
56 വര്‍ഷം മുമ്പ് വിമാനാപകടത്തില്‍ കാണാതായ മലയാളി സൈനികന്‍റെ മൃതദേഹം കിട്ടി
പത്തനംതിട്ട: വിമാനാപകടത്തില്‍ കാണാതായ ഇലന്തൂർ സ്വദേശിയായ സൈനികന്‍റെ ഭൗതികശരീരം 56 വർഷത്തിനുശേഷം കണ്ടെത്തി.ഇലന്തൂർ ഒടാലില്‍ ഒ.എം. തോമസിന്‍റെ മകൻ തോമസ് ചെറിയാന്‍റെ മൃതദേഹമാണ് കഴിഞ്ഞദിവസം ലേ ലഡാക് മഞ്ഞുമലകളില്‍നിന്ന് കണ്ടെത്തിയത്.1968ലാണ് തോമസ് ചെറിയാനെ കാണാതായത്. അന്ന് 22 വയസ്സായിരുന്നു. പത്തനംതിട്ട കാതോലിക്കറ്റ് സ്കൂളില്‍നിന്ന് എസ്.എസ്.എല്‍.സിയും കോളജില്‍നിന്ന് പ്രീ-യൂനിവേഴ്സിറ്റിയും പൂർത്തിയാക്കിയ തോമസ് സൈന്യത്തില്‍ ചേരുകയായിരുന്നു. ലഡാക്കില്‍നിന്ന് ലേ ലഡാക്കിലേക്ക് പോകവെയാണ് വിമാനം തകർന്ന് കാണാതായത്. അപകടത്തില്‍ നിരവധിപേരെ കാണാതായിരുന്നു.തോമസിന്‍റെ ഭൗതികശരീരം കണ്ടെത്തിയ വിവരം സൈനിക ഉദ്യോഗസ്ഥർ ഇലന്തൂരിലെ വീട്ടില്‍ അറിയിച്ചു. അവിവാഹിതനായിരുന്നു തോമസ്. മാതാവ്: ഏലിയാമ്മ. തോമസ് തോമസ്, തോമസ് വർഗീസ്, മേരി വർഗീസ്, പരേതനായ തോമസ് മാത്യു എന്നിവർ സഹോദരങ്ങളാണ്. ഭൗതികശരീരം ഇലന്തൂരില്‍ എത്തിച്ച് സെന്‍റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയില്‍ സംസ്കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.