എഡിഎമ്മിന്റെ മരണം, പിപി ദിവ്യയ‌്ക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു;

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പൊതുവേദിയില്‍ അപമാനിച്ചതു സഹിക്കാനാവാതെ എ ഡി എം നവീൻ ബാബു ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമപരമായ നടപടികള്‍ ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് ജില്ലാ ഭരണകൂടത്തിന് നോട്ടീസയച്ചത്.ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും പരാതി പരിശോധിച്ച്‌ രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. നവംബർ 19 ന് കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.എ ഡി എമ്മിന് ജീവനക്കാർ നല്‍കിയ യാത്രയയപ്പ് സമ്മേളനത്തില്‍ ക്ഷണിക്കപ്പെടാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ഡി എമ്മിനെ അഴിമതിക്കാരനാക്കിയെന്നാണ് പരാതി. പ്രസിഡന്റിന്റെ നടപടി തീർത്തും നിയമവിരുദ്ധമാണെന്നും നവീൻബാബുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും ആശ്രിതക്ക് ജോലിയും നല്‍കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി ദേവദാസ് നല്‍കിയ പരാതിയിലാണ് നടപടി.കണ്ണൂർ പള്ളിക്കുന്നിലുള്ള ക്വാർട്ടേഴ്സില്‍ ഇന്നലെ രാവിലെ തൂങ്ങിമരിച്ച നിലയിലാണ് നവീനെ കണ്ടെത്തിയത്. വിരമിക്കാൻ ഏഴുമാസം ശേഷിക്കേ ജന്മനാടായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കിട്ടിയതിന്റെ യാത്രയയപ്പ് ചടങ്ങ് തിങ്കളാഴ്ച ജില്ലാകളക്ടറുടെ സാന്നിദ്ധ്യത്തിലാണ് നടന്നത്. ശ്രീകണ്ഠാപുരം ചെങ്ങളായിയില്‍ ടി.വി.പ്രശാന്തൻ എന്നയാള്‍ തുടങ്ങുന്ന പെട്രോള്‍ പമ്ബിന് എൻ.ഒ.സി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ദിവ്യയുടെ കുത്തുവാക്കുകള്‍. വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും രണ്ടു ദിവസത്തിനുള്ളില്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും പറഞ്ഞ ദിവ്യ എ.ഡി.എമ്മിന് ഉപഹാരം നല്‍കുമ്ബോള്‍ നില്‍ക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാണ് വേദിവിട്ടത്.
പത്തനംതിട്ട എ.ഡി.എമ്മായി ചുമതലയേല്‍ക്കാൻ തിങ്കാളാഴ്ച രാത്രി 9മണിയുടെ ട്രെയിനില്‍ നാട്ടിലേക്ക് പോകുമെന്ന് നവീൻ പറഞ്ഞിരുന്നു. ഇന്നലെ രാവിലെ കൂട്ടിക്കൊണ്ടുപോകാൻ ഭാര്യയും മക്കളും ചെങ്ങന്നൂർ റെയില്‍വേ സ്റ്റേഷനില്‍ എത്തിയെങ്കിലും കണ്ടില്ല. തുടർന്ന് കണ്ണൂരിലെ ഡ്രൈവറെയും കളക്ടറെയും വിവരമറിയിച്ചു. ഡ്രൈവറും ഗണ്‍മാനും ക്വാർട്ടേഴ്സില്‍ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം രാത്രിയോടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഇന്നലെ പുലർച്ചെ നാലു മണിയോടെയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.റിട്ട.ഹെഡ്മാസ്റ്റർ പരേതനായ കിട്ടൻ നായരുടെയും റിട്ട.അദ്ധ്യാപികയും മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന പരേതയായ രത്നമ്മയുടെയും മകനാണ്. കോന്നി തഹസില്‍ദാർ മഞ്ജുഷയാണ് ഭാര്യ. മക്കള്‍:എൻജിനിയറിംഗ് കഴിഞ്ഞ് കോന്നി സി.എഫ്.ആർ.ഡി കോളേജില്‍ പി.ജിക്ക് പഠിക്കുന്ന നിരുപമ, പ്ലസ്ടു കഴിഞ്ഞ നിരഞ്ജന. സഹോദരങ്ങള്‍: കെ.പ്രവീണ്‍ ബാബു (ഹൈക്കോടതി അഭിഭാഷകൻ) റിട്ട.അദ്ധ്യാപിക ഷീല.

Sharing

Leave your comment

Your email address will not be published. Required fields are marked *