മധ്യേഷ്യയില്‍ സംഘര്‍ഷം കനക്കുന്നു; പിണക്കാനും വയ്യ പിന്തുണക്കാനും വയ്യെന്ന സ്ഥിതിയില്‍ ഇന്ത്യ; കടുത്ത സമ്മര്‍ദ്ദം
ലെബനനിലെ പേജർ സ്ഫോടനങ്ങള്‍ക്ക് പിന്നാലെ മധ്യേഷ്യയില്‍ സ്ഥിതി കലുഷിതമായി. ലെബനൻ്റെയും സിറിയയുടെയും അതിർത്തി മേഖലകളില്‍ നടന്ന തുടർ ആക്രമണങ്ങളും കൂടിയായതോടെ 2 ദിവസത്തിനിടെ 37 പേർ കൊല്ലപ്പെടുകയും 3500 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഇസ്രയേലും ഇറാൻ്റെ പിന്തുണയുള്ള ലെബനീസ് സായുധ സേനയും രണ്ട് പക്ഷത്തുമായി നില്‍ക്കുമ്ബോള്‍, ഇരുകൂട്ടരുടെയും സുഹൃത്തായ ഇന്ത്യയ്ക്കും ആശങ്കയേറെയുണ്ട്.ഇസ്രയേല്‍ – പലസ്തീൻ സംഘർഷത്തില്‍ നയപരമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോവുകയായിരുന്നു ഇന്ത്യ. എന്നാല്‍ ഇസ്രയേലും ഇറാൻ്റെ പിന്തുണയുള്ള ഹിസ്‌ബുള്ളയുമായി സംഘർഷം ശക്തമാകുന്നത് ഇന്ത്യക്ക് ഗുണകരമല്ല. ഈ മേഖലയിലെ വിവിധ രാജ്യങ്ങളിലായി ഇന്ത്യയില്‍ നിന്നുള്ള 90 ലക്ഷത്തോളം പേർ ജോലി ചെയ്യുന്നുണ്ട്. ഇന്ത്യയിലേക്ക് എത്തുന്ന വിദേശനാണ്യത്തിൻ്റെ വലിയ ഭാഗവും ഇവരില്‍ നിന്നാണ്.ഇന്ത്യയുടെ മറ്റൊരു പ്രധാന ആശങ്ക രാജ്യത്തേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയാണ്. മധ്യേഷ്യയില്‍ നിന്നാണ് രാജ്യത്തേക്കുള്ള ക്രൂഡ് ഇറക്കുമതിയുടെ സിംഹഭാഗവും എത്തുന്നത്. ഇവിടെ കലുഷിത സാഹചര്യം ഉണ്ടായാല്‍ ക്രൂഡ് വിതരണത്തെയും ലഭ്യതയെയും അത് സാരമായി ബാധിക്കും. അത് ഇന്ത്യയിലെ ഊർജ്ജോല്‍പ്പാദനത്തെയടക്കം അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിടും. ഇതിനെല്ലാം പുറമെയാണ് 2012 ലുണ്ടായ ദുരനുഭവം. ഇസ്രയേലി നയതന്ത്ര വിദഗ്ദ്ധൻ്റെ ഭാര്യ ഇന്ത്യയില്‍ വച്ച് കൊല്ലപ്പെട്ടത് പോലെയുള്ള സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.മധ്യേഷ്യയില്‍ സംഘർഷം കനക്കുന്നതില്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന ഇറാൻ്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ നബി ദിന പ്രസംഗത്തിൻ്റെ ചൂടാറും മുൻപ് ഉണ്ടായ പേജർ ആക്രമണങ്ങളും തുടർ സംഭവങ്ങളും ഇന്ത്യയ്ക്ക് മേല്‍ സമ്മർദ്ദം വർധിപ്പിച്ചിട്ടുണ്ട്. ഇറാനെയും ഇസ്രയേലിനെയും നോവിക്കാതെ പ്രീതിപ്പെടുത്തിയുള്ള നിലപാട് സ്വീകരിക്കുകയാണ് വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറിനും മോദി സർക്കാരിനും മുന്നിലെ ഇപ്പോഴത്തെ വെല്ലുവിളി.