ലുലു ; കളമശ്ശേരിയില്‍ 800 കോടിയുടെ വന്‍ പദ്ധതി, 3 മാസത്തിനുള്ളില്‍ ഉദ്ഘാടനം;
ആഗോളതലത്തില്‍ തന്നെ തങ്ങളുടെ പ്രവർത്തനം കൂടുതല്‍ ശക്തമാക്കുകയാണ് മലയാളികളുടെ അഭിമാനമായ ലുലു ഗ്രൂപ്പ്. കേരളം, ഇന്ത്യ, അന്താരാഷ്ട്ര തലം എന്നിങ്ങനെ മൂന്ന് തരത്തില്‍ ലുലു ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ അവലോകനം ചെയ്താല്‍ ഒരോ മേഖലയിലും ഗ്രൂപ്പിന് വിവിധ തലത്തിലുള്ള പ്രവർത്തനങ്ങളാണ് വരും കാലയളവിലേക്കായിട്ടുള്ളത്.കേരളത്തില്‍ കൊച്ചി, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു ലുലു ഗ്രൂപ്പിന് ഇതുവരെ മാളുകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഓണത്തോട് അനുബന്ധിച്ച് കോഴിക്കോട് കൂടെ മാള്‍ തുറന്നതോടെ എണ്ണം മൂന്നില്‍ നിന്നും നാലിലേക്ക് ഉയർന്നു. അവിടം കൊണ്ടും ലുലു ഗ്രൂപ്പിന്റെ കേരളത്തിന്റെ പദ്ധതികള്‍ അവസാനിക്കുന്നില്ലെന്നതാണ് ശ്രദ്ധേയം.
ഓണത്തിന് കോഴിക്കോട് മാള്‍ തുറന്ന ലുലു ക്രിസ്മസിന് കോട്ടയത്തെ മാള്‍ ഓപ്പണ്‍ ചെയ്യും. കോട്ടയത്തെ മാളിന്റെ നിർമ്മാണം ഏകദേശം പൂർത്തിയായി കഴിഞ്ഞു. മൂന്ന് മാസത്തിനുള്ളില്‍ തന്നെ കോട്ടയത്തെ മാള്‍ തുറക്കുമെന്ന് കോഴിക്കോട് മാളിന്റെ ഉദ്ഘാടനത്തിനിടെ എംഎ യൂസഫ് അലി വ്യക്തമാക്കിയിരുന്നു.കോട്ടയത്തിന് പിന്നാലെ മലപ്പുറം ജില്ലയിലും ലുലുവിന്റെ മാള്‍ വരും, അതും ഒന്നല്ല രണ്ടെണ്ണം. പെരിന്തല്‍മണ്ണയിലും തിരൂരിലുമാണ് മാളുകള്‍ നിർമ്മിക്കുന്നത്. ഇവര രണ്ടും മിനി മാളുകളായിരിക്കും. തൃശൂർ തൃപ്രയാറില്‍ വൈമാളും എറണാകുളം കുണ്ടന്നൂരിലെ ഫോറം മാളില്‍ ലുലു ഹൈപ്പർമാർക്കറ്റുണ്ട്. ഇതുപോലെ തന്നെ എറണാകുളം കുണ്ടന്നൂരിലെ ഫോറം മാളില്‍ ലുലു ഹൈപ്പർമാർക്കറ്റുണ്ട്.
ലുലു ഗ്രൂപ്പിന്റെ അടുത്ത മറ്റൊരു വലിയ പദ്ധതി വരാന്‍ പോകുന്നത് കൊച്ചി കളമശ്ശേരിയിലാണ്. കളമശ്ശേരിയില്‍ ലുലു ഗ്രൂപ്പ് മൂന്നുമാസത്തിനുള്ളില്‍ ഭക്ഷ്യസംസ്കരണകേന്ദ്രം തുടങ്ങും എന്നാണ് യൂസഫ് അലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഡല്‍ഹി ഭാരത് മണ്ഡപത്തിലെ ‘വേള്‍ഡ് ഫുഡ് ഇന്ത്യ 2024′ പ്രദർശനത്തില്‍ കേരള പവിലിയൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.’കളമശ്ശേരിയില്‍ ലുലു ഗ്രൂപ്പ് മൂന്നുമാസത്തിനുള്ളില്‍ ഭക്ഷ്യസംസ്കരണകേന്ദ്രം തുടങ്ങും. 800 കോടി രൂപയാണ് നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്’ എഎ യൂസഫ് അലി പറഞ്ഞു. പദ്ധതി ആയിരക്കണക്കിന് ആളുകള്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ അവസരും ഉറപ്പ് വരുത്തും എന്നതിലും സംശയമില്ല.ഓർഗാനിക് ചരക്ക് സംഭരണത്തില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാൻ കമ്ബനി പദ്ധതിയിടുന്നുണ്ടെന്നും അത്തരം സാധനങ്ങളുടെ കയറ്റുമതി മൂല്യം ഒരു വർഷം 2000 കോടി രൂപവരെ ഉയർന്നേക്കുമെന്നും യൂസഫ് അലി വ്യക്തമാക്കിയിരുന്നു. ‘ഏകദേശം 10000 കോടി രൂപയുടെ കാർഷിക ഉല്‍പന്നങ്ങള്‍ ഞങ്ങള്‍ ഒരോ വർഷവും കയറ്റുമതി ചെയ്യുന്നു. രണ്ട് വർഷത്തിനുള്ളില്‍ ഇത് 15000 കോടി രൂപയായി ഉയർത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. വിവിധ രാജ്യങ്ങളിലേക്കുള്ള പ്രവർത്തനം ഞങ്ങള്‍ വ്യാപിപ്പിക്കുകയാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ ഉത്പന്നങ്ങളും ആവശ്യമാണ്’ അദ്ദേഹം പറഞ്ഞു.പഴങ്ങള്‍, പച്ചക്കറികള്‍, അരി, ചായപ്പൊടി, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങള്‍, മറ്റ് ധാന്യങ്ങള്‍ തുടങ്ങിയവാണ് പ്രധാനമായും ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്നത്. ലുലു ശേഖരിക്കുന്ന ഉല്‍പന്നങ്ങള്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) രാജ്യങ്ങളിലേക്കും മറ്റ് വിദൂര കിഴക്കൻ രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്നതായും ലുലു ഗ്രൂപ്പ് സ്ഥാപകന്‍ വ്യക്തമാക്കി.