രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിഷേധിക്കാൻ ബി.ജെ.പി സമ്മര്‍ദം ചെലുത്തി; വെളിപ്പെടുത്തലുമായി അംബേദ്കറിന്റെ ചെറുമകൻ
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സംവരണത്തെ കുറിച്ചുള്ള പരാമർശത്തിനെതിരെ പ്രതികരിക്കാനും പ്രതിഷേധം സംഘടിപ്പിക്കാൻ ബി.ജെ.പി സമീപിച്ചിരുന്നതായി ബി.ആർ.അംബേദ്കറിന്റെ ചെറുമകൻ രാജ് രത്ന അംബോദ്കറുടെ വെളിപ്പെടുത്തല്‍. രാഹുലിനെതിരെ പ്രതിഷേധം നടത്താൻ ചില ബി.ജെ.പി പ്രവർത്തകർ രണ്ടുദിവസം തന്നില്‍ സമ്മർദം ചെലുത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. രാജ് രത്നയുടെ പരാമർശങ്ങളടങ്ങിയ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.എന്നാല്‍ രാഹുലിനെതിരെ പ്രതിഷേധത്തിനില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. തന്നോട് ആജ്ഞാപിക്കാൻ ബി.ജെ.പിക്ക് കഴിയില്ലെന്നും സമൂഹത്തിന്റെ പണത്തിലാണ് തന്റെ പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും രാജ് രത്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വ്യക്തമാക്കി.
ഞാൻ രാഹുല്‍ ഗാന്ധിയുടെ അനുഭാവിയല്ല. അതുപോലെ കോണ്‍ഗ്രസിന്റെ അനുയായിയും അല്ല. ഈ വിഷയത്തില്‍ ഞാൻ എന്തിന് രാഹുലിനെ എതിർക്കണം? എന്നെ സംബന്ധിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും ഒരുപോലെയാണ്. എന്തടിസ്ഥാനത്തിലാണ് ഒരാള്‍ പ്രതിഷേധം നടത്തേണ്ടത് എന്നതില്‍ വ്യക്തത വേണം.-രാജ് രത്ന പറഞ്ഞു. രാജ് രത്നയുടെ വിഡിയോ കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റ് എക്സില്‍ പങ്കുവെച്ചിട്ടുണ്ട്.
ഈയിടെ നടന്ന യു.എസ് സന്ദർശനത്തിനിടെയാണ് രാഹുല്‍ സംവരണത്തെകുറിച്ച് പരാമർശിച്ചത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ഇന്ത്യക്കാർക്ക് തുല്യ അവസരങ്ങള്‍ നല്‍കുന്ന സാഹചര്യം ഉണ്ടായാല്‍ മാത്രമേ ഇന്ത്യക്ക് സംവരണം നിർത്തലാക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ കഴിയൂ എന്നായിരുന്നു രാഹുല്‍ പറഞ്ഞത്. വിദേശ മണ്ണില്‍ ഇന്ത്യ വിരുദ്ധ പ്രസ്താവന നടത്തിയെന്നാരോപിച്ച് ബി.ജെ.പി രാഹുലിനെതിരെ രംഗത്തുവരികയായിരുന്നു. രാഹുല്‍ ഗാന്ധി ഇന്ത്യയെ വിഭജിക്കാൻ ഗൂഢാലോചന നടത്തുന്ന ശക്തികള്‍ക്കൊപ്പം നില്‍ക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ആരോപിച്ചു.