ഇന്ത്യൻ മണ്ണിലെ ഏറ്റവും കുറഞ്ഞ സ്കോര്‍. നാണക്കേടിന്റെ റെക്കോര്‍ഡുമായി ഇന്ത്യ;

ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ വളരെ മോശം ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്.മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കേവലം 46 റണ്‍സിന് ഓള്‍ഔട്ട് ആവുകയുണ്ടായി.ഇതോടെ ഒരു മോശം റെക്കോർഡാണ് ഇന്ത്യ തങ്ങളുടെ പേരില്‍ ചേർത്തിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യൻ മണ്ണിലെ ഇന്ത്യയുടെ ഏറ്റവും മോശം ബാറ്റിംഗ് പ്രകടനമാണ് മത്സരത്തില്‍ പിറന്നത്. 1987ല്‍ വിൻഡീസിനെതിരെ ഡല്‍ഹിയില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ 75 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ട് ആയിരുന്നു. ഇതായിരുന്നു ഇന്ത്യയുടെ ഇന്ത്യൻ മണ്ണിലെ ഏറ്റവും മോശം ബാറ്റിംഗ് പ്രകടനം.എന്നാല്‍ ന്യൂസിലാൻഡിനെതിരെ ഇത് മറികടക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. മുൻപ് 2008ല്‍ അഹമ്മദാബാദില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന മത്സരത്തില്‍ 76 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ട് ആയിരുന്നു. ഇംഗ്ലണ്ടിനെതിരെയും ന്യൂസിലാൻഡിനെതിരെയും മുൻപ് ഇന്ത്യ 83 റണ്‍സിന് ഓള്‍ഔട്ട് ആയിട്ടുണ്ട്. പക്ഷേ ഇതിനെയൊക്കെയും മറികടക്കുന്ന മോശം റെക്കോർഡാണ് ഇന്ത്യ ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. മാത്രമല്ല ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ ടോട്ടലാണ് മത്സരത്തില്‍ പിറന്നത്.2020ല്‍ അഡ്ലെയ്ഡില്‍ ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തില്‍ 36 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ട്‌ ആവുകയുണ്ടായി. ഇതാണ് ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത്. 1974ല്‍ ലോർഡ്സില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 42 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ട് ആയിരുന്നു. ഇതിനു ശേഷമാണ് ഇപ്പോള്‍ 2024ല്‍ ന്യൂസിലാൻഡിനെതിരെ 46 റണ്‍സിന് ഓള്‍ ഔട്ടായി ഇന്ത്യ നാണക്കേടിന്റെ ചരിത്രം കുറിച്ചത്.മത്സരത്തില്‍ 5 ഇന്ത്യൻ താരങ്ങളാണ് പൂജ്യരായി പുറത്തായത്. ഇതും ഇന്ത്യയ്ക്ക് നാണക്കേടിന്റെ റെക്കോർഡ് സൃഷ്ടിച്ചു. എന്തായാലും ഇന്ത്യയെ സംബന്ധിച്ച്‌ അനായാസം മറക്കാൻ സാധിക്കുന്ന ഒരു ബാറ്റിംഗ് പ്രകടനമാണ് മത്സരത്തില്‍ ഉണ്ടായിരിക്കുന്നത്.മത്സരത്തില്‍ 20 റണ്‍സ് നേടിയ റിഷഭ് പന്ത് ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. മറ്റെല്ലാ ബാറ്റർമാരും മത്സരത്തില്‍ പരാജയപ്പെടുകയാണ് ഉണ്ടായത്. മൂന്നാം നമ്ബറില്‍ വിരാട് കോഹ്ലിയും നാലാം നമ്ബറില്‍ സർഫറാസ് ഖാനും പൂജ്യരായി മടങ്ങിയത് ഇന്ത്യയെ ഞെട്ടിച്ച ഒരു ഘടകമാണ്. ശേഷം രാഹുലും ജഡേജയും അശ്വിനും റണ്‍സ് ഒന്നും നേടാതെ പുറത്തായതോടെ ഇന്ത്യ തകർന്നു വീഴുകയായിരുന്നു. എന്നിരുന്നാലും ശക്തമായ ബോളിംഗ് പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യയ്ക്ക് മത്സരത്തിലേക്ക് തിരികെ വരാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

Sharing

Leave your comment

Your email address will not be published. Required fields are marked *