‘നീതിയില്ലെങ്കില്‍ നീ തീയാവുക, ആത്മാഭിമാനം ഇത്തിരി കൂടുതലുണ്ട്’; പാര്‍ട്ടി നിര്‍ദേശം തള്ളി മാധ്യമങ്ങളെ കാണാന്‍ പി വി അന്‍വര്‍; ആവശ്യങ്ങളെല്ലാം മുഖ്യമന്ത്രിയും സിപിഎമ്മും നിരാകരിച്ചതോടെ കോണ്‍ഗ്രസില്‍ ചേക്കേറാന്‍ സാധ്യത തേടുന്നു
കോഴിക്കോട്: പാര്‍ട്ടിക്ക് വഴങ്ങാതെ തന്നിഷ്ടം തുടരുന്ന പി വി അന്‍വര്‍ വീണ്ടും വെല്ലുവിളിയുമായി രംഗത്ത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കും എ.ഡി.ജി.പി എം.ആര് അജിത് കുമാറിനും എതിരെ ഉന്നയിച്ച ആരോപണങ്ങളില്‍നിന്ന് പിന്നോട്ടില്ലെന്ന് സൂചിപ്പിച്ചു കൊണ്ടാണ് അന്‍വര്‍ രംഗത്തുവന്നിരിക്കുന്നത്. ഇന്ന് വൈകീട്ട് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചുകൊണ്ട് ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് അദ്ദേഹം നിലപാട് വീണ്ടും കടുപ്പിച്ചിരിക്കുന്നത്.’വിശ്വാസങ്ങള്‍ക്കും വിധേയത്വത്തിനും താല്‍ക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്.’നീതിയില്ലെങ്കില്‍ നീ തീയാവുക’എന്നാണല്ലോ. ഇന്ന് വൈകിട്ട് നാലരയ്ക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്’, അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.സിപിഎമ്മിനെയും സര്‍ക്കാരിനെയും മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ള ആരോപണങ്ങള്‍ നിരന്തരം ഉന്നയിച്ചതിനു പിന്നാലെയാണ് അന്‍വര്‍ അപ്രതീക്ഷിത വാര്‍ത്താസമ്മേളനം വീണ്ടും വിളിച്ചിരുക്കുന്നത്. പരസ്യപ്രതികരണങ്ങള്‍ പാടില്ലെന്ന് പാര്‍ട്ടി വിലക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും പരസ്യവിമര്‍ശനത്തിന് ഒരുങ്ങുന്നത്. അതേസമയം അന്‍വര്‍ പാര്‍ട്ടിയെ ധിക്കരിക്കാന്‍ തയ്യാറാകുന്നത് മറുകണ്ടം ചാടാന്‍ ലക്ഷ്യമിട്ടാണെന്നാണ് സൂചന. കോണ്‍സ്രില്‍ സാധ്യതള്‍ തേടുന്നുണ്ട് അദ്ദേഹം. മുന്‍ പാര്‍ട്ടിക്കാരനെന്ന നിലയില്‍ അന്‍വറിനെ പൂര്‍ണമായും തള്ളാന്‍ കോണ്‍ഗ്രസും തയ്യാറായിട്ടില്ല.
അതേസമയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ പി.വി. അന്‍വര്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങളൊന്നും സി.പി.എമ്മും സര്‍ക്കാറും മുഖവിലയ്ക്കെടുത്തിരുന്നില്ല. താനുമായി ഉടക്കിയ എ.ഡി.ജി.പി അജിത്കുമാറിനെ സംരക്ഷിക്കുന്നതില്‍ പ്രകോപിതനായാണ് പി.വി. അന്‍വര്‍, ശശിക്കെതിരെ തിരിഞ്ഞത്. ഗുരുതര ആരോപണങ്ങള്‍ പരസ്യമായി ഉന്നയിച്ച് മുഖ്യമന്ത്രിയെയും സര്‍ക്കാറിനെയും പ്രതിരോധത്തിലാക്കി ജയിക്കാമെന്നായിരുന്നു ആദ്യ കണക്കുകൂട്ടല്‍.എന്നാല്‍, പിണറായി വിജയനുവേണ്ടി ആഭ്യന്തര വകുപ്പ് അടക്കിഭരിക്കുന്ന പൊളിറ്റിക്കല്‍ സെക്രട്ടറിയെ വില കുറച്ചു കണ്ടതില്‍ അന്‍വറിന് പാളി. നിലമ്ബൂരില്‍ ആദ്യവെടി പൊട്ടിച്ച് കൂടുതല്‍ വിവരങ്ങള്‍ പറയുമെന്ന് മുന്നറിയിപ്പ് നല്കി തലസ്ഥാനത്ത് മുഖ്യമന്ത്രിയെ കാണാനെത്തുമ്ബോള്‍ അന്‍വറിന് സര്‍ക്കാറില്‍ പ്രതീക്ഷ ഏറെയായിരുന്നു. എന്നാല്‍, അഞ്ച് മിനിറ്റ് മാത്രമാണ് മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ പറ്റിയത്. ശശിയെയും അജിത്കുമാറിനെയും കൈവിടില്ലെന്ന് അപ്പോള്‍ പിണറായി വിജയന് കൃത്യമായ സൂചന നല്കി. മുഖ്യമന്ത്രിയെ കണ്ടിറങ്ങിയതിനു പിന്നാലെ, പരാതിയുടെ പകര്‍പ്പ് പാര്‍ട്ടി സെക്രട്ടറിക്ക് നല്‍കുമെന്ന് പറഞ്ഞത് അതുകൊണ്ടാണ്.പകര്‍പ്പ് നല്കിയപ്പോള് ശശിയുടെ പേരില്ലെന്ന് പറഞ്ഞ് എം.വി. ഗോവിന്ദന് കൈകഴുകി. ശശിയുടെ പേരെഴുതി പുതിയ പരാതി നല്‍കുക മാത്രമല്ല, അക്കാര്യം പരസ്യപ്പെടുത്തുകയും ചെയ്ത അന്‍വറിന് എഴുതിക്കിട്ടിയാല്‍ എല്ലാം പരിശോധിക്കാമെന്ന പാര്‍ട്ടി സെക്രട്ടറിയുടെ ഉറപ്പിലായിരുന്നു അവസാന പ്രതീക്ഷ. അതും അസ്ഥാനത്താകുന്നതാണ് ബുധനാഴ്ച സെക്രട്ടറിയേറ്റ് യോഗത്തില്‍ കണ്ടത്. പി. ശശിക്കെതിരായ അന്‍വറിന്റെ പരാതി സെക്രട്ടറിയേറ്റ് യോഗത്തില്‍ വായിക്കുക പോലുമുണ്ടായില്ല.
പി. ശശിയുടേത് മാതൃകാപരമായ പ്രവര്‍ത്തനമെന്ന് വാര്‍ത്തസമ്മേളനം വിളിച്ച് പ്രകീര്‍ത്തിച്ച പിണറായി വിജയന്റെ വാക്കുകള്‍ ഏറക്കുറെ, അതുപോലെ എം.വി. ഗോവിന്ദനും മാധ്യമങ്ങള്‍ക്കു മുന്നില്‍ ഏറ്റുപാടി. പിന്നാലെ അന്‍വര്‍ നാവടക്കണമെന്ന മുന്നറിയിപ്പുമെത്തി. പാര്‍ട്ടിയും സര്‍ക്കാറും ഒരുപോലെ കൈവിട്ട പി.വി. അന്‍വറിന് ഇടതുപക്ഷത്ത് തുടരണമെങ്കില്‍ അല്പം അടങ്ങേണ്ടി വരുമെന്നുറപ്പ്. എന്നാല്‍, ഈ കീഴടങ്ങല്‍ അംഗീകരിക്കാനാവില്ലെന്ന മുന്നറിയിപ്പാണ് ഇന്നത്തെ ഫേസ്ബുക് പോസ്റ്റിലൂടെ അന്‍വര്‍ വ്യക്തമാക്കുന്നത്. അതേസമയം, നിയമസഭ സമ്മേളിക്കാനിരിക്കെ വിവാദം ആളിക്കത്തി പരിക്ക് വഷളാകാതിരിക്കാന്‍ വൈകാതെ അജിത്കുമാറിന് സ്ഥാനചലനമുണ്ടാകുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസവും അജിത്കുമാറിനെതിരെ അന്‍വര്‍ രംഗത്തുവന്നിരുന്നു. എഡിജിപി -ആര്‍എസ്എസ് കൂടിക്കാഴ്ചയടക്കം പുറത്തുവന്നത് അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ്. 20-ലധികം ദിവസങ്ങള്‍ക്കുശേഷം കൂടിക്കാഴ്ചയില്‍ എഡിജിപിക്കെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെങ്കിലും അന്‍വര്‍ ആക്രമണം തുടര്‍ന്നിരുന്നു. എഡിജിപി ക്രിമിനലാണെന്നും അദ്ദേഹത്തെ സര്‍വീസില്‍നിന്ന് പുറത്താക്കണമെന്നും കഴിഞ്ഞ ദിവസവും അന്‍വര്‍ പറഞ്ഞിരുന്നു.അതിനിടെ, അന്‍വര്‍ ഗുരുതര ആരോപണമുന്നയിച്ച പി. ശശിക്ക് ക്ലീന്‍ചിറ്റ് നല്കുന്ന സമീപനമാണ് സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. പരസ്യപ്രതികരണം പാടില്ലെന്ന് പാര്‍ട്ടി നിര്‍ദേശം നിലനില്‍ക്കെയാണ് അദ്ദേഹം ഇന്ന് വീണ്ടും വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ഇതോടെ അന്‍വറിന്റെ അടുത്ത നീക്കം എന്താകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്.