
20 കിലോമീറ്റര്‍ വരെ ടോള്‍ ഇല്ല, ഫാസ്ടാഗിനു പകരം ഇനി ഒബിയു; ചട്ടങ്ങളായി
ന്യൂഡല്‍ഹി: നിർദിഷ്ട ഉപഗ്രഹധിഷ്ഠിത ടോള്‍ സംവിധാനത്തില്‍ വരുന്ന വാഹനങ്ങള്‍ക്ക് ദിവസവും 20 കിലോമീറ്റർ വരെയുള്ള യാത്രകള്‍ക്ക് ടോള്‍ ഇനി മുതല്‍ ബാധകമാവില്ല.ജിഎൻഎസ്‌എസ് (ഗ്ലോബല്‍ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം) സംവിധാനം നടപ്പാക്കുന്നതിനായി കേന്ദ്ര ഗതാഗതമന്ത്രാലയം വിജ്ഞാപനം ഇറക്കി. 2008-ലെ ദേശീയ പാത ഫീ ചട്ടത്തിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്.ടോള്‍ ബാധകമായ പാതകളിലെ നാഷണല്‍ പെർമിറ്റ് ഒഴികെയുള്ള വാഹനങ്ങള്‍ക്ക് ഒരു ദിവസം ഇരു ദിശകളിലേക്കും സഞ്ചരിക്കുന്ന ആദ്യ 20 കിലോമീറ്റർ ദൂരത്തിനാണ് ടോള്‍ ബാധകമല്ലാത്തത്. ഇത് ദിവസവും ടോള്‍ പാതയിലൂടെ ഹ്രസ്വദൂര സഞ്ചരിക്കുന്നവർക്ക് ഗുണകരമായിരിക്കും. എന്നാല്‍ 20 കിലോമീറ്ററില്‍ കൂടിയാല്‍ സഞ്ചരിച്ച മുഴുവൻ ദൂരത്തിനും ടോള്‍ ബാധകമായിരിക്കും.ഉപഗ്രഹാധിഷ്ഠിത ടോള്‍ യാത്രകള്‍ക്കായി നിലവിലെ ടോള്‍ പ്ലാസകളില്‍ പ്രത്യേക ലെയ്നുണ്ടാകും. മറ്റ് ലെയ്നുകളില്‍ നിന്ന് വ്യത്യസ്തമായി വാഹനങ്ങള്‍ തടയുന്നതിന് ബാരിക്കേഡുകള്‍ ഉണ്ടാകില്ല. ജിപിഎസ് ട്രാക്കിങ് സംവിധാനമില്ലാതെ വാഹനങ്ങള്‍ ലെയ്നില്‍ പ്രവേശിച്ചാല്‍ ടോളിന്റെ ഇരട്ടിത്തുക പിഴയായി ഈടാക്കും.നിലവില്‍ വാഹനത്തില്‍ പതിപ്പിച്ചിരിക്കുന്ന ഫാസ്ടാഗ് ആർഎഫ്‌ഐഡി ടോള്‍ ബൂത്തില്‍ സ്കാന്‍ ചെയ്താണ് ടോള്‍ പിരിവ്. എന്നാല്‍ ജിഎന്‍എസ്‌എസ് ഉപഗ്രഹ ശൃംഖലയുമായി ബന്ധിപ്പിച്ചാണ് ടോള്‍ പിരിക്കുക. അതായത് വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ ടോള്‍ ഈടാക്കാനാകും.കാറില്‍ ഘടിപ്പിക്കുന്ന സാറ്റലൈറ്റ് ട്രാക്കിങ് ഉപകരണം ഒബിയു (ഓണ്‍ ബോർഡ് യൂണിറ്റ്) ഉപയോഗിച്ചാകും പിരിവ്. ഇത് സർക്കാർ പോർട്ടലുകള്‍ വഴി ലഭ്യമാകും. വാഹനം നിശ്ചിത ദൂരം കടക്കുന്നത് ഉപഗ്രഹ മാപ്പില്‍ കാണക്കാക്കും. ഫാസ്ടാഗുകള്‍ക്ക് സമാനമായാണ് ഒബിയു വിതരണം.ഇത് റീച്ചാർജ് ചെയ്യാവുന്നതാണ്. ആദ്യ ഘട്ടത്തില്‍ വാണിജ്യവാഹനങ്ങളിലായിരിക്കും ജിഎൻഎസ്‌എസ് ഉപയോഗിക്കുക. പ്രധാന പാതയ്ക്ക് മാത്രമായിരിക്കും ടോള്‍. ടോള്‍ ബാധകമായ സഞ്ചാരപാത മാപ്പില്‍ അടയാളപ്പെടുത്തിയത് എസ്‌എംഎസ് ആയി അയച്ചു നല്‍കും. ഓടുന്ന ദൂരത്തിൻ്റെ അടിസ്ഥാനത്തില്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടില്‍ നിന്ന് ടോള്‍ ചാർജുകള്‍ കുറയ്ക്കും.