
ഹിസ്ബുള്ള തലവന്റെ മകള്‍ സൈനബ് നസറുള്ള കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; ബെയ്റൂട്ടിലെ ആസ്ഥാനം തവിടുപൊടിയായെന്ന് ഇസ്രായേല്‍
ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള തലവൻ സയ്യിദ് ഹസൻ നസറുള്ളയുടെ മകള്‍ സൈനബ് നസറുള്ള കൊല്ലപ്പെട്ടതായി വിവരം.ഇസ്രായേലി വാർത്താ മാദ്ധ്യമമായ ചാനല്‍ 12 ആണ് മരണം റിപ്പോർട്ട് ചെയ്തത്. സൈനബിന്റെ മൃതദേഹം ഇസ്രായേല്‍ ആക്രമിച്ച കമാൻഡ് സെൻ്ററിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയെന്നും സൂചനയുണ്ട്. ഹസൻ നസറുള്ള കൊല്ലപ്പെട്ട സൂചനകള്‍ പുറത്ത് വരുന്നതിനിടെയാണ് മകളുടെ മരണം ഇസ്രായേല്‍ മാദ്ധ്യമങ്ങള്‍ പുറത്ത് വിട്ടത് എന്നാല്‍ സൈനബിന്റെ മരണം സ്ഥിരീകരിക്കാൻ ഹിസ്ബുള്ളയോ ലെബനീസ് അധികൃതരോ തയ്യാറായില്ല ഹിസ്ബുള്ളയുടെ നേതൃത്വത്തിലെ സ്ത്രീ സാന്നിദ്ധ്യമാണ് സൈനബ് എന്ന് പറയപ്പെടുന്നു. 1997-ല്‍ സൈനബിന്റെ സഹോദരൻ ഹാദിയേയും ഇസ്രയേല്‍ സൈന്യം വധിച്ചിരുന്നു.വെള്ളിയാഴ്ചയാണ് ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) ഹിസ്ബുള്ളയുടെ പ്രധാന ആസ്ഥാനത്ത് വ്യോമാക്രണം നടത്തിയത്. ഇറാൻ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പിന്റെ തലവൻ സയ്യിദ് ഹസൻ നസറുള്ള ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കെട്ടിടങ്ങള്‍ ആണ് ആക്രമിക്കപ്പെട്ടത്. കുറഞ്ഞത് ആറ് കെട്ടിടങ്ങളെങ്കിലും നശിപ്പിച്ചു. ഹിസ്ബുള്ളക്കെതിരെയുള്ള പോരാട്ടത്തില്‍ ഇസ്രായേല്‍ നടത്തിയ ഏറ്റവും വലിയ മുന്നേറ്റമാണിത്.ദിവസങ്ങള്‍ക്കു മുമ്പ് ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന ആയിരക്കണക്കിന് പേജുകളും വാക്കി-ടോക്കികളും പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം രൂക്ഷമായത്. സംഭവത്തിന് പിന്നില്‍ ടെല്‍ അവീവ് ആണെന്ന് ആരോപിച്ച്, ഹിസ്ബുള്ള ഇസ്രായേലിന് നേരെ ആക്രമണം അഴിച്ചുവിട്ടു. ഇസ്രായേല്‍ ഇതിനെതിരെ കനത്ത വ്യോമാക്രമണത്തിലൂടെയാണ് പ്രതികരിച്ചത്.ശനിയാഴ്ച, ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളില്‍ നിന്നും മാറാൻ ബെയ്റൂട്ടിലെ ദഹിയിലെ സമീപപ്രദേശങ്ങളിലെ താമസക്കാർക്ക് ഐഡിഎഫ് മുന്നറിയിപ്പ് നല്കി. ഹിസ്ബുള്ളയ്ക്കെതിരെ ആക്രമണം തുടരുമെന്നും പ്രതിരോധ സേന വ്യക്തമാക്കി. തങ്ങളുടെ യുദ്ധം ഹിസ്ബുള്ളയോടാണ്, ലെബനനിലെ ജനങ്ങളോടല്ലെന്നും ഇസ്രായേല്‍ സൈന്യം എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.