യെച്ചൂരിയുടെ മൃതദേഹം ഇന്ന് ഡല്‍ഹിയിലെ വസതിയിലെത്തിക്കും; വൈകിട്ട് 6 മുതല്‍ പൊതുദര്‍ശനം
ഡല്‍ഹി: അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം ഡല്‍ഹിയിലെ വസതിയില്‍ എത്തിക്കും.
വസന്ത് കുഞ്ചിലെ വസതിയില്‍ അടുത്ത ബന്ധുക്കള്‍ അന്തിമോപചാരം അർപ്പിക്കും. സിപിഎം ആസ്ഥാനമായ എകെജി ഭവനില്‍ നാളെയാണ് പൊതുദർശനം. രാവിലെ 11 മുതല്‍ വൈകിട്ട് 3 മണി വരെ നീളുന്ന പൊതുദർശനത്തില്‍ സമൂഹത്തിന്‍റെ വിവിധ തുറകളില്‍ പെടുന്നവർ ആദരാജ്ഞലി അർപ്പിക്കാൻ എത്തും. മെഡിക്കല്‍ വിദ്യാർഥികള്‍ക്ക് പഠന -ഗവേഷണങ്ങള്‍ക്കായി ഡല്‍ഹി എയിംസിന് മൃതദേഹം വിട്ടുനല്‍കും.
ശ്വാസകോശത്തെ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന യെച്ചൂരി ഇന്നലെ വൈകിട്ടാണ് അന്തരിച്ചത്. 72 വയസായിരുന്നു. 1952 ആഗസ്ത് 12ന് ആന്ധ്രാ സ്വദേശികളായ സർവേശ്വര സോമയാജുല യെച്ചൂരിയുടെയും കല്‍പ്പാക്കത്തിന്റെയും മകനായി മദ്രാസിലാണ് യെച്ചൂരിയുടെ ജനനം. 1974ലാണ് എസ്‌എഫ്‌ഐയിലൂടെ ചേരുന്നത്. ജെഎൻയുവിലെ പഠനകാലത്താണു രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്. അടിയന്തരാവസ്ഥയ്‍ക്കെതിരെ കാംപസിലും പുറത്ത് രാജ്യതലസ്ഥാനത്തും നടന്ന വിദ്യാര്‍ഥി പ്രധിഷേധങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്നു യെച്ചൂരി.
1978ല്‍ എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്‍റ് സെക്രട്ടറിയായി. ഇതേവർഷം തന്നെ അഖിലേന്ത്യാ പ്രസിഡന്‍റായും തെരഞ്ഞെടുക്കപ്പെട്ടു. 1985ലാണ് സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 1992 മുതല്‍ മരണംവരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗമായിരുന്നു. 2015ല്‍ സിപിഎം വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലാണ് പ്രകാശ് കാരാട്ടില്‍നിന്ന് ദേശീയ ജനറല്‍ സെക്രട്ടറി പദവി ഏറ്റെടുക്കുന്നത്. 2018ല്‍ ഹൈദരാബാദിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ വീണ്ടും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2022ല്‍ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ മൂന്നാംതവണയും പാര്‍ട്ടി നായകനായി.2005ല്‍ പശ്ചിമ ബംഗാളില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു. സിപിഎം മുഖപത്രം പീപ്പിള്‍സ് ഡെമോക്രസി വാരികയുടെ എഡിറ്ററായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സീമ ചിശ്തി ആണ് ഭാര്യ. യുകെയില്‍ സെന്‍റ് ആന്‍ഡ്ര്യൂസ് സര്‍വകലാശാല അധ്യാപിക അഖില യെച്ചൂരി, മാധ്യമപ്രവര്‍ത്തകനായിരുന്ന പരേതനായ ആശിഷ് യെച്ചൂരി എന്നിവര്‍ മക്കളുമാണ്.