മുഖ്യമന്ത്രിയുടെ പോക്ക് ശരിയല്ല; നേര്‍വഴിക്ക് നയിക്കേണ്ടവര്‍ മിണ്ടുന്നില്ലെന്ന് ആനി രാജ
മുഖ്യമന്ത്രി പിണറായിക്കും സർക്കാരിനും വഴി തെറ്റുന്നുണ്ടെങ്കില്‍ അതിനെ നേർവഴിക്ക് നയിക്കേണ്ട ഉത്തരവാദിത്തം എല്‍ഡിഎഫിനുണ്ടെന്ന് സിപിഐ ദേശീയ നേതാവ് ആനിരാജ.മുഖ്യമന്ത്രിയെ തിരുത്തുന്നതില്‍ ഇടതു നേതൃത്വം പരാജയപ്പെട്ടുവെന്ന് അവർ കുറ്റപ്പെടുത്തുന്നു. പ്രശ്നങ്ങള്‍ ഉണ്ടാവുമ്ബോള്‍ അതിനെക്കുറിച്ച് പറയാതിരിക്കുന്നത് കമ്യൂണിസ്റ്റ് വിരുദ്ധതയാണെന്നാണ് അവരുടെ അഭിപ്രായം.’മുഖ്യമന്ത്രി പിണറായി വിജയൻ നാല്പത് വണ്ടികളുടെ അകമ്ബടിയോടെ സഞ്ചരിക്കുന്നത് കേരളത്തിലെ എല്‍ഡിഎഫിൻ്റെ നേതൃത്വം കാണുന്നില്ലേ? പാർട്ടി നേതൃത്വം ഇതൊന്നും കാണുന്നില്ലേ’- ആനി രാജ ചോദിക്കുന്നു. മലയാള മനോരമ വാർഷിക പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ആനി രാജ രൂക്ഷമായ വിമർശനങ്ങള്‍ ഉയർത്തിയിട്ടുള്ളത്.എല്‍ഡിഎഫിൻ്റെ സർക്കാരല്ലേ ഭരിക്കുന്നത്. അവർ എന്തുകൊണ്ട് മുഖ്യമന്ത്രിയെ തിരുത്താൻ ശ്രമിക്കുന്നില്ല. അദ്ദേഹത്തിന് അരഗൻസാണെന്നാണ് മറ്റൊരു ആക്ഷേപം. കമ്യൂണിസ്റ്റുകാർ ഇങ്ങനെയല്ല എന്ന് പറഞ്ഞ് അദ്ദേഹത്തെ ചൂണ്ടിക്കാണിക്കാനുള്ള ഉത്തരവാദിത്തം കമ്യൂണിസ്റ്റുകാർക്കുണ്ടെന്ന് ആനി തുറന്നടിക്കുന്നു.
‘മുഖ്യമന്ത്രിക്ക് ധാർഷ്ട്യം വന്നെങ്കില്‍, മുഖ്യമന്ത്രി ഒരു കമ്യൂണിസ്റ്റിന് ചേരാത്ത പോലെ പെരുമാറി, അങ്ങനെ ഒരു പരാജയത്തിലേക്ക് ഇടതുപക്ഷത്തെ കൊണ്ടുപോയെങ്കില്‍ അതിൻ്റെ ഉത്തരവാദിത്തം എല്‍ഡിഎഫ് ലീഡർഷിപ്പിനാണ്’- ആനി പറയുന്നു.സ്ത്രീപക്ഷ വിഷയങ്ങളിലും സർക്കാരിനേയും ഇടതുപക്ഷത്തേയും ബാധിക്കുന്ന പ്രശ്നങ്ങളില്‍ പലപ്പോഴും വളരെ വ്യത്യസ്തമായ നിലപാട് സ്വീകരിക്കാൻ ആർജവം കാണിക്കാറുള്ള വ്യക്തിയാണ് ആനിരാജ. ലൈംഗികാരോപണം നേരിട്ട നടനും ഇടത് എംഎല്‍എയുമായ മുകേഷ് സ്ഥാനം രാജിവയ്ക്കണമെന്ന് ആദ്യം ആവശ്യപ്പെട്ട നേതാവാണ് ആനി.മിക്കപ്പോഴും സംസ്ഥാന സിപിഐ നേതൃത്വത്തിൻ്റെ നിലപാടുകള്‍ക്ക് വിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കാൻ അവർ മടി കാണിച്ചിട്ടില്ല. കേരള പോലീസില്‍ ആർഎസ്‌എസ് ഗ്യാംഗ് പ്രവർത്തിക്കുന്നുണ്ടെന്ന് ആനി പറഞ്ഞതിനെതിരെ മുഖ്യമന്ത്രിയടക്കം ഇടത് നേതാക്കള്‍ അവരെ വിമർശിച്ചിരുന്നു. പക്ഷേ, ആനി രാജ അവരുടെ നിലപാടില്‍ ഉറച്ചു നിന്നു.