”നിങ്ങളുടെയും ഭാര്യയുടെയും കുട്ടികളുടെയും കയ്യിലുള്ള ഫോണാണ് ചാരൻ, അതിനെ കുഴിച്ചു മൂടുക”; ഹസൻ നസറുല്ലയുടെ ഈ വാക്കുകള്‍ ഇത്രവലിയൊരു സ്ഫോടന പരമ്പര സൃഷ്ടിക്കുമെന്ന് ആരും സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല
ന്യൂയോർക്ക്: സുരക്ഷാ കാരണങ്ങളാല്‍ എല്ലാവരും മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കാനും പകരം പേജറുകള്‍ ഉപയോഗിക്കാനും ഹിസ്ബുല്ല നിർദേശം നല്‍കിയത് മുതലാക്കി ഇസ്രയേല്‍.ഹിസ്ബുല്ല മേധാവി ഹസൻ നസറുല്ലയാണ് പേജറുകള്‍ ഉപയോഗിക്കാൻ നിർദേശം നല്‍കിയത്. ഇത് ലബനനില്‍ ആക്രമണം നടത്തുന്നതിനുള്ള വലിയ അവസരം തന്നെയാണ് ഇസ്രയേലിനു തുറന്നു കൊടുത്തത് എന്ന് യുഎസ് മാധ്യമങ്ങള്‍ അറിയിച്ചു.ട്രാക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ സായുധ ഗ്രൂപ്പുകളുടെ ഇഷ്ട ഇലക്‌ട്രോണിക് ഉപകരണമാണ് പേജർ. ഹിസ്ബുല്ല വ്യാപകമായി പേജറുകള്‍ ഉപയോഗിച്ചിരുന്നു. ഇതോടെയാണ് ലബനനില്‍ ഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകളില്‍ സ്ഫോടനം നടത്താൻ ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദ് ലക്ഷ്യമിട്ടതെന്നു അമേരിക്കൻ-ഇസ്രയേല്‍ ഇന്റലിജൻസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്തു.
ഫെബ്രുവരിയില്‍ നടത്തിയ പ്രസംഗത്തില്‍ ഹസൻ നസ്റല്ല മൊബൈല്‍ ഫോണുകളുടെ ഉപയോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ”എവിടെയാണ് ചാരൻമാർ എന്നാണ് നിങ്ങള്‍ ചോദിക്കുന്നത്. നിങ്ങളുടെയും ഭാര്യയുടെയും കുട്ടികളുടെയും കയ്യിലുള്ള ഫോണാണ് ചാരൻ. അതിനെ കുഴിച്ചു മൂടുക”- ഹസൻ നസറുല്ല നിർദേശിച്ചിരുന്നു. ഇതോടെ, വിവരങ്ങള്‍ ചോരാതിരിക്കാൻ പേജറുകള്‍ ഉപയോഗിക്കാൻ ഹിസ്ബുല്ല തീരുമാനിച്ചു. ഇതിനു മുൻപുതന്നെ പേജർ ഉല്‍പ്പാദകർ എന്ന പേരില്‍ ഇസ്രയേല്‍ ഷെല്‍ കമ്ബനി ഹംഗറിയില്‍ രൂപീകരിച്ചിരുന്നതായി ഇസ്രയേല്‍-അമേരിക്കൻ മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്തു.
ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ ബിഎസി കണ്‍സല്‍റ്റിങ് കെഎഫ്ടി എന്ന പേരിലാണ് ഷെല്‍ കമ്ബനി രൂപീകരിച്ചത്. തയ്‌വാൻ കമ്ബനിയായ ഗോള്‍ഡ് അപ്പോളോയുടെ പേരില്‍ എആർ 924 എന്ന പേജറുകള്‍ നിർമിച്ചു. ബിഎസി കണ്‍സല്‍റ്റിങ്ങിന് ഇസ്രയേല്‍ ബന്ധമുണ്ടായിരുന്നു എന്നാണ് വിവരം. ഈ കമ്ബനി പേജറില്‍ സ്ഫോടക വസ്തുക്കള്‍ സ്ഥാപിച്ചശേഷം ഹിസ്ബുല്ലയ്ക്ക് കൈമാറുകയായിരുന്നു. 2022ല്‍ ലബനനിലേക്ക് പേജറുകള്‍ കയറ്റുമതി തുടങ്ങി. ഹസൻ നസറുല്ല ഫോണുകള്‍ ഉപേക്ഷിക്കാൻ നിർദേശിച്ചതോടെ പേജർ ഉല്‍പ്പാദനവും വർധിച്ചു.2022 ല്‍ ബിഎസി കണ്‍സല്‍റ്റിങ് കെഎഫ്ടി എന്ന പേരില്‍ നിലവില്‍ വന്ന കമ്ബനി ട്രേഡ്മാർക്ക് ഉപയോഗിക്കാൻ മാത്രമാണ് അനുമതി നല്‍കിയതെന്നും പേജറിന്റെ രൂപകല്‍പനയും നിർമാണവും വിതരണവും ഹംഗേറിയൻ കമ്ബനിയുടേതാണെന്നും ഗോള്‍ഡ് അപ്പോളോ വ്യക്തമാക്കി. വോക്കി ടോക്കിയില്‍ ബോംബ് സ്ഥാപിക്കാൻ നിർമാണഘട്ടത്തില്‍ സാധ്യമല്ലെന്ന് ഉല്‍പാദകരായ ജപ്പാൻ കമ്ബനി ഐകോം അറിയിച്ചു.ആയിരക്കണക്കിന് പേജറുകളാണ് ലബനനിലെ വിവിധയിടങ്ങളില്‍ വിതരണം ചെയ്യപ്പെട്ടത്. ഉചിതമായ സമയം എത്തിയപ്പോള്‍ ഇസ്രയേല്‍ സ്ഫോടനം നടത്തുകയായിരുന്നെന്ന് അമേരിക്കൻ ഇന്റലിജൻസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ പറയുന്നു. ഹിസ്ബുല്ലയുടെ സീനിയർ നേതാക്കളുടേതെന്ന പേരില്‍ പേജറുകളിലേക്ക് സന്ദേശം വന്ന് നിമിഷങ്ങള്‍ക്കകം പൊട്ടിത്തെറിയുണ്ടായി. മൂന്നു ഗ്രാം സ്ഫോടക വസ്തുവാണ് പേജറുകളില്‍ ഒളിപ്പിച്ചു വച്ചിരുന്നത്.