ലെബനനിലെ ഹിസ്ബുള്ള താവളങ്ങളില്‍ നിന്നും റഷ്യൻ ആയുധങ്ങള്‍ കണ്ടെത്തിയതായി നെതന്യാഹു;
പാരീസ്: തെക്കൻ ലെബനനിലെ ഹിസ്ബുള്ള താവളങ്ങളില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ തിരച്ചിലില്‍ അത്യാധുനിക റഷ്യൻ ആയുധങ്ങള്‍ കണ്ടെത്തിയതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.2006 ലെ യുഎൻ സുരക്ഷാ കൗണ്‍സില്‍ പ്രമേയം അനുസരിച്ച്, ലെബനൻ സൈന്യത്തിന് മാത്രമേ ലിറ്റാനി നദിക്ക് തെക്ക് വശം ആയുധങ്ങള്‍ കൈവശം വയ്ക്കാൻ അനുവാദമുള്ളൂവെന്ന് ഫ്രഞ്ച് ദിനപത്രമായ ലെ ഫിഗാരോയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ നെതന്യാഹു ചൂണ്ടിക്കാട്ടി.ഈ പ്രദേശത്ത്, ഹിസ്ബുള്ള നൂറുകണക്കിന് തുരങ്കങ്ങള്‍ കുഴിക്കുകയും ആയുധങ്ങള്‍ ശേഖരിച്ചുവയ്ക്കുകയും ചെയ്തിട്ടുണ്ട്. അവിടെ ഞങ്ങള്‍ അത്യാധുനിക റഷ്യൻ ആയുധങ്ങള്‍ കണ്ടെത്തി. നെതന്യാഹുവിനെ ഉദ്ധരിച്ച് ഫ്രഞ്ച് ലേഖനം പറഞ്ഞു.ലെബനനിലെ ആഭ്യന്തരയുദ്ധം ഒരു ദുരന്തമായിരിക്കും. പ്രകോപനം സൃഷ്ടിക്കുക എന്നത് തീർച്ചയായും ഞങ്ങളുടെ ലക്ഷ്യമല്ല. ലെബനന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാൻ ഇസ്രായേല്‍ ഉദ്ദേശിക്കുന്നില്ല. ലെബനൻ അതിർത്തിയില്‍ താമസിക്കുന്ന ഞങ്ങളുടെ പൗരന്മാരെ നാട്ടിലേക്ക് പോകാനും സുരക്ഷിതത്വം അനുഭവിക്കാനും അനുവദിക്കുക എന്നതാണ് ഞങ്ങളുടെ ഏക ലക്ഷ്യം. നെതന്യാഹു ലെ ഫിഗാരോയോട് പറഞ്ഞു.അതേസമയം, ഹിസ്ബുള്ളയുമായുള്ള സംഘർഷം രൂക്ഷമായതിന് പിന്നാലെ ലെബനനില്‍ ഇസ്രായേല്‍ നടത്തിയ റെയ്ഡുകളില്‍ റഷ്യൻ, ചൈനീസ് ടാങ്ക് വിരുദ്ധ ആയുധങ്ങള്‍ കണ്ടെത്തിയതായി ഇസ്രേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.