദിനം ഇവിടെ എത്തുന്നുണ്ടത്രെ. 23 പ്ലാറ്റ്‌ഫോമുകളാണ് ഇവിടെയുള്ളത്. ദിവസവും ഒരു ദശലക്ഷത്തിലധികം യാത്രക്കാര്‍ ഈ സ്റ്റേഷനിലെത്തുന്നു. എന്നാല്‍ സമയനിഷ്ഠയില്‍ പ്രസിദ്ധമാണ് ഈ സ്റ്റേഷന്‍. പ്രത്യേകിച്ച് ദൈനംദിന ലോക്കല്‍ ഇഎംയു ട്രെയിനുകള്‍ 99 ശതമാനവും കൃത്യസമയത്ത് ഓടുന്നു. അതിനാല്‍ത്തന്നെ യാത്രികരുടെ ഏറ്റവും പ്രിയപ്പെട്ട റെയില്‍വേ സ്‌റ്റേഷനുകളില്‍ ഒന്നാണ് ഇത്