മ്യാന്‍മറില്‍നിന്ന് നുഴഞ്ഞു കയറിയത് 900 കുകി ആയുധധാരികള്‍; ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന് പിന്നാലെ മണിപ്പുരില്‍ അതീവജാഗ്രത
ഇംഫാല്‍: മ്യാന്‍മറില്‍നിന്ന് 900ത്തിലധികം കുകി സായുധസേന അംഗങ്ങള്‍ മണിപ്പുരിലെത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന് പിന്നാലെ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി.മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന മലയയോര ജില്ലകളില്‍ കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നതെന്ന് സംസ്ഥാന സര്‍ക്കാറിന്റെ സുരക്ഷാ ഉപദേഷ്ടാവ് കുല്‍ദീപ് സിങ് പറഞ്ഞു.ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് പൊലീസ് ഡയറക്ടര്‍ ജനറല്‍, സുരക്ഷാ ഉപദേഷ്ടാവ്, ആഭ്യന്തര കമ്മീഷണര്‍ എന്നിവര്‍ക്ക് നല്‍കിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. ഇത് മെയ്‌തേയികള്‍ താമസിക്കുന്ന താഴ്വാര പ്രദേശങ്ങളില്‍ വലിയ ആശങ്കയാണ് ഉയര്‍ത്തിയിരിക്കുന്നത്.
സെപ്റ്റംബര്‍ 16നാണ് ഇന്റലിജന്‍സ് വിവരം ലഭിക്കുന്നത്. ഡ്രോണ്‍ അധിഷ്ഠിത ബോംബുകള്‍, പ്രൊജക്ടൈലുകള്‍, മിസൈലുകള്‍, വനത്തില്‍ യുദ്ധം ചെയ്യല്‍ എന്നിവയില്‍ പരിശീലനം ലഭിച്ച 900 ത്തിലധികം കുകി ആയുധാധാരികള്‍ മ്യാന്‍മറില്‍നിന്ന് മണിപ്പൂരിലെത്തിയെന്നാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. 30 യൂനിറ്റുകളായി ഇവരെ തരംതിരിച്ചിട്ടുണ്ടെന്നും ഇവര്‍ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി ചിതറിക്കിടക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സെപ്റ്റംബര്‍ 28ഓടെ മെയ്തേയി ഗ്രാമങ്ങള്‍ക്ക് നേരെ ആസൂത്രിതമായി ഒരുമിച്ച് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നും ഇതില്‍ വ്യക്തമാക്കുന്നു.
പുതിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 18ന് സുരക്ഷാ ഉപദേഷ്ടാവ് കുല്‍ദീപ് സിങ്ങിന്റെ അധ്യക്ഷതയില്‍ സ്ട്രാറ്റജിക് ഓപറേഷന്‍ ഗ്രൂപ്പിന്റെ അടിയന്തര യോഗം ചേര്‍ന്നു. സൈന്യം, അസം റൈഫിള്‍സ്, അതിര്‍ത്തി സുരക്ഷാ സേന, സിആര്‍പിഎഫ്, സംസ്ഥാന പൊലീസ് തുടങ്ങിയ സുരക്ഷാ ഏജന്‍സികളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലം യോഗത്തില്‍ പങ്കെടുത്തു.ഇന്റലിജന്‍സ് വിവരങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തുവെന്ന് കുല്‍ദീപ് സിങ് പറഞ്ഞു. ഈ പ്രശ്നത്തെ എങ്ങനെ നേരിടാമെന്നതില്‍ വിശദമായി ചര്‍ച്ച ചെയ്തു. പരിശോധന ശക്തമാക്കാന്‍ എല്ലാ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കി. കൂടാതെ ചുരാചന്ദ്പുര്‍, ഫെര്‍സാവ്ല്‍, ടെങ്ക്നോപാല്‍, കാംജോങ്, ഉഖ്റുല്‍ എന്നിവിടങ്ങളിലെ ജില്ലാ മേധാവികളോട് ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ടതായും കുല്‍ദീപ് സിങ് പറഞ്ഞു.സംസ്ഥാനത്ത് സെപ്റ്റംബര്‍ ഒന്ന് മുതല്‍ വീണ്ടും ആക്രമണ സംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഡ്രോണ്‍, മിസൈലുകള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൗത്രക്, സെഞ്ജാം ചിരാങ് എന്നീ ഗ്രാമങ്ങളിലാണ് ഡ്രോണ്‍ ഉപയോഗിച്ച് ബോംബുകള്‍ വര്‍ഷിച്ചത്. ബിഷ്ണുപുര്‍ ജില്ലയിലെ ഗ്രാമങ്ങളിലാണ് ലോങ് റേഞ്ച് റോക്കറ്റുകള്‍ ഉപോയഗിച്ചുള്ള ആക്രമണമുണ്ടായത്.
ഏകദേശം 10 അടി നീളവും 30 കിലോഗ്രാം തൂക്കവുമുള്ള വിക്ഷേപിക്കാത്ത ഒരു റോക്കറ്റും ഉപയോഗിക്കാത്ത മൂന്നെണ്ണവും കണ്ടെടുത്തതായി കുല്‍ദീപ് സിങ് വ്യക്തമാക്കി. 468 ബങ്കറുകള്‍ ഇതുവരെ തകര്‍ത്തു. 17 ഡ്രോണുകളെ വിജയകരമായി തടഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡ്രോണ്‍ ആക്രമണ കേസ് എന്‍ഐഎ ആണ് അന്വേഷിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ആഭ്യന്തര സംഘര്‍ഷ മേഖലയില്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നത്. ഇത്തരം ആക്രമണ പ്രവര്‍ത്തനങ്ങള്‍ക്ക് ഡ്രോണുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.മണിപ്പൂരില്‍ ഒന്നര വര്‍ഷമായി തുടരുന്ന കലാപത്തിനിടെ പൊലീസ് സ്റ്റേഷനുകളടക്കം ആക്രമിച്ച് ആയുധങ്ങള്‍ കടത്തിയിരുന്നു. ഇത്തരത്തില്‍ 6000 ആയുധങ്ങള്‍ നഷ്ടമായെന്നാണ് സര്‍ക്കാര്‍ കണക്ക്. വിവിധ സമയങ്ങളിലായി 2681 ആയുധങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഇതില്‍ 1400 ആയുധങ്ങള്‍ കൊള്ളയടിച്ചവയില്‍ ഉള്‍പ്പെട്ടതല്ല. 800ഓളം വരുന്ന അത്യാധുനിക ആയുധങ്ങളാണ്. കലാപകാരികളുടെ കൈവശം നേരത്തേ തന്നെ ആയുധമുണ്ടായിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ആയുധങ്ങള്‍ കടത്തല്‍, ആക്രമണം എന്നിവയുമായി ബന്ധപ്പെട്ട് 530ഓളം പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.ആയുധങ്ങളും ഡ്രോണുകളും ബോംബുകളുമെല്ലാം പ്രാദേശികമായി നിര്‍മിക്കുന്നതല്ലെന്നും മ്യാന്‍മര്‍ വഴിയാണ് ഇന്ത്യയിലേക്ക് വരുന്നതെന്നും ഇവയെക്കുറിച്ച് പഠിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നുണ്ട്. അതിര്‍ത്തിയില്‍ പലയിടത്തും സുരക്ഷാവേലിയില്ലാത്തത് ആയുധങ്ങള്‍ കടത്താന്‍ സഹായകരമാകുന്നു. അതിര്‍ത്തി മുഴുവനായി വേലികെട്ടി സംരക്ഷിക്കല്‍ ഉടന്‍ സാധ്യമല്ല. അതിനാല്‍ തന്നെ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിക്കുകയാണ് ഉടനടി ചെയ്യേണ്ടതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. നിലവില്‍ സുരക്ഷാ സേനകള്‍ക്ക് ഇത്തരത്തിലുള്ള ഡ്രോണ്‍ ആക്രമണങ്ങളെ ചെറുക്കാനുള്ള പഴുതടച്ച സംവിധാനമില്ല എന്നതും വെല്ലുവിളിയാകുന്നുണ്ട്. കുകി വിഭാഗങ്ങളാണ് ഡ്രോണ്‍ ആക്രമണത്തിന് പിന്നിലെനനാണ് മെയ്തേയ്ക്കാരുടെ ആരോപണം.