‘ഗസ്സയില്‍ യുദ്ധം ചെയ്യാമെങ്കില്‍ പൗരത്വം നല്‍കാം’; ആഫ്രിക്കൻ അഭയാര്‍ത്ഥികളോട് ഇസ്രായേല്‍
തെല്‍ അവിവ്: സൈന്യത്തില്‍ ചേർന്ന് ഗസ്സയിലെ യുദ്ധമുഖത്തേക്ക് പോകാമെങ്കില്‍ രാജ്യത്ത് സ്ഥിരപൗരത്വം നല്‍കാമെന്ന് ആഫ്രിക്കയില്‍ നിന്നുള്ള അഭയാർത്ഥികളോട് ഇസ്രായേല്‍.ഗസ്സ അധിനിവേശത്തില്‍ നിരവധി സൈനികർക്ക് ജീവൻ നഷ്ടമായ സാഹചര്യത്തിലാണ് ആഫ്രിക്കക്കാരെ സൈന്യത്തില്‍ ഉള്‍പ്പെടുത്താൻ ഇസ്രായേല്‍ ശ്രമം നടത്തുന്നത്. നിയമോപദേശം തേടിയ ശേഷമാണ് പ്രതിരോധ വകുപ്പ് ഈ നീക്കവുമായി മുന്നോട്ടു പോകുന്നതെന്നും ഇത് ധാർമികതയ്ക്കു വിരുദ്ധമാണെന്നും ഇസ്രായേല്‍ ദിനപത്രമായ ‘ഹാരറ്റ്‌സ്’ റിപ്പോർട്ട് ചെയ്തു.
ആഫ്രിക്കൻ രാജ്യങ്ങളില്‍ നിന്ന് അഭയാർത്ഥികളായി എത്തുന്നവരോടുള്ള ഇസ്രായേല്‍ ഭരണകൂടത്തിന്റെ സമീപനം വളരെ മോശമാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് പൗരത്വം വാഗ്ദാനം ചെയ്ത് സൈനിക റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ആഫ്രിക്കയില്‍ നിന്നുള്ള 30,000-ലേറെ അഭയാർത്ഥികളാണ് നിലവില്‍ ഇസ്രായേലിലുള്ളത്. ഇതില്‍ മിക്കയാളുകളും ചെറുപ്പക്കാരാണ്. കോടതിയുടെ ഇടപെടലിനെ തുടർന്ന് താല്‍ക്കാലിക പൗരത്വം ലഭിച്ച 3,500 സുഡാൻ പൗരന്മാരും ഇതില്‍ പെടും. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ മൂന്ന് അഭയാർത്ഥികളും കൊല്ലപ്പെട്ടിരുന്നു.
ഒരു പതിറ്റാണ്ടിലേറെയായി അഭയാർത്ഥികളുടെ പൗരത്വ അപേക്ഷ സ്വീകരിക്കുന്നതില്‍ ഇസ്രായേല്‍ ഭരണകൂടം വലിയ അവധാനതയാണ് കാണിക്കുന്നത്. അഭയാർത്ഥികള്‍ എന്ന പേരില്‍ രജിസ്റ്റർ ചെയ്തവർക്ക് താമസം, തൊഴില്‍, സഞ്ചാരം തുടങ്ങിയ കാര്യങ്ങളില്‍ വലിയ നിയന്ത്രണങ്ങളുണ്ട്. തലസ്ഥാനമായ തെല്‍ അവീവിലും ജെറുസലേം, എയ്‌ലാത്ത്, ബ്‌നെയ് ബ്രാക്, പെറ്റ ടിക്വ, നെതന്യ, അഷ്‌ദോദ് തുടങ്ങിയ നഗരങ്ങളിലും ജോലി ചെയ്യുന്നതില്‍ അഭയാർത്ഥികള്‍ക്കു വിലക്കുണ്ട്. ശാരീരികാധ്വാനം കൂടുതലും വേതനം കുറവുമുള്ള തൊഴിലുകളില്‍ മാത്രമേ അഭയാർത്ഥികള്‍ക്ക് ഏർപ്പെടാൻ അവകാശമുള്ളൂ. കഴിഞ്ഞ ജൂണില്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ ഉത്തരവില്‍ കെട്ടിട നിർമാണം, കൃഷി, രോഗീപരിചരണം, ഹോട്ടല്‍, റസ്‌റ്റോറന്റ് എന്നീ മേഖലകളില്‍ മാത്രമായി അഭയാർത്ഥികളുടെ തൊഴിലുകള്‍ ചുരുക്കിയിട്ടുണ്ട്. ഒക്ടോബർ മാസത്തോടെ ഈ ഉത്തരവ് നിലവില്‍ വരും.നരകതുല്യമായ ജീവിതം നയിക്കുന്ന അഭയാർത്ഥികളെ പൗരത്വത്തിനു വേണ്ടി ജീവൻ പണയപ്പെടുത്താൻ പ്രേരിപ്പിക്കുകയാണ് ഇസ്രായേല്‍ പ്രതിരോധ വിഭാഗം ചെയ്യുന്നത് എന്ന് ‘ഹാരറ്റ്‌സ്’ റിപ്പോർട്ട് ചെയ്യുന്നു. സൈന്യത്തില്‍ ചേർക്കുന്നതിനായി അധികൃതർ സമീപിച്ച ഒരു ആഫ്രിക്കൻ വംശജന്റെ അനുഭവവും പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.