
‘ആ കസേരയില്‍ ഇരിക്കുന്നതില്‍ ഞാൻ അത്ര സന്തോഷവാൻ അല്ല’ ; ചലച്ചിത്ര അക്കാദമി താത്ക്കാലിക ചെയര്‍മാൻ പ്രേം കുമാറിന്റെ പ്രതികരണം;
ഹേമകമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദത്തില്‍ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്നും സംവിധായകൻ രഞ്ജിത്ത് രാജി വെച്ചതിനെ തുടർന്നായിരുന്നു നടൻ പ്രേം കുമാർ താത്കാലികമായി ചെയർമാൻ സ്ഥാനത്തേക്ക് എത്തിയത്.ഇപ്പോഴിതാ ചെയർമാൻ സ്ഥാനത്തേക്ക് ചുമതല ഏറ്റതിന് പിന്നാലെ പ്രതികരണം നടത്തിയിരിക്കുകയാണ് പ്രേം കുമാർ. രഞ്ജിത്തിന്റെ അവിചാരിതമായ രാജിയെത്തുടർന്ന് താത്ക്കാലികമായി ഒരു ചുമതല സർക്കാർ ഏല്‍പ്പിച്ചിരിക്കുന്നുവെന്നേയുള്ളൂ എന്നും , രഞ്ജിത്ത് നിരപരാധിത്തം തെളിയിച്ച് തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നുമാണ് പ്രേംകുമാർ വാർത്താ സമ്മേളനത്തില്‍ പറഞ്ഞത്.
അക്കാദമിയുടെ മുൻപില്‍ കുറേ പ്രോജക്റ്റുകളുണ്ടെന്ന് പ്രേംകുമാർ വ്യക്തമാക്കി. “അക്കാദമി എന്നു പറയുമ്ബോള്‍ ചലച്ചിത്ര മേളകള്‍ സംഘടിപ്പിക്കുകയോ അവാർഡ് നല്‍കുകയോ മാത്രമല്ല. അതൊന്നും പൊതുസമൂഹം അത്രയൊന്നും അറിയാറില്ല. വരും ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന പരിപാടികള്‍ക്ക് ഭഗീരഥപ്രയത്നംതന്നെ വേണ്ടിവരും. അത്ര സന്തോഷത്തോടെയല്ല ഞാൻ ഈ കസേരയില്‍ ഇരിക്കുന്നത് – പ്രേം കുമാർ പറഞ്ഞു .കൂടാതെ തന്റെ പ്രിയപ്പെട്ട സുഹൃത്താണ് രാജിവെച്ച ചെയർമാൻ രഞ്ജിതെന്നും. താൻ അദ്ദേഹവുമായി സംസാരിച്ചിരുന്നുവെന്നും പറഞ്ഞ പ്രേം കുമാർ, രഞ്ജിത്ത് നിയമപരമായ നടപടികളിലേക്ക് പോവുകയാണെന്നാണ് അറിയാൻ കഴിഞ്ഞതെന്നും, അദ്ദേഹം നിരപരാധിത്വം തെളിയിക്കുമെന്നാണ് തന്നോട് പറഞ്ഞതെന്നും കൂട്ടിച്ചേർത്തു. നിരപരാധിയാണെന്ന് തെളിയിച്ച് രഞ്ജിത്ത് തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രേംകുമാർ വിശദീകരിച്ചു.