
ഫീസ് അടയ്ക്കാൻ മൂന്നു മിനിറ്റ് വൈകി, സീറ്റ് നിഷേധിച്ച് ഐഐടി; സഹായവാഗ്ദാനം നല്‍കി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്;
ഫീസ് അടക്കാൻ മിനിറ്റുകള്‍ വൈകിയതിനെത്തുടർന്ന് ഐഐടിയില്‍ സീറ്റ് നിഷേധിക്കപ്പെട്ട ദലിത് വിദ്യാർത്ഥിക്ക് സഹായം ഉറപ്പ് നല്‍കി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്.സെർവർ തകരാറിനെ തുടർന്ന് 18 കാരനായ അതുല്‍ ഫീസ് അടക്കാൻ മൂന്നു മിനിറ്റ് വൈകി. ഇതോടെയാണ് സീറ്റ് നഷ്ടപ്പെട്ടുവെന്ന വിവരം അതുലിന് ലഭിച്ചത്. വിഷയത്തില്‍ ജാർഖണ്ഡ് ഹൈക്കോടതിയെയാണ് അതുല്‍ ആദ്യം സമീപിച്ചത്. തുടർന്ന് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.ഹർജി പരിഗണിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അതുലിന് എല്ലാവിധ സഹായവും ഉറപ്പു നല്‍കുകയായിരുന്നു. ഹർജിക്കാരന്റെ സാമൂഹിക പശ്ചാത്തലവും ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് അക്കാദമിയില്‍ പ്രവേശനം ലഭിക്കുന്നതിന് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഹർജി പരിഗണിക്കവേ മൂന്നംഗ ബെഞ്ച് അഭിപ്രായപ്പെട്ടു. സെപ്റ്റംബർ 30 ന് ഹർജി വീണ്ടും പരിഗണിക്കും.ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ ടിറ്റോറ ഗ്രാമത്തിലാണ് അതുലും കുടുംബം താമസിക്കുന്നത്. ജൂണ്‍ 9 നാണ് ഐഇഇ പരീക്ഷാ ഫലം അറിയുന്നത്. ജൂണ്‍ 24 ന് വൈകിട്ട് 5 വരെയായിരുന്നു ഫീസ് അടയ്ക്കുന്നതിനുള്ള സമയം. അതുലിന്റെ പിതാവ് ദിവസവേതനക്കാരനാണ്. അതിനാല്‍തന്നെ ഫീസ് അടയ്ക്കാനുള്ള തുക കണ്ടെത്താൻ കുടുംബം ഏറെ ബുദ്ധിമുട്ടി. ഗ്രാമവാസികളില്‍നിന്നും കടം വാങ്ങിയാണ് 17,500 രൂപ സംഘടിപ്പിച്ചത്. എന്നാല്‍ സമയപരിധി അവസാനിച്ച് മൂന്നു മിനിറ്റ് ആയതിന്റെ പേരില്‍ അതുലിന് ഫീസ് അടയ്ക്കാൻ കഴിഞ്ഞില്ല.”കൗണ്‍സിലിങ് കഴിഞ്ഞപ്പോള്‍ ഐഐടി ധൻബാദിലെ ഇലക്‌ട്രിക്കല്‍ ഡിപ്പാർട്ട്‌മെന്റില്‍ എനിക്ക് പ്രവേശനം ലഭിച്ചു. ജൂണ്‍ 24 ന് വൈകുന്നേരം 5 മണിക്ക് മുമ്ബ് സീറ്റ് ഉറപ്പിക്കാനായി 17,500 രൂപ ഫീസ് അടയ്‌ക്കണമായിരുന്നു. വൈകിട്ട് 4.45 നാണ് ഞാൻ പണം സ്വരൂപിച്ചത്. എന്നാല്‍ ആവശ്യമായ മറ്റു വിവരങ്ങള്‍ നല്‍കി വന്നപ്പോള്‍ ഫീസ് അടയ്ക്കാനുള്ള സമയം കഴിഞ്ഞു,” അതുല്‍ പറഞ്ഞു.വിഷയത്തില്‍ നീതി തേടി ആദ്യം ജാർഖണ്ട് ഹൈക്കോടതിയെയാണ് അതുല്‍ സമീപിച്ചത്. എന്നാല്‍ പരീക്ഷ നടത്തിയത് ഐഐടി മദ്രാസ് ആയതിനാല്‍ വിഷയം മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റാൻ നിർദേശിച്ചു. മദ്രാസ് ഹൈക്കോടതിയാണ് സുപ്രീം കോടതിയെ സമീപിക്കാൻ നിർദേശം നല്‍കിയത്.