
ഫോര്‍ട്ട്‌ഫൈഡ് അരി റേഷൻകടകള്‍ക്ക് ഭീഷണി, സമ്ബുഷ്ടീകരിച്ച റേഷനരിയെ ഉപേക്ഷിച്ച് കാര്‍ഡുടമകള്‍
കൊടുങ്ങല്ലൂർ : സമ്ബൂഷ്ടീകരിച്ചതെന്ന രീതിയില്‍ ചേർക്കുന്ന പദാർത്ഥം മൂലം റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന അരിയോട് മുഖം തിരിച്ച് കാർഡുടമകള്‍.അരിയിലെ നെല്ലും പതിരും കളയുന്നതുപോലെ മിക്കവരും അത്തരം പദാർത്ഥങ്ങള്‍ എടുത്തുകളയുകയാണ്. ചിലരാകട്ടെ അരി കഴുകുമ്ബോള്‍ പൊന്തിവരുന്ന ഫോർട്ട്‌ഫൈഡ് പദാർത്ഥം അരിക്കാടിയോടൊപ്പം പുറത്തേക്കൊഴുക്കുന്നു. നവമാദ്ധ്യമങ്ങളില്‍ ഫോർട്ട്‌ഫൈഡ് അരിക്കെതിരെ അടുത്ത കാലത്തായി നടക്കുന്ന ശക്തമായ പ്രചാരണവും ജനങ്ങളില്‍ ഭീതി കൂട്ടുന്നു. കൃത്യമമായി നിർമ്മിക്കുന്ന അരിമണി പ്ലാസ്റ്റികാണെന്നും അത് മാരക രോഗങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് പ്രചാരണം.അതേസമയം റേഷൻ സാധനങ്ങളുടെ പോഷക സുരക്ഷ ലക്ഷ്യമാക്കിയാണ് ഫോർട്ട്‌ഫൈഡ് അരി നല്‍കുന്നതെന്നാണ് അധികൃതരുടെ ഭാഷ്യം. കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ വകുപ്പും സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കിയത്. നൂറുകിലോ അരിയില്‍ രണ്ട് കിലോയാണ് ഫോർട്ട്‌ഫൈഡ് ചേർക്കുന്നത്. റേഷൻ കടകള്‍ വഴി വിതരണം ചെയ്യുന്ന ഗോതമ്ബ് ഒഴികെ എല്ലാത്തരം അരിയിലും ഫോർട്ട്‌ഫൈഡ് ചേർക്കുന്നു.വിളർച്ച, വളർച്ചക്കുറവ്, വൈറ്റമിൻ ബി കുറവ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള പരിഹാരമായ നിലയിലാണ് പോഷകാംശങ്ങള്‍ ചേർത്ത അരി റേഷൻ കടകളിലൂടെ നല്‍കുന്നത്. രക്തക്കുറവ് തടയാൻ സഹായിക്കുന്ന ഇരുമ്ബ്, ഭ്രൂണവളർച്ചയ്ക്കും രക്തം നിർമ്മിക്കപ്പെടുന്നതിനും ഫോർട്ട്‌ഫൈഡ് സഹായകമാകുമെന്നും പറയുന്നു.