‘ഇന്ത്യയോട് കളിച്ചാല്‍ തിരിച്ചടി താങ്ങില്ല’; ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാൻ പ്രധാനമന്ത്രിയെ വിറപ്പിച്ച് കൊച്ചിക്കാരി
ഇന്ത്യയോട് കളി വേണ്ട. തിരിച്ചടി നിങ്ങള്‍ താങ്ങില്ല…” ഐക്യരാഷ്ട്രസഭയില്‍ കാശ്മീർ പ്രശ്നമുന്നയിച്ച പാകിസ്ഥാനെ വിറപ്പിച്ച ഭവിക.
കൊച്ചിയുടെ സ്വന്തം ‘കൊച്ചു”. യു.എന്നില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും ഫസ്റ്റ് സെക്രട്ടറിയുമാണ് മലയാളികളുടെ ഈ അഭിമാനം.എറണാകുളം എളംകുളം ആതിരയില്‍ റിട്ട. ബി.എസ്.എൻ.എല്‍ എൻജിനിയർമാരായ ടി.കെ. മംഗളാനന്ദന്റെയും കെ.എൻ. ബേബിറാണിയുടെയും ഏകമകളാണ് ഭവിക (35). കൊച്ചു എന്നാണ് വിളിപ്പേര്. ഫെബ്രുവരിയിലാണ് യു.എന്നില്‍ ചുമതലയേറ്റത്. മൂന്നുവർഷമാണ് കാലാവധി.കഴിഞ്ഞ ദിവസം യു.എൻ പൊതുസഭയില്‍ പാക് പ്രധാനമന്ത്രി ഷഹ്ബാദ് ഷെരീഫാണ് കാശ്മീർ എടുത്തിട്ടത്. കാശ്മീരില്‍ ഹിതപരിശോധന നടത്തണം. ആർട്ടിക്കിള്‍ 370 പുനഃസ്ഥാപിച്ചാലേ സമാധനം പുലരൂ എന്നായിരുന്നു ഷെരീഫിന്റെ പ്രസംഗം. ഇതിനാണ് ഭവിക ചുട്ട മറുപടി നല്‍കിയത്.
ലോകമെങ്ങുമുള്ള ഭീകരാക്രമണങ്ങളിലും മയക്കുമരുന്ന് കടത്തിലും പാകിസ്ഥാന് പങ്കുണ്ട്. ഇന്ത്യൻ അതിർത്തിയിലും നിരന്തരം പ്രശ്നമുണ്ടാക്കുന്നു. കാശ്മീർ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും ശ്രമിച്ചു. ഈ നില തുടർന്നാല്‍ പ്രത്യാഘാതം കനത്തതായിരിക്കും എന്നായിരുന്നു മുന്നറിയിപ്പ്. ലോകശ്രദ്ധ നേടിയ ഭവികയുടെ ചടുലത സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി.മകളെക്കുറിച്ചുള്ള വാർത്തകളില്‍ അഭിമാനമുണ്ടെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഔദ്യോഗിക കാര്യങ്ങളൊന്നും മകളോട് ചോദിക്കാറില്ല. ചോദിച്ചാല്‍ ചിരിയല്ലാതെ മറ്റൊരു മറുപടിയും കിട്ടാറുമില്ലെന്ന് മാതാപിക്കള്‍ പങ്കുവയ്ക്കുന്നു.2015ല്‍ ഐ.എഫ്.എസ് നേടി റഷ്യയിലെ ഇന്ത്യൻ എംബസില്‍ തേഡ് സെക്രട്ടറിയായാണ് ആദ്യനിയമനം. തുടർന്ന് സാൻഫ്രാൻസിസ്‌കോയില്‍ നിന്ന് ഇന്റർനാഷണല്‍ ഇന്റർപ്രട്ടേഷൻ ആൻഡ് ട്രാൻസ്‌ലേഷനിൻ റഷ്യനില്‍ ബിരുദാനന്തരബിരുദം നേടി. ബെലാറൂസില്‍ ഹെഡ് ഒഫ് കോണ്‍സുലേറ്റ് ആയും പ്രവർത്തിച്ചു.ഐ.ഐ.ടി എ.ടെക് ഹോള്‍ഡർ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജില്‍ നിന്ന് ഇലക്‌ട്രോണിക്‌സില്‍ ബി.ടെക്കും ഡല്‍ഹി ഐ.ഐ.ടിയില്‍നിന്ന് എം.ടെക്കും നേടി. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുമ്പോഴാണ് ഐ.എഫ്.എസ് ലഭിച്ചത്. ദുബായില്‍ ബിസിനസുകാരനായ പ്രശ്യാന്ത് ശ്രീനിവാസനാണ് ഭർത്താവ്.
സംഗീതവും നൃത്തവും അഭ്യസിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും കഥയും കവിതയുമെഴുതും. സിവില്‍ സർവീസ് പരീക്ഷയ്ക്ക് മുമ്പ് മൂകാംബിക മണ്ഡപത്തില്‍ ഗാനാർച്ചന നടത്തി. ഫലം വരുമ്പോള്‍ ഗുരുവായൂർ നടയിലായിരുന്നു. അമ്മ ബേബിറാണി ആലുവ ശ്രീനാരായണഗിരി സേവികാസമാജം എക്സിക്യുട്ടീവ് കമ്മിറ്റിയംഗമാണ്.