അര്‍ജുനായുളള തെരച്ചില്‍ അതിനിര്‍ണായകഘട്ടത്തില്‍; ഗംഗാവലിപ്പുഴയില്‍ നിന്ന് രണ്ട് ടയറുകള്‍ ഉയര്‍ത്തി
ഷിരൂർ: മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുളള തെരച്ചില്‍ അതിനിർണായകഘട്ടത്തില്‍. മുങ്ങല്‍ വിദഗ്ദ്ധൻ ഈശ്വർ മാല്‍പെ ഗംഗാവലിപ്പുഴയിലിറങ്ങി നടത്തിയ പരിശോധനയില്‍ ലോറിയുടെ കൂടുതല്‍ ഭാഗങ്ങള്‍ കണ്ടെടുത്തു.അർജുന്റെ ലോറിയുടെതാണെന്ന് കരുതപ്പെടുന്ന ടയറുകളും സ്റ്റിയറിംഗും ഉള്‍പ്പെടെ കണ്ടെത്തിയതിന് പുറമെ മറ്റൊരു ഭാഗത്ത് വെറൊരു വാഹനത്തിന്‍റെ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയ രണ്ട് ടയറുകള്‍ അർജുന്റെ ലോറിയുടെതല്ലന്നാണ് ഉടമ മനാഫ് പറയുന്നത്.പുറത്തെത്തിച്ച ഭാഗം അർജുന്റെ ലോറിയല്ലന്നാണ് വിവരം. മുൻപ് പുഴയില്‍ ഒരു ടാങ്കർ ലോറിയും കാണാതായിരുന്നു. അതേസമയം, ക്രെയിനില്‍ കെട്ടിയ ഇരുമ്പ് വടം ഉപയോഗിച്ച് ലോറിയുടെ ക്യാബിൻ ഉയർത്താനാണ് ശ്രമം. എന്നാല്‍ ഇതുവരെ ക്യാബിൻ ഉയർത്തിയിട്ടില്ല. 60 ടണ്‍ ഭാരം വരെ ഡ്രഡ്ജറിന്റെ ക്രെയിൻ ഉപയോഗിച്ച് ഉയർത്താൻ കഴിയും. അതിനുമുകളില്‍ ഭാരം വരില്ലെന്നാണ് കണക്കാക്കുന്നത്.