70 വയസ്സിന് മുകളില്‍ പ്രായക്കാരായ എല്ലാവര്‍ക്കും മെഡിക്കല്‍ ഇൻഷൂറൻസ്; പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി : രാജ്യത്തെ 70 വയസ്സിന് മുകളില്‍ പ്രായക്കാരായ മുഴുവൻ പേരെയും ആയുഷ്മാൻ ഭാരത് മെഡിക്കല്‍ ഇൻഷൂറൻസ് പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനം.സാമ്പത്തിക പശ്ചാത്തലം നോക്കാതെ 70 വയസ്സ് പിന്നിട്ട എല്ലാവർക്കും ഇൻഷൂറൻസ് ആനുകൂല്യം ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച്‌ തീരുമാനമെടുത്തത്.
ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (AB PM-JAY) പ്രകാരം ആറ് കോടി മുതിർന്ന പൗരന്മാരുള്ള 4.5 കോടി കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കുടുംബ അടിസ്ഥാനത്തില്‍ 5 ലക്ഷം രൂപയുടെ സൗജന്യ പരിരക്ഷയാണ് പദ്ധതിക്ക് കീഴില്‍ ലഭിക്കുക. നിലവില്‍ പദ്ധതിയില്‍ അംഗങ്ങളായവർക്ക് അഞ്ച് ലക്ഷം രൂപയുടെ അധിക പരിരക്ഷയും ലഭിക്കും. ഇത് കുടുംബങ്ങളുമായി പങ്കിടാനാവില്ല.

കേന്ദ്ര ഗവണ്‍മെൻ്റ് ഹെല്‍ത്ത് സ്കീം (സിജിഎച്ച്‌എസ്), എക്സ്-സർവീസ്മെൻ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്കീം (ഇസിഎച്ച്‌എസ്), ആയുഷ്മാൻ സെൻട്രല്‍ ആംഡ് പൊലീസ് ഫോഴ്സ് (സിഎപിഎഫ്) തുടങ്ങിയ മറ്റ് പബ്ലിക് ഹെല്‍ത്ത് ഇൻഷുറൻസ് സ്കീമുകളുടെ ആനുകൂല്യങ്ങള്‍ ഇതിനകം ലഭിക്കുന്ന 70 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് അവരുടെ നിലവിലുള്ള പദ്ധതിയില്‍ തുടരുകയോ എ ബി പിഎംജെവൈയിലേക്ക് മാറുകയോ ചെയ്യാം.സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് പോളിസികള്‍ക്കോ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീമിനോ കീഴിലുള്ള 70 വയസും അതില്‍ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്കും എ ബി പിഎംജെവൈ പ്രകാരം ആനുകൂല്യങ്ങള്‍ ലഭിക്കാൻ അർഹതയുണ്ടാകും.70 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാർക്കും ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം സൗജന്യ ചികിത്സ നല്‍കുമെന്ന് പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവെ രാഷ്ട്രപതി ദ്രൗപതി മുർമു പ്രഖ്യാപിച്ചിരുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *