ഓടിക്കാൻ പറ്റിയ ട്രാക്കുകളും ലാഭം കിട്ടുന്ന റൂട്ടുകളുമില്ല; രാജ്യത്ത് വെറുതെ കിടക്കുന്നത് 16 വന്ദേഭാരത് ട്രെയിനുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് 16 വന്ദേഭാരത് ട്രെയിനുകള്‍ സർവീസ് നടത്താതെ വെറുതെ കിടക്കുന്നു. ഓടിക്കാൻ പറ്റിയ ട്രാക്കുകളും ലാഭം കിട്ടുന്ന റൂട്ടുകളുമില്ലാത്തതിനാലാണ് 800 കോടി രൂപയിലധികം ചെലവഴിച്ച് നിർമിച്ച 16 വന്ദേഭാരത് ട്രെയിനുകള്‍ വെറുതെ കിടക്കുന്നത്.മണിക്കൂറില്‍ 130 മുതല്‍ 160 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ കഴിയുന്ന ട്രെയിനുകളാണ് വന്ദേഭാരത്. എന്നാല്‍ സിഗ്നലുകള്‍ നവീകരിച്ചതും ഈ വേഗം കൈവരിക്കാൻ കഴിയുന്നതുമായ ട്രാക്കുകള്‍ ഇന്ത്യയില്‍ കുറവാണെന്ന് റയില്‍വെ വ്യക്തമാക്കുന്നു.ട്രാക്കുകളുടെ അപര്യാപ്തതയും ലാഭകരമായ റൂട്ട് കണ്ടെത്താൻ കഴിയാത്തതുമാണ് വന്ദേഭാരതിന് വെല്ലുവിളിയാകുന്നത്. മറ്റ് വണ്ടികളുടെ സമയക്രമത്തെ ബാധിക്കാത്ത രീതിയിലുള്ള റൂട്ടുകളും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അധികൃതർ പ്രതീക്ഷിച്ചതുപോലെ, അതിവേഗ വണ്ടികള്‍ ഓടിക്കാവുന്ന രീതിയില്‍ ട്രാക്കുകള്‍ നവീകരിക്കാൻ കഴിഞ്ഞിട്ടില്ല. അതിനാല്‍, നിലവില്‍ സർവീസ് നടത്തുന്ന വന്ദേഭാരത് തീവണ്ടികള്‍ക്കുവേണ്ടി പല ഹ്രസ്വദൂര വണ്ടികളും പിടിച്ചിടേണ്ടിവരുന്നു.
എട്ട് കോച്ചുള്ള വന്ദേഭാരത് വണ്ടി ഓടുന്ന റൂട്ടില്‍ പലപ്പോഴും നാലോ, അഞ്ചോ വണ്ടികള്‍ പിടിച്ചിടുന്നു. ഈ വണ്ടികളില്‍ യാത്ര ചെയ്യുന്നത് 5000-ത്തോളം പേരാണ്. എട്ട് കോച്ചുള്ള വന്ദേഭാരതില്‍ യാത്ര ചെയ്യുന്നത് 500 പേരും. 500 പേർ യാത്ര ചെയ്യുന്നതിനായി 5000-ത്തോളം പേർ വഴിമാറിക്കൊടുക്കേണ്ടി വരുന്നു. ഇത് വന്ദേഭാരത് വണ്ടികള്‍ക്കെതിരേ യാത്രക്കാരില്‍ പ്രതികൂല വികാരമുണ്ടാക്കുന്നെന്ന് റെയില്‍വേ അധികൃതർ പറയുന്നു.52 കോടി രൂപയാണ് എട്ട് കോച്ചുള്ള വന്ദേഭാരത് നിർമിക്കാൻ വേണ്ടിവരുന്ന തുക. 800 കോടി രൂപയിലധികം ചെലവഴിച്ച് നിർമിച്ച 16 വന്ദേഭാരത് വണ്ടികളാണ് ഇപ്പോള്‍ വെറുതെയിട്ടിരിക്കുന്നത്. വന്ദേ ഭാരത് ചെയർകാറിന് ഒരു ഭാഗത്തേക്ക് എട്ട് മണിക്കൂർ മാത്രമേ യാത്ര ചെയ്യാൻ കഴിയൂ. അതിനാല്‍ത്തന്നെ എട്ടു മണിക്കൂറില്‍ യാത്ര അവസാനിക്കുന്ന തിരക്കുള്ള റൂട്ടുകള്‍മാത്രമേ തിരഞ്ഞെടുക്കാനാവൂ. അർധരാത്രി മുതല്‍ രാവിലെ അഞ്ചു വരെ വന്ദേഭാരത് ചെയർകാർ സർവീസ് നടത്താറില്ല.