ഇന്ത്യ v/s ബംഗ്ലാദേശ്: ഇന്ത്യ തന്നെ ഡ്രൈവിങ് സീറ്റില്‍; ബംഗ്ലാദേശിനെ രക്ഷിച്ച് അപ്രതീക്ഷിത അതിഥി
കാണ്‍പൂരില്‍ ഇന്ത്യ ബംഗ്ലാദശ് രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം മഴ മൂലം നിർത്തി വെച്ചു. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യ 35 ഓവറില്‍ 107 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ നേടി.മത്സരത്തില്‍ ഇന്ത്യ തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. പേസർ ആകാശ് ദീപ് സിങ് 10 ഓവറില്‍ 34 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളും അദ്ദേഹം നേടി മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. കൂടാതെ സ്പിന്നറായ രവിചന്ദ്രൻ അശ്വിൻ 9 ഓവറില്‍ 22 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി.ബംഗ്ലാദേശിന് വേണ്ടി മുന്നില്‍ നിന്ന് നയിക്കുന്നത് മോമിനുള്‍ ഹക്ക് ആണ്. 81 പന്തുകളില്‍ നിന്ന് ഏഴ് ബൗണ്ടറികള്‍ അടക്കം 40 റണ്‍സ് നേടി ക്രീസില്‍ സ്ഥിരതയാർന്ന ഇന്നിങ്സ് ആണ് താരം നടത്തുന്നത്. അദ്ദേഹത്തിന് കൂട്ടായി മുഷ്ഫിഖൂർ റഹ്മാൻ (13 പന്തില്‍ 6 റണ്‍സ്) കൂടെയുണ്ട്. ബംഗ്ലാദേശിന് വേണ്ടി ഭേദപ്പെട്ട പ്രകടനമാണ് ക്യാപ്റ്റൻ നജ്മുല്‍ ഹൊസൈൻ ഷാന്റോ കാഴ്ച വെച്ചത്. 57 പന്തുകളില്‍ നിന്ന് ആറ് ബൗണ്ടറികള്‍ അടക്കം 31 റണ്‍സ് ആണ് അദ്ദേഹം നേടിയത്. കൂടാതെ ഷാദ്മാൻ ഇസ്ലാം 36 പന്തുകളില്‍ നാല് ബൗണ്ടറികള്‍ അടക്കം 24 റണ്‍സും നേടി.മഴ മൂലമാണ് ഇന്നത്തെ മത്സരം നിർത്തി വെച്ചത്. കാലാവസ്ഥ നിരീക്ഷകരുടെ റിപ്പോട്ടുകള്‍ പ്രകാരം നാളെയും കാണ്‍പൂരില്‍ കനത്ത മഴയ്ക്ക് സാധ്യത ഉണ്ട്.