അമ്മയുടെ മൃതദേഹം പുറത്തെടുത്ത് മതാചാര പ്രകാരം സംസ്കാരം നടത്തി; ചിതയെരിയുന്നത് ഒരിറ്റു കണ്ണീര്‍പോലും പൊഴിക്കാനാകാതെ ശ്രുതി കണ്ടത് ആംബുലൻസില്‍ ഇരുന്ന്; താങ്ങായി ഒപ്പം ജെന്‍സന്റെ അച്ഛനും

കല്‍പറ്റ: ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ മരിച്ച സബിതയുടെ മൃതദേഹം മകള്‍ ശ്രുതിയുടെ ആവശ്യമനുസരിച്ച്‌ പുറത്തെടുത്ത് മതാചാര പ്രകാരം വീണ്ടും സംസ്‌കരിച്ചു.വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ശ്രുതി ആംബുലൻസില്‍ ഇരുന്ന് ചടങ്ങുകള്‍ക്ക് സാക്ഷിയായി. ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛനെയും അമ്മയെയും സഹോദരിയെയും നഷ്ടപ്പെട്ട ശ്രുതിക്ക് വാഹനാപകടത്തില്‍ പ്രതിശ്രുത വരൻ ജെൻസനെയും നഷ്ടമായിരുന്നു. ഇ ന്നലെയാണ് തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ അടക്കം ചെയ്ത പുത്തുമലയിലെ പൊതുശ്മശാനത്തില്‍നിന്നു ശ്രുതിയുടെ അമ്മയുടെ മൃതദേഹം എടുത്ത് മേപ്പാടി മാരിയമ്മൻ ക്ഷേത്രത്തിലെ പൊതുശ്മശാനത്തില്‍ ആചാരപ്രകാരം ദഹിപ്പിച്ചത്. മൃതദേഹം കുഴിയില്‍ നിന്ന് എടുക്കുമ്ബോഴും ശ്മശാനത്തില്‍ സംസ്‌കരിക്കുമ്ബോഴും ജെന്‍സന്റെ പിതാവ് ജയനും ശ്രുതിക്കൊപ്പം ഉണ്ടായിരുന്നു.
കല്‍പറ്റയിലെ ആശുപത്രിയില്‍നിന്ന് സ്ട്രെച്ചറില്‍ കിടത്തിയാണ് ശ്രുതിയെ ആംബുലൻസിലേക്കു കയറ്റിയത്. തുടർന്ന് മേപ്പാടി മാരിയമ്മൻ ക്ഷേത്ര പരിസരത്തേക്കു കൊണ്ടുവരികയായിരുന്നു. കാലുകള്‍ ഒടിഞ്ഞ് ശസ്ത്രക്രിയ ചെയ്തതിനാല്‍ ശ്രുതിയ്ക്ക് നടക്കാൻ സാധിക്കുമായിരുന്നില്ല. അതിനാല്‍ ആംബുലൻസില്‍നിന്നു പുറത്തിറങ്ങാനായില്ല. ചിതയെരിയുമ്ബോള്‍ ഒന്നു വിതുമ്ബാൻപോലും ശ്രുതിക്ക് ആകുമായിരുന്നില്ല.
ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരുള്‍പ്പെടെ ഒൻപതു ബന്ധുക്കളെയാണ് ശ്രുതിക്കു നഷ്ടമായത്. സഹോദരിയെയും അച്ഛനെയും തിരിച്ചറിഞ്ഞു നേരത്തേ സംസ്കരിച്ചിരുന്നു. ഡിഎൻഎ പരിശോധനയിലൂടെയാണ് അമ്മയെ തിരിച്ചറിഞ്ഞത്. അതിനുശേഷം ഓഗസ്റ്റ് 30ന് ജെൻസനും ശ്രുതിയും ഒരുമിച്ച്‌ അമ്മയെ സംസ്കരിച്ച പൊതുശ്മശാനത്തില്‍ എത്തിയിരുന്നു. കുടുംബത്തില്‍ എല്ലാവരും നഷ്ടമായപ്പോള്‍ ശ്രുതിയുടെ ഏക ആശ്രയം ജെൻസനായിരുന്നു.ഈ മാസം പത്തിന് കല്‍പറ്റയിലെ വാടക വീട്ടില്‍നിന്നു ലക്കിടിയിലേക്കു പോകവെയാണ് ജെൻസനും ശ്രുതിയും ബന്ധുക്കളും സഞ്ചരിച്ച വാൻ ബസില്‍ ഇടിച്ചത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജെൻസൻ പിറ്റേന്നു മരണത്തിനു കീഴടങ്ങി. ശ്രുതി ചികിത്സയിലിരുന്ന ആശുപത്രിയിലേക്ക് എത്തിച്ചാണ് ജെൻസന്റെ മൃതദേഹം കാണിച്ചത്. അപകടത്തില്‍ പരുക്കേറ്റ ശ്രുതി ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. അതിനിടെയാണ് അമ്മയെ ഹൈന്ദവ ആചാരപ്രകാരം അടക്കണമെന്ന ആവശ്യം ശ്രുതി അറിയിച്ചത്.രണ്ടു മാസം മുൻപ് പുതിയ വീടിന്റെ പാലു കാച്ചലും ശ്രുതിയുടെ വിവാഹ നിശ്ചയവും ഒരുമിച്ചാണ് നടത്തിയത്. ശ്രുതിയുടെ വിവാഹത്തിനായി കരുതിവച്ചിരുന്ന 4 ലക്ഷം രൂപയും 15 പവൻ സ്വർണവും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി.

Sharing

Leave your comment

Your email address will not be published. Required fields are marked *