സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് വിള്ളല്‍,എപ്പോള്‍ വേണമെങ്കിലും പൊളിഞ്ഞു വീഴാം എന്ന് പോസ്റ്റ്: യുവാവിനെതിരെ പൊലീസ് കേസ്;
അഹമ്മദാബാദ്: ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് വിള്ളല്‍ വീണ് തുടങ്ങിയെന്നും എപ്പോള്‍ വേണമെങ്കിലും പൊളിഞ്ഞു വീഴാമെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പോസ്റ്റിട്ടയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.‘RaGa4India’ എന്ന ഹാന്‍ഡിലില്‍ നിന്ന് സെപ്റ്റംബര്‍ എട്ടിന് രാവിലെ 9 .52നാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.വിള്ളലുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതിനാല്‍ എപ്പോള്‍ വേണമെങ്കിലും വീഴാം എന്നായിരുന്നു പോസ്റ്റ്. സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ നിര്‍മാണ സമയത്തെ ഒരു ചിത്രവും ഇതോടൊപ്പം പങ്കുവെച്ചെരുന്നു. നിലവില്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഭാരതീയ ന്യായ് സംഹിതയിലെ 353 (1) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് ആശങ്കയോ ഭയമോ ഉണ്ടാക്കുന്ന തരത്തില്‍ ഏതെങ്കിലും പ്രസ്താവനയോ, തെറ്റായ വിവരങ്ങളോ പ്രചരിപ്പിക്കുന്നതിനെതിരെയാണ് കേസ്. ഡെപ്യൂട്ടി കളക്ടര്‍ അഭിഷേക് രഞ്ജന്‍ സിന്‍ഹ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.നേരത്തെ, സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്കുള്ള റോഡ് തകര്‍ന്നുവെന്ന വാര്‍ത്തകളും വന്നിരുന്നു. ഗുജറാത്തിലെ വഡോദരയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള സര്‍ദാര്‍ സരോവര്‍ ഡാമില്‍ സ്ഥിതി ചെയ്യുന്ന സാധു ബെറ്റ് ദ്വീപ് എന്ന ചെറു ദ്വീപിലാണ് പ്രതിമ സ്ഥിതി ചെയ്യുന്നത്. 2018 ഒക്ടോബര്‍ 31നാണ് ഏകതാ പ്രതിമ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചത്. 2989 കോടി രൂപയ്ക്കാണ് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ നര്‍മ്മദയുടെ തീരത്ത് പണിതുയര്‍ത്തിയത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണിത്.നാല് വര്‍ഷങ്ങള്‍ കൊണ്ടാണ് പ്രതിമയുടെ പണി പൂര്‍ത്തീകരിച്ചത്. താഴെനിന്നും ഈ പ്രതിമയുടെ ആകെ ഉയരം 240 മീറ്റര്‍ ആണ്. ഇതില്‍ 182 മീറ്ററാണ് പട്ടേല്‍ ശില്പത്തിന്റെ ഉയരം.