ഷെഫീഖിനെ വിട്ട് മറ്റൊരിടത്തേക്ക് പോകാനാകില്ല; സര്‍ക്കാര്‍ ജോലി വേണ്ടെന്ന് പോറ്റമ്മ രാഗിണി
ഇടുക്കി: കുമളിയില്‍ പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരതക്ക് ഇരയായി ജീവിക്കുന്ന ഷെഫീഖിനെ വിട്ട് സർക്കാർ ജോലിക്ക് വേണ്ടി മറ്റൊരിടത്തേക്ക് പോകാനാകില്ലെന്ന് വളർത്തമ്മയായ രാഗിണി.മർദനത്തില്‍ ഗുരുതര പരിക്കേറ്റ് കോമ അവസ്ഥയിലായിരുന്ന ഷെഫീഖിന്റെ ആരോഗ്യനിലയില്‍ ചില മാറ്റം വന്നിട്ടുണ്ട്.ഷെഫീഖിനെ പരിചരിക്കാൻ സർക്കാർ തെരഞ്ഞെടുത്ത രാഗിണിയാണ് 11 വർഷമായി കുട്ടിയെ സംരക്ഷിക്കുന്നത്. 2014ല്‍ സർക്കാർ രാഗിണി ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് സംയോജിത ശിശു വികസന പദ്ധതി അറ്റന്ററായി രാഗിണിയെ നിയമിക്കാനാണ് തീരുമാനമായിരിക്കുന്നത്.എന്നാല്‍ ഷെഫീഖിനെ ഉപേക്ഷിച്ച് ജോലിയില്‍ പ്രവേശിക്കാൻ കഴിയില്ലെന്നാണ് രാഗിണി പറയുന്നത്. അവിവാഹിതയാണ് രാഗിണി. ഒരു മാസത്തേക്കാണ് രാഗിണി ഷെഫീഖിന്റെ കെയർടേക്കറായി വന്നത്. ആ മാസം ആനുകൂല്യവും ലഭിച്ചു. ചലനശേഷിയില്ലാത്ത ഷെഫീഖിനൊപ്പം നില്‍ക്കുന്ന തരത്തില്‍ നിയമന സാധ്യതയുണ്ടെങ്കില്‍ ജോലി പരിഗണിക്കാമെന്നും രാഗിണി പറയുന്നു. അതുമാത്രമല്ല, ആയയായി ജോലി ചെയ്യുന്നതിനുള്ള ആനുകൂല്യം വേണം. പെൻഷൻ ഉള്‍പ്പെടെയുള്ള കെയർടേക്കറിന് വേണ്ട ആനൂകൂല്യങ്ങളാണ് തനിക്ക് വേണ്ടതെന്നും അതാണ് സർക്കാറിനോട് ആവശ്യപ്പെടുന്നതെന്നും രാഗിണി പറഞ്ഞു.