ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സഞ്ചരിച്ച കാര്‍ റോഡിലെ കുഴിയില്‍ വീണ് അപകടം; സംഭവം തൃശൂര്‍- കുന്നംകുളം റോഡില്‍
കൊച്ചി: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു. തൃശൂർ- കുന്നംകുളം റോഡില്‍ മുണ്ടൂരില്‍വെച്ച് റോഡിലെ വലിയ കുഴിയില്‍ വീണായിരുന്നു അപകടം.കാറിൻ്റെ മുൻവശത്തെ ഇടതു ഭാഗത്തെ ടയർ പൊട്ടി. ഔദ്യോഗിക വാഹനത്തില്‍ കോഴിക്കോട് ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് തിരികെ വരുമ്പോഴായിരുന്നു അപകടം.ശനിയാഴ്ച ഉച്ചക്ക് 2.30 ഓടെയായിരുന്നു അപകടം. പേരാമംഗലം പോലീസെത്തി വാഹനത്തിന്റെ ടയർമാറ്റി. ടയർ ശരിയാക്കിയ ശേഷം അദ്ദേഹം കൊച്ചിയിലേക്ക് യാത്ര തിരിച്ചു.തൃശൂർ-കുന്നംകുളം ബൈപ്പാസ് റോഡ് തകർന്ന് ശോചനീയാവസ്ഥയിലാണ്. ഇതിനെതിരേ നേരത്തെ ജനങ്ങളുടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് നിലവില്‍ റോഡിന്റെ ചില ഭാഗങ്ങളില്‍ മാത്രം അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്.